ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു
ഹൃദയത്തിൽ തകരാറുള്ള ഒരു യുവതിയ്ക്ക് മരിച്ചുപോയ മറ്റൊരു യുവതിയുടെ ഹൃദയം അവളുടെ ഭർത്താവിന്റെ സമ്മതത്തോടെ മാറ്റിവെക്കുന്നു. അതിനു ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന വികാരഭരിതമായ മുഹൂർത്തങ്ങളാണ് കഥാതന്തു.
Actors & Characters
Actors | Character |
---|---|
പ്രകാശ് | |
വേണുഗോപാലൻ | |
രാമകൃഷ്ണൻ | |
സുലോചന | |
സുവർണ | |
ശ്രീധരമേനോൻ | |
പ്രകാശിന്റെ അമ്മ ദേവകിയമ്മ | |
സുലോചനയുടെ അമ്മ | |
ഗർഭിണി | |
കുറുപ്പ് | |
ഗോപാലൻ |
Main Crew
കഥ സംഗ്രഹം
ചിത്രത്തിന്റെ കഥ ഫ്ലാഷ്ബാക്കിലൂടെയാണ് പറയപ്പെട്ടിട്ടുള്ളത്. അമ്പല പരിസരത്തു നിൽക്കുന്ന സുലോചനയെക്കണ്ടു (ജയഭാരതി) പേടിച്ചു പ്രേതം, പ്രേതം എന്ന് നിലവിളിച്ചു കൊണ്ട് മനസ്സിന്റെ സമനില തെറ്റിയ വേണുഗോപാൽ (രാഘവൻ) ഓടിച്ചെന്നു കയറുന്നത് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ഹോസ്പിറ്റലിലേക്കാണ്. അദ്ദേഹത്തെക്കുറിച്ചു അന്വേഷിക്കുന്ന ഒരു ഡോക്ടറോട് അവിടുത്തെ പ്രധാന ഡോക്ടർ (തിക്കുറിശ്ശി), രാഘവനെക്കുറിച്ച് അറിയണമെങ്കിൽ പ്രശസ്ത എസ്റ്റേറ്റ് ഉടമയായ പ്രകാശിൽ (പ്രേംനസീർ) നിന്നും തുടങ്ങണം എന്ന് പറഞ്ഞ് കഥ പറഞ്ഞു തുടങ്ങുന്നു.
ധനികനും, എസ്റ്റേറ്റ് ഉടമയുമായ പ്രകാശ് സുലോചനയെ വിവാഹം കഴിച്ചിട്ട് അധിക നാളുകൾ ആയിട്ടില്ല. ഒരു ഉല്ലാസ യാത്ര കഴിഞ്ഞു കാറിൽ മടങ്ങുമ്പോൾ അവർ ഒരു ചെറിയ ആക്സിഡന്റിൽ പെടുന്നു. അതിന്റെ ആഘാതത്തിൽ കുഴഞ്ഞു വീഴുന്ന സുലോചനയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു. അവരെ ചികിത്സിക്കുന്ന പ്രധാന ഡോക്ടർ പ്രകാശനോട് ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുന്നു - സുലോചനയുടെ ഹൃദയം ജന്മനാ ദുർബലമാണ്. അത് നിമിത്തം അവർക്കു ഹാർട് അറ്റാക് ആണ് സംഭവിച്ചിരിക്കുന്നത്, അതും രണ്ടാമത്തേത്. ആദ്യത്തേത് എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ച് അവർക്കോ, സുലോചനയുടെ വീട്ടുകാർക്കോ യാതൊരു അറിവും ഇല്ല. മൂന്നാമത്തെ അറ്റാക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നും, അത് തടയാൻ ഒരേ ഒരു മാർഗ്ഗമേയുള്ളു എന്നും ഡോക്ടർ പറയുന്നു. അതായത് അതിനുള്ള ഏക പരിഹാരം ഹൃദയം മാറ്റിവെക്കലാണ് (heart transplant). എന്ത് ചെയ്യണമെന്നറിയാതെ പ്രകാശ് വിഷമിച്ചിരിക്കുന്നു. അദ്ദേഹത്തെ സാന്ത്വനിപ്പിച്ചുകൊണ്ടു ഡോക്ടർ പറയുന്നു - വിഷമിക്കേണ്ട കാര്യമൊന്നുമില്ല, വിദേശത്തു ഇത് പോലെ പല ശസ്ത്രക്രിയകൾ ചെയ്തു വിജയം കൈവരിച്ചിരിക്കുന്നു. ഞാൻ അമേരിക്കയിൽ ആയിരുന്നപ്പോൾ ഇത് പോലെ കുറച്ചു ശസ്ത്രക്രിയകൾ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. ധൈര്യമായിട്ടിരിക്കു, എല്ലാം ഞാൻ ഭംഗിയായി നടത്തിത്തരാം. ഇനി നോക്കേണ്ടത് ഹൃദയം ദാനമായി നൽകാൻ കഴിയുന്ന വ്യക്തിയെയാണ്. അത് കിട്ടിക്കഴിഞ്ഞാൽ, ഭാര്യയുടെ സമ്മതത്തോടെ ഹൃദയം മാറ്റി വെക്കാം.
