ജയഭാരതി

Jayabharathi

തെന്നിന്ത്യൻ ചലച്ചിത്ര നടി.1957 ജൂലൈ 1-ന്  ശിവശങ്കരൻ പിള്ളയുടെയും ശാരദയുടെയും മകളായി തമിഴ്നാട്ടിലെ ഈറോഡിലാണ് ലക്ഷ്മിഭാരതി എന്ന ജയഭാരതി ജനിച്ചത്. അഞ്ചാം വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ജയഭാരതി വളരെ ചെറുപ്പത്തിലേ തന്നെ സിനിമയിൽ അഭിനയിക്കാനും തുടങ്ങി. 1967-ൽ ശശികുമാർ സംