ഗോപി സുന്ദർ

Gopi Sundar
ഗോപീ സുന്ദർ​
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 313
ആലപിച്ച ഗാനങ്ങൾ: 57

സുരേഷ് ബാബു- ലിവി ദമ്പതികളുടെ മകനായി 1977 മെയ് 30തിന് കൊച്ചിയിൽ ജനിച്ചു. സ്കൂൾ പഠനത്തിൽ പിന്നോട്ട് നിന്നെങ്കിലും തബല,കീബോർഡ് എന്നീ സംഗീത ഉപകരണങ്ങളിൽ കുട്ടിക്കാലം മുതൽ തന്നെ അസാധാരണമായ താല്പര്യം കാണിച്ചിരുന്നു. പത്താം ക്ളാസ് പൂർത്തിയാക്കാതെ സ്കൂൾ വിട്ട ഗോപിക്ക് തുണയായത് സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള തന്റെ അച്ഛന്റെ പരിചയമാണ്. ഔസേപ്പച്ചന്റെ ക്ലാസ് മേറ്റായിരുന്ന സുരേഷ് ബാബു മകൻ ഗോപിയെ ഔസേപ്പച്ചന്റെ അടുത്ത് ഏൽപ്പിച്ചു, തുടർന്ന് ഗോപി ഔസേപ്പന്റെയൊപ്പം തബലിസ്റ്റായി ജോലി ചെയ്തു.  ഓർക്കസ്ട്രേഷനിലും സംഗീത സംവിധാനത്തിലുമൊക്കെ  പരിശീലനം നേടി.  സംഗീത സംവിധായകൻ എന്നതിലുപരിയായി മ്യൂസിക് പ്രോഗ്രാമർ എന്ന നിലയിൽ അറിയപ്പെട്ട് തുടങ്ങിയ ഗോപി ബോളിവുഡിലെ വിശാൽ-ശേഖർ സഖ്യത്തിന്റെ ഹിറ്റുകളായ ഓം ശാന്തി ഓം,ബ്ലഫ് മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾക്ക് മ്യൂസിക് പ്രോഗ്രാമിംഗ് ചെയ്തിരുന്നു. രാജീവ് മേനോൻ ഉൾപ്പടെയുള്ള പ്രസിദ്ധ സംവിധായകർക്ക് വേണ്ടി പരസ്യജിഗിളുകളും കമ്പോസ് ചെയ്തു. 5000ത്തിൽപ്പരം പരസ്യജിംഗിളുകൾക്ക് ഗോപി സംഗീതം നിർവ്വഹിച്ചിട്ടുണ്ട്. 

ഉദയനാണ് താരം എന്ന ചിത്രത്തിന് പ്രോഗ്രാമിംഗ് നിർവ്വഹിച്ച പരിചയമാണ് റോഷൻ ആൻഡ്രൂസിന്റെ  അടുത്ത ചിത്രമായ നോട്ട് ബുക്കിന്റെ പശ്ചാത്തല സംഗീതമൊരുക്കാൻ ഗോപിക്ക് അവസരമൊരുക്കിയത്. തുടർന്ന് അമൽ നീരദിന്റെ  ബിഗ് ബിക്ക് വേണ്ടി പശ്ചാത്തലമൊരുക്കുകയും ചെയ്ത ഗോപി സുന്ദർ മലയാളത്തിൽ സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബി മലയിലിന്റെ മോഹൻലാൽ ചിത്രമായ ഫ്ലാഷിലാണ്. അമൽ നീരദിന്റെ തന്നെ അൻവർ എന്ന ചിത്രത്തിന് ശേഷം ഗോപിക്ക് മലയാളത്തിൽ പിൻതിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അൻവറിൽ  ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത് പുറത്തിറക്കിയ പാട്ടുകൾ മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളായി മാറിയിരുന്നു. പുത്തൻ തലമുറ ചിത്രങ്ങളിൽ ചടുലതയാർന്ന പശ്ചാത്തല സംഗീതമൊരുക്കി ഏറെ ശ്രദ്ധ നേടിയ ഗോപി സുന്ദർ ചെന്നയിൽ ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പം താമസിക്കുന്നു.