രാജസേനൻ

Rajasenan
Rajsenan-Director
സംഗീതം നല്കിയ ഗാനങ്ങൾ: 10
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 38
കഥ: 13
സംഭാഷണം: 7
തിരക്കഥ: 10

ചലച്ചിത്ര സംവിധായകൻ.  1958 മെയിൽ തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ മരുതൂർ അപ്പുക്കുട്ടൻ നായർ, അമ്മ രാധാമണിയമ്മ. 1982-ൽ മരുപ്പച്ച എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. തുടർന്ന് ചില ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച രാജസേനൻ 1984-ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പാവം ക്രൂരൻ ആയിരുന്നു രാജസേനൻ സംവിധാനം ചെയ്ത ആദ്യ സിനിമ. തുടർന്ന് നാല്പതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. തൊണ്ണൂറുകളിലെ ഒരു ഹിറ്റ്മേക്കറായിരുന്ന രാജസേനൻ ചിത്രങ്ങളിൽ കൂടുതലും നായകൻ ജയറാമായിരുന്നു. ജയറാം - രാജസേനൻ കൂട്ടുകെട്ടിൽ പതിഞ്ചോളം ഹിറ്റ് ചിത്രങ്ങൾ പിറന്നു. മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ എന്നിവ ആ കൂട്ടുകെട്ടിൽ പിറന്ന വലിയ വിജയം നേടിയ ചിത്രങ്ങളാണ്. രാജസേനൻ സംവിധാനം ചെയ്ത സിനിമകളിൽ പത്തിലധികം സിനിമകൾക്ക് അദ്ദേഹം തന്നെയാണ് കഥ, തിരക്കഥ,സംഭാഷണം രചിച്ചത്. നല്ലൊരു ഗായകനും സംഗീത സംവിധായകനും കൂടിയാണ് രാജസേനൻ. നാല് സിനിമകളിലായി എട്ട് ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്.

അഭിനേതാവുകൂടിയായ രാജസേനൻ, താൻ സംവിധാനം ചെയ്ത ചിത്രങ്ങളടക്കം പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിയ്ക്കുന്നുണ്ട്. ടിവിചാനലുകളിലെ സംഗീതപരിപാടികളിൽ അവതാരകനായും പങ്കെടുത്തിട്ടുണ്ട്. സിനിമയോടൊപ്പം രാഷ്ട്രീയപ്രവർത്തനവും തുടങ്ങിയ രാജസേനൻ 2016-ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു.

രാജസേനന്റെ ഭാര്യ ശ്രീലത. മകൾ ദേവിക.