രോഗിയായ മകളെ തന്റെ മകന്റെ തലയിൽ കെട്ടിവെച്ചു എന്ന് പറഞ്ഞു പ്രകാശന്റെ അമ്മ ദേവകിയമ്മ (ടി.ആർ.ഓമന) വിലപിക്കുന്നു. ഈ ശാസ്ത്രക്രിയയോടും അവർക്കു യോജിപ്പില്ല. മറിച്ച്, സുലോചനയെ വിവാഹമോചനം ചെയ്തു മറ്റൊരു വിവാഹം ചെയ്യാൻ അവർ മകനെ പ്രേരിപ്പിക്കുന്നു. പ്രകാശ് അവരുമായി വഴക്കിടുന്നു. എന്ത് വന്നാലും താൻ സുലോചനയെ വിവാഹമോചനം ചെയ്യില്ലെന്നും, ശസ്ത്രക്രിയ നടത്തിയേ തീരു എന്നും തീർത്തു പറയുന്നു. സുലോചന ആകെ തകർന്നു പോവുന്നു. ശസ്ത്രക്രിയ വേണ്ടെന്നും, ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയേക്കാം, നിങ്ങൾ വേറൊരു വിവാഹം ചെയ്തു സന്തോഷമായി ജീവിക്കു എന്നും പറയുന്നു. നസീർ അവളെ സമാധാനിപ്പിച്ച്, പേടിക്കാനില്ലെന്നും, ശസ്ത്രക്രിയ വിജയകരമായി നടത്തിത്തരാം എന്ന് ഡോക്ടർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു അവളെ ശസ്ത്രക്രിയക്കായി വഴങ്ങിപ്പിക്കുന്നു.
ഒരു കലാപരിപാടിക്കിടയിൽ അപകടത്തിൽ പെട്ട് മരണപ്പെട്ട സുവർണ്ണ (ഉഷാകുമാരി) എന്നൊരു നർത്തകിയുടെ ഹൃദയം ദാനമായി നൽകാൻ അവളുടെ ഭർത്താവ് വേണുഗോപാൽ (രാഘവൻ) സമ്മതം എഴുതി തന്നിട്ടുണ്ടെന്നും, പെട്ടെന്ന് തന്നെ ഭാര്യയേയും കൂട്ടി ഹോസ്പിറ്റലിൽ എത്തണം എന്നും ഡോക്ടർ പ്രകാശിനെ ഫോൺ വഴി വിളിച്ചറിയിക്കുന്നു. ഭാര്യയേയും കൂട്ടി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവിടെ അവളുടെ അമ്മ അവളോട് പറയുന്നു "നിനക്കിങ്ങനെ വന്നല്ലോ മോളേ", അതിനു അവൾ മറുപടിയായി "എനിക്കൊരാപത്തും വരില്ലെന്ന് എന്റെ ചേട്ടൻ പറയുന്നു, അതിൽക്കൂടുതൽ ഒരു ഉറപ്പു എനിക്കാവശ്യമില്ല" എന്ന് പറഞ്ഞു കൊണ്ട് അവർ ഓപ്പറേഷൻ തിയറ്ററിലേക്ക് പോവുന്നു. വിജയകരമായി ശസ്ത്രക്രിയ നടന്ന ശേഷം ആരോഗ്യവതിയായി അവൾ വീട്ടിലേക്കു മടങ്ങുന്നു. വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് അവർ വേണുഗോപാലിനെക്കണ്ട് അദ്ദേഹം ചെയ്ത ഉപകാരത്തിന് നന്ദി അറിയിക്കാൻ മറക്കുന്നില്ല.
