പി ചന്ദ്രകുമാർ

Name in English: 
P Chandrakumar

മലയാള ചലച്ചിത്ര സംവിധായകൻ. പി ചന്ദ്രകുമാർ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. അച്ഛൻ കുമാരൻ നായർ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനോടൊപ്പം അദ്ദേഹം ഒരു വിഷവൈദ്യൻ കൂടിയായിരുന്നു. അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ ചന്ദ്രകുമാർ കുറച്ചുകാലം വിഷചികിത്സ നടത്തിയിരുന്നു. പതിനാലു വയസ്സു പ്രായമേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ..  അദ്ദേഹം കഥകളി പഠിയ്ക്കുകയും കൊല്ലങ്കോട് കൊട്ടാരത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് മുന്നിൽ അവതരിപ്പിയ്ക്കുകയും ചെയ്തിരുന്നു. വാസു ഫിലിംസ് കമ്പനി,വാസു സ്റ്റുഡിയോ എന്നിവയുടെ ഉടമയായിരുന്ന വാസുമേനോൻ ഒരിയ്ക്കൽ പാമ്പുകടിയേറ്റ് ചന്ദ്രകുമാറിന്റെ അടുത്ത് ചികിത്സ നേടിയിരുന്നു. ചന്ദ്രകുമാർ ഒരു കഥകളി നടൻ കൂടിയാണെന്ന് മനസ്സിലാക്കിയ വാസു മേനോൻ അദ്ദേഹത്തെ സിനിമയിലേയ്ക്ക് ക്ഷണിച്ചു. അത് ചന്ദ്രകുമാറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറി.

പി ഭാസ്ക്കരൻ സംവിധാനം ചെയ്ത ഉമ്മാച്ചു എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സംവിധായകനായി 1971-ലായിരുന്നു ചന്ദ്രകുമാറിന്റെ തുടക്കം. തുടർന്ന് വിവിധ സിനിമകളിലായി 13 സംവിധായകരുടെ കീഴിൽ വർക്ക് ചെയ്തു. 1977-ൽ മനസ്സൊരു മയിൽ എന്ന ചിത്രത്തിലൂടെ പി ചന്ദ്രകുമാർ സ്വതന്ത്ര സംവിധായകനായി. രണ്ടാമത്തെ സിനിമ മധു നായകനായ ജലതരംഗം ആയിരുന്നു. ചന്ദ്രകുമാറിന്റെ മൂന്നാമത്തെ സിനിമ, മധുവിന്റെ ഉമ സ്റ്റുഡിയോ നിർമ്മിച്ച അസ്തമയം വലിയ വിജയം നേടി. ഉമ്മാച്ചു എന്ന സിനിമമുതൽ മധുവുമായി ചന്ദ്രകുമാർ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ചന്ദ്രകുമാർ സംവിധാനം ചെയ്ത 29 സിനിമകളിൽ മധു അഭിനയിയ്ക്കുകയും 6 സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തു.

ചന്ദ്രകുമാർ 1980-ൽ ഇംഗ്ലീഷ് സിനിമകൾ വിതരണം ചെയ്യുന്നതിനുള്ള ഒരു കമ്പനി സ്ഥാപിച്ചു. 1988-ൽ ചന്ദ്രകുമാർ ബൈബിൾ കഥയെ അടിസ്ഥാനമാക്കി ആദിപാപം എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമാണ് ആദിപാപം. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സോഫ്റ്റ്പോൺ സിനിമയാണ് ആദ്യപാപം. സംവിധാനം കൂടാതെ നിരവധി സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ എന്നിവ രചിച്ചിട്ടുണ്ട്. പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്. പി ചന്ദ്രകുമാറിന്റെ അനുജനാണ് പ്രശസ്ത ഛായാഗ്രാഹകനും അഭിനേതാവും സംവിധായകനുമായ പി സുകുമാർ.

ചന്ദ്രകുമാറിന്റെ ഭാര്യയുടെ പേര് ജയന്തി. രണ്ടു മക്കൾ കിരൺകുമാർ,കരിഷ്മ.