ശ്രീമൂലനഗരം വിജയൻ
എറണാകുളം അങ്കമാലി ശ്രീമൂലനഗരത്തിൽ വിദ്വാൻ കെ. ആർ. വി. പണിക്കരുടേയും ലക്ഷ്മിയമ്മയുടേയും പുത്രനായി 1938 ജൂൺ 10 ആം തിയതി ശ്രീമൂലനഗരം വിജയൻ ജനിച്ചു. ഹൈസ്കൂളിലെ നാടകങ്ങളില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ നാടകപ്രേമം പിന്നീട് രചനകളിലേക്ക് വഴിമാറുകയായിരുന്നു. പറവൂര്‍ ഭാനുവെന്ന നാടകകാരനായിരുന്നു അദ്ദേഹത്തെ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് പി ജെ ആന്റണിക്കൊപ്പം നിരവധി സ്റ്റേജുകളില്‍ അഭിനയിച്ച അദ്ദേഹം 1964 ൽ പുറത്തിറങ്ങിയ കെ.എസ്. സേതുമാധവന്റെ കുടുംബിനി എന്ന ചലച്ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്കും പ്രവേശിച്ചു. എണ്ണായിരത്തിലേറെ സ്റ്റേജുകളിൽ അരങ്ങുനിറഞ്ഞു നിന്ന കലാകാരനായ അദ്ദേഹം ഒട്ടേറെ റേഡിയോ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തു. ഒഥല്ലോയിലെ ഒഥല്ലോയും/കലിദ്ര്യുമത്തിന്റെ കഥകളിയാശാനും പ്രസിദ്ധമാണ്. കൽപാന്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ...മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒരൊറ്റ മധുര ഗാനംകൊണ്ടുതന്നെ മലയാള സിനിമാ ഗാന രംഗത്തെ നിറസാന്നിധ്യമായ രചയിതാവാണദ്ദേഹം. അച്ഛനും ബാപ്പയും/യത്തീം/ഒരാൾ കൂടി കള്ളനായി/പത്മതീർഥം/ഭൂമിയിലെ മാലാഖ/ പിക്നിക്/അഷ്ടപദി തുടങ്ങി 62 ലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും 28 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ചെയ്തു. പഞ്ചതന്ത്രം/പത്മതീർഥം എന്നീ സിനിമകൾക്കു തിരക്കഥയും പോർട്ടർ കുഞ്ഞാലി/ഭൂമിയിലെ മാലാഖ എന്നിവയിൽ പാട്ടുകളുമെഴുതിയ അദ്ദേഹം ഒരാൾ കൂടി കള്ളനായി സിനിമയിലൂടെ സംഗീതസംവിധാനയകനുമായി. നാടകങ്ങൾ ഇബിലീസിന്റെ ശർറ്/തുളസിത്തറ/ മുക്കുവനും ഭൂതവും/സാഗരം/വിഷുപ്പക്ഷി/ സൂര്യപുത്രി/കാഴ്ചശ്ശീവേലി/കളരി/ സഹസ്രയോഗം/വിളക്കുകടം/പത്തുസെന്റ്/ സമുദ്രം/ജ്വാലാമുഖി/സമാസം/യുദ്ധഭൂമി/ അന്വേഷണം/അത്താഴവിരുന്ന്/നാലമ്പലം/ കൃഷ്ണമൃഗം/ശുദ്ധിക്കലശം/കസേരകേളി/ അനുഗ്രഹം/കല്പാന്തകാലത്തോളം/തടാകം എന്നിങ്ങനെ വേദികളില്‍നിന്ന് വേദികളിലേക്ക് വിജയയാത്ര നടത്തിയ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. 1959 ലെ അഖിലകേരള നാടകോത്സവത്തിൽ നല്ല നടനുളള സ്വർണ്ണമുദ്ര/1970 ൽ കേരള സംഗീത നാടക അക്കാദമി നാടകമത്സരത്തിൽ നല്ല ഹാസ്യനടനുളള സ്വർണ്ണമെഡൽ/ 1960 ൽ അഖില കേരള നാടകോത്സവത്തിൽ നല്ല നടനുളള അവാർഡ്/1962 ൽ കേരള നാടകോത്സവത്തിൽ നല്ല നടനും സംവിധായകനുമുളള അവാർഡ്/1968 ൽ കേരള നാടകോത്സവത്തിൽ നല്ല സംവിധായകനുളള അവാർഡ്/1971 ൽ കേരള സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ നല്ല നടനുളള അവാർഡ്/1972-ലെ മദ്രാസ് ഫിലിം ഫാൻസ് അസോസിയേഷന്റെ സ്വഭാവനടനുളള അവാർഡ്/ 1972 ൽ മദ്രാസിൽ നടന്ന നാടകമത്സരത്തിൽ നല്ല നടനുളള റീജിയണൽ അവാർഡ്/1984 ൽ കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ നല്ല നടനുളള പി. കൃഷ്ണപിളള മെമ്മോറിയൽ അവാർഡ്/1984-85 ലെ സംഗീതനാടക അക്കാദമിയുടെ കലാരംഗത്തെ മികച്ച സേവനങ്ങൾക്കുളള പ്രത്യേക പുരസ്കാരം/1993 ൽ മരണാനന്തരം ലഭിച്ച ഏറ്റവും നല്ല നാടകകൃത്തിനുളള കെ.സി.ബി.സി.യുടെ അവാർഡ് എന്നിങ്ങനെ അദ്ദേഹത്തിനായി ലഭിച്ച പുരസ്കാരങ്ങളുടെ നീണ്ട ഒരു നിര തന്നെയുണ്ട്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 25 വര്‍ഷത്തോളം നീളുന്ന സിനിമാ ജീവിതം അവസാനിപ്പിച്ച് മദ്രാസിനോട് വിടപറഞ്ഞ വിജയന് നാട്ടില്‍ തിരിച്ചെത്തിയശേഷവും നാടകരചനയും ലേഖനമെഴുത്തും മറ്റുമായി അവസാനംവരെ സജീവമായിരുന്നു. നടന്/നാടകകൃത്ത്/കഥാകാരന്/ തിരക്കഥാകൃത്ത്/ഗാനരചയിതാവ്/ചലച്ചിത്ര സംവിധായകന്/കാര്‍ട്ടൂണിസ്റ്റ്/നോവലിസ്റ്റ് എന്നിങ്ങനെയുള്ള വിവിധമേഖലകളിൽ കൈയൊപ്പ് ചാർത്തിയ അദ്ദേഹം 1992 മെയ് 22 ആം തിയതി അന്തരിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ദുഷിച്ച സാമൂഹ്യവ്യവസ്ഥിതികള്‍ക്കുമെതിരെ നാടകത്തിലൂടെ നിരന്തരം കലഹിച്ച അദ്ദേഹം മരിക്കുന്നതിന് അല്പകാലം മുമ്പെഴുതിയ 'സമാസ'മെന്ന നാടകം മകനും ഡോക്യുമെന്ററി/ നാടക സംവിധായകനുമായ ശ്രീമൂലനഗരം പൊന്നൻ റേഡിയോ നാടകമായി രൂപാന്തരപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്.