വേണുഗോപാൽ ഭാര്യയുടെ വിയോഗത്തിന്റെ ദുഃഖത്തിൽ നിന്നും കരകയറാൻ കഴിയാതെ ഉഴലുന്നു, അനുനിമിഷവും അയാളെ സുവർണ്ണയുടെ ഓർമ്മകൾ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം സുവർണ്ണക്ക് വേണ്ടി വാങ്ങിച്ച്, അവൾ ഉടുക്കാതെ വെച്ചിരുന്ന സാരിയുമായി അയാൾ പ്രകാശന്റെ ഭവനത്തിൽ വരുന്നു. അവിടെ തന്റെ ഭാര്യയുടെ ഹൃദയവും പേറി നിൽക്കുന്ന സുലോചനയെ കണ്ടതും അയാൾ വികാരാതീതനാവുന്നു. സുലോചനയിൽ അയാൾ സ്വന്തം ഭാര്യയെയാണ് കാണുന്നത്. ഭാര്യയും താനുമൊത്തു ജീവിച്ച സുന്ദരമായ ആ ഹ്രസ്വകാലത്തെ കുറിച്ച് അയാൾ പ്രകാശനോട് കരഞ്ഞു കൊണ്ട് പറയുന്നു. സുലോചന അത് വളരെ വിഷമത്തോടുകൂടി കേട്ട് നിൽക്കുന്നു. തിരിച്ചു പോവുമ്പോൾ അയാൾ ഭാര്യക്ക് വേണ്ടി വാങ്ങിച്ചു അവൾ ഉടുക്കാതെ പോയ ആ സാരി സുലോചനയ്ക്ക് സമ്മാനമായി നൽകുന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം പതിവുപോലെ പരിചയക്കാരനായ കുറുപ്പ് (ശങ്കരാടി) പ്രകാശന്റെ വീട്ടിലോട്ടു കേറിവരുന്നു. പരദൂഷണവും, കുടുംബംകലക്കലുമാണ് പുള്ളിയുടെ പ്രധാന പരിപാടി. സംസാരത്തിനിടയിൽ അദ്ദേഹം പറയുന്നു - നമ്മുടെ മതത്തിനും, ആചാരങ്ങൾക്കും വിരുദ്ധമായാണല്ലോ മരുമകൾക്ക് ഹൃദയം മാറ്റിവെച്ചിരിക്കുന്നത്. ശരീരം മരിച്ചു പോയെങ്കിലും ഹൃദയം മരിക്കാത്തതു (ഹൃദയസ്പന്ദനം നിലക്കാത്തതു) കൊണ്ടല്ലേ ഹൃദയം മാറ്റി വെക്കാൻ കഴിഞ്ഞത്. ഹൃദയം മരിക്കാത്ത (ഹൃദയ സ്പന്ദനം നിലക്കാത്ത) ഒരാളെ എങ്ങിനെ മരിച്ചു എന്ന് പറയാൻ കഴിയും? അവരുടെ ആത്മാവ് അതിൽ നിന്നും വിട്ടു പോയാലല്ലേ ആ ജീവന് മോക്ഷം കിട്ടു? ഇതിപ്പോ ഹൃദയം മാറ്റി വെച്ചത് കൊണ്ട് ആ ആത്മാവിനു ഈ ഹൃദയം വിട്ടു പോവാനും പറ്റില്ല, ഹൃദയം മറ്റൊരാളുടെ ശരീരത്തിലായതു കൊണ്ട് അതിലോട്ടു പ്രവേശിക്കാനും കഴിയില്ല. അതിനാൽ ആ ആത്മാവ് ഗതികിട്ടാതെ അങ്ങിനെ വട്ടം ചുറ്റിക്കൊണ്ടിരിക്കില്ലേ? എന്ന്. ഇത് കേട്ട് നിൽക്കുന്ന സുലോചന അസ്വസ്ഥതയോടെ അകത്തേക്ക് പോവുന്നു. ആ സമയത്തു അങ്ങോട്ട് കേറി വരുന്ന പ്രകാശ് കുറുപ്പിന്റെ ഭാഷണം കേട്ട് കുപിതനായി അയാളെ അവിടെ നിന്നും ആട്ടിപ്പായിക്കുന്നു.
