സി ഒ ആന്റോ

C O Anto
Date of Death: 
Saturday, 24 February, 2001
ആലപിച്ച ഗാനങ്ങൾ: 175

കൊച്ചിയിലെ കൊമ്പറമുക്കിൽ ജനനം. ജന്മനാ സംഗീതം വഴങ്ങിയിരുന്ന ആന്റോ പക്ഷേ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. വീട്ടിലെ ദാരിദ്യ്രം എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിക്കുവാൻ കാരണമായി. ആന്റോയുടെ പാടാനുള്ള കഴിവ് മനസിലാക്കിയ ഇടവക വികാരി അവനെ പള്ളിയിലെ ഗായകസംഘത്തില്‍ ചേര്‍ത്തു. പള്ളി കുർബാനയിൽ ആന്റോയുടെ പാട്ട് കേട്ട മേനക തീയേറ്റർ മാനേജര്‍ ഡേവിഡ്, അവനെ കുറിച്ച് അന്വേഷിക്കുകയും, അവനെ സഹായിക്കാനായി തീയേറ്റരിനുള്ളിൽ പാട്ടുപുസ്തകം വില്‍ക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു. അതിനു ശേഷം എറണാകുളം മേനക തിയേറ്ററില്‍ പാട്ടുപുസ്തകം വിറ്റായിരുന്നു ആന്റോ നിത്യചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. പാട്ട് പുസ്തകം വിൽക്കുന്നതിനോടൊപ്പം അതിലെ ഗാനങ്ങൾ പഠിച്ചു തുടങ്ങിയ ആന്റോ സുഹൃത്തുക്കൾക്കിടയിൽ ഒരു നല്ല ഗായകനെന്ന പേരെടുത്തു. അവരുടെ നിർദ്ദേശപ്രകാരം ആന്റോ എറണാകുളം താന്‍സന്‍ മ്യൂസിക് ക്ലബില്‍ ചേര്‍ന്നു. വരുമാനം മാർഗം നിലച്ചതോടെ വീട്ടിൽ പോകാതെ ആന്റോ ക്ലബ്ബിൽ തന്നെ താമസിച്ചു. 'ജീവിതം അവസാനിക്കുന്നില്ല' എന്ന തന്റെ നാടകത്തില്‍ പാടാന്‍ ഒരു ഗായകനെ അന്വേഷിച്ച് ഏരൂര്‍ വാസുദേവ് ആ ക്ലബ്ബിൽ എത്തിയത് ആന്റോയുടെ ജീവിതത്തിലെ വഴിത്തിരിവായി. ക്ലബ് ഭാരവാഹികള്‍ ആന്റോയെ വാസുദേവിന് പരിചയപ്പെടുത്തിക്കൊടുത്തു. നാടകത്തിൽ പാടി തുടങ്ങിയതോടെ അത് ഒരു സ്ഥിരം വരുമാനമാർഗ്ഗമായി. ആ നാടക സമിതി പിളർന്ന്, പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ ആസാദ് ക്ലബ് രൂപീകരിച്ചപ്പോൾ ആന്റോ, പി ജെക്കൊപ്പം കൂടി. അവരുടെ ആദ്യനാടകം 'മുന്തിരിച്ചാറില്‍ കുറെ കണ്ണീര്‍' ഇറങ്ങിയപ്പോള്‍ അതിൽ ആന്റോ പാടി. അതോടെ ഒരു നാടക ഗായകനായി ആന്റോ അറിയപ്പെടാൻ തുടങ്ങി. ആസാദ് ക്ലബ്ബിനു പുറമേ കൊല്ലം കാളിദാസ കലാകേന്ദ്രം, ജ്യോതി തിയേറ്റേഴ്സ്, ചെറുകാടിന്റെ തൃശൂർ കേരള കലാവേദി തുടങ്ങി നിരവധി നാടക സമിതികളിൽ സഹകരിച്ചു. കാളിദാസ കലാകേന്ദ്രത്തിന്റെ ഡോക്ടര്‍ എന്ന നാടകത്തിലൂടെ ദേവരാജന്‍ മാഷാണ് ആന്റോയെ പ്രൊഫഷണൽ നാടക രംഗത്തിനു പരിചയപ്പെടുത്തിയത്.

ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിലെ പാട്ട് അദ്ദേഹത്തെ സിനിമയിലും എത്തിച്ചു. മദ്രാസില്‍ നാടകം കാണാനിടയായ വെണ്ണിലാ പിക്‌ചേഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ തങ്ങളുടെ പുതിയ പടത്തിലേക്ക് പാടാന്‍ ആന്റോയെ ക്ഷണിച്ചു. ഒരു ഞെട്ടിൽ ഇരു പൂക്കൾ എന്ന സിനിമക്ക് വേണ്ടി ദക്ഷിണാമൂർത്തി സ്വാമികളുടെ സംഗീതത്തിലായിരുന്നു ആദ്യ ഗാനങ്ങൾ. അതിലെ പി. ലീലയോടൊപ്പമുള്ള യുഗ്മഗാനം പാടുവാനായി മദ്രാസിൽ താമസിക്കുന്നതിനിടയിൽ, കൊളമ്പിയ കമ്പനിയുടെ മാനേജര്‍ കണ്ണന്‍ കമ്പിനിക്കായി പാടുവാൻ അദ്ദേഹത്തെ ക്ഷണിക്കുന്നു. കെടാമംഗലം സദാനന്ദനെഴുതിയ രണ്ടു ഗാനങ്ങള്‍ ഈണമിടാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. ഒരു ഞെട്ടിൽ ഇരു പൂക്കൾ എന്ന സിനിമയിലാണ് ആന്റോ ആദ്യമായി പാടുന്നതെങ്കിലും ഈ ചിത്രം റിലീസായില്ല. പുറത്തു വന്ന ആന്റോയുടെ ആദ്യഗാനം കടലമ്മയിലെ ആണ്. ആന്റോ ഗ്രേസിയോടൊത്ത് പാടിയ “കടത്തുകാരിപ്പെണ്ണേ ഞാനൊന്നടുത്തിരുന്നോട്ടേ" എന്ന ഗാനം ഒരു കാലത്ത് റേഡിയോ പ്രക്ഷേപണം ചെയ്യുന്നതിൽ നിരോധനമുണ്ടായിരുന്നു. അശ്ലീലാതിപ്രസരമുള്ള ഈ ഗാനം അക്കാലത്തെ ഹിറ്റുകളിലൊന്നായിരുന്നു. അസുഖബാധിതനായി നീണ്ട കാലം കഴിച്ചു കൂട്ടിയ ആന്റോ, 2001 ഫെബ്രുവരി 24 ന് ചെന്നൈയിൽ വച്ച് അന്തരിച്ചു.

ഭാര്യ: മേരി, മക്കൾ - ത്രേസ്യ, ആന്റണി, സംഗീത

അവലംബം: മംഗളത്തിൽ വന്ന ലേഖനം