ഭയഭീതിതയായി കഴിയുന്ന സുലോചനയ്ക്ക് രാത്രികളിൽ ഹൃദയം ദാനമായി നൽകിയ സ്ത്രീയുടെ പ്രേതം ആ പരിസരത്തു അലഞ്ഞു തിരിയുന്നത് പോലൊരു ഭ്രമം തോന്നുന്നു. അവളെ പരിശോധിച്ച ഡോക്ടർ, അവൾ കുറുപ്പ് പറഞ്ഞത് വിശ്വസിച്ചു പേടിച്ചു നിൽക്കുന്നത് കൊണ്ടാണ് അങ്ങിനെ തോന്നാൻ കാരണമെന്നും, അവളെയും കൂട്ടി കുറച്ചു ദിവസം ഉല്ലാസയാത്രക്ക് പോയിവന്നാൽ അതിനൊരു അറുതി വരുമെന്നും പ്രകാശനോട് ഉപദേശിക്കുന്നു. ആ ഉപദേശം മാനിച്ചു അവർ ഉല്ലാസയാത്രക്ക് പോവുന്നു. പക്ഷെ, ഉല്ലാസയാത്ര കഴിഞ്ഞു മടങ്ങിയിട്ടും സുലോചനയുടെ ഭീതി വിട്ടുമാറുന്ന ലക്ഷണമില്ല. അതിനാൽ ഒരു തന്ത്രിയെ വിളിച്ചു ഏലസ്സ് മന്ത്രിച്ചു കെട്ടുന്നു. മരിച്ചു പോയ സ്ത്രീയുടെ ആ പുടവ വീട്ടിലുള്ളത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് പറഞ്ഞു പ്രകാശിന്റെ അമ്മ അത് കീറി വലിച്ചെറിയുന്നു. ആ സന്ദർഭത്തിൽ വേണുഗോപാൽ അവിടേക്കു വരുന്നു. അയാൾ വേദനയോടെ അവരോടു പറയുന്നു - ഇത്രയ്ക്കും വേണ്ടായിരുന്നു, നിങ്ങൾക്കിത് വേണ്ടാമായിരുന്നെങ്കിൽ അതങ്ങു തിരികെ തന്നാൽ മതിയായിരുന്നല്ലോ. അയാളോട് നീരസത്തോടുകൂടി സംസാരിക്കുന്നതിനിടയിൽ പ്രകാശിന്റെ അമ്മ പറയുന്നു - നിങ്ങളിനി ഇവിടെ വരരുത്. അത് കേട്ട് ദുഃഖിതനായി വേണുഗോപാൽ പറയുന്നു, എന്റെ ഭാര്യയെ എനിക്ക് നഷ്ടപ്പെട്ടെങ്കിലും അവളുടെ ഹൃദയം എങ്കിലും മറ്റൊരാളുടെ ശരീരത്തിൽ ജീവനോടെയുണ്ടല്ലോ എന്ന് കണ്ടു ആശ്വസിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇവിടെ വരുന്നത് എന്ന്. അതിനു മറുപടിയായി ആ അമ്മ പറയുന്നു - ആ ഹൃദയത്തോടൊപ്പം നിങ്ങളുടെ ഭാര്യയുടെ പ്രേതവും ഇവിടെ നിന്ന് മാറുന്നില്ല, അതിനാൽ ഞങ്ങൾ അനുഭവിക്കുന്ന ദുരിതം നിങ്ങൾക്കറിയാമോ എന്ന്.
ഇത് കേട്ട് വിഷമത്തോടെ വേണുഗോപാൽ നേരെ ഡോക്ടറെക്കണ്ട് “നിങ്ങൾ ഒരുപാട് കേണപേക്ഷിച്ചതുകൊണ്ടാണ് ഞാൻ ഹൃദയം മാറ്റി വെക്കാൻ സമ്മതിച്ചത്. ഇപ്പോൾ ഇതാ എന്റെ ഭാര്യയുടെ ആത്മാവ് ഗതി കിട്ടാത്ത പ്രേതമായി അലഞ്ഞു തിരിയുന്നു. അവൾക്കു മോചനം നൽകാൻ എനിക്കൊരു വഴി കാണിച്ചു തരു” എന്ന് ദയനീയതയോടെയും, ഭീഷണിയോടെയും അപേക്ഷിക്കുന്നു. ഇതൊക്കെ അന്ധവിശ്വാസമാണ്, നിങ്ങൾ വിദ്യാഭ്യാസമുള്ള മനുഷ്യനല്ലേ, ഇതൊന്നും വിശ്വസിക്കരുത് എന്ന് പറഞ്ഞ് വേണുഗോപാലിനെ ആശ്വസിപ്പിക്കുന്നു. പക്ഷെ വേണുഗോപാൽ അതൊന്നും കേൾക്കാനുള്ള മനസ്ഥിയിലായിരുന്നില്ല അപ്പോൾ. അയാൾ പറയുന്നു, നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ആ സ്ത്രീയെ കൊന്ന് എന്റെ ഭാര്യയുടെ ആത്മാവിനു മോചനം നൽകും എന്ന്. ഇത് കേട്ട് ഞെട്ടുന്ന ഡോക്ടർ അയാളെ സമാധാനിപ്പിക്കാൻ എന്നോണം പറയുന്നു - നിങ്ങൾ ഒരു മാസം അവധി തരു, അതിനുള്ളിൽ ഞാൻ മറ്റൊരു ഹൃദയം കണ്ടെത്തി നിങ്ങളുടെ ഭാര്യയുടെ ഹൃദയം മാറ്റി അതിനു പകരം പുതിയ ഹൃദയം വെച്ച് നിങ്ങളുടെ ഭാര്യയുടെ ഹൃദയത്തെ നിങ്ങൾക്ക് തിരികെ നൽകാം എന്ന്. മനസ്സില്ലാമനസ്സോടെ അതിനു വഴങ്ങി വേണുഗോപാൽ അവിടെ നിന്നും പോവുന്നു. അയാൾ ഒരു മനോരോഗിയായി മാറിയിരിക്കുന്നു എന്ന് ഡോക്ടർ മനസ്സിലാക്കുന്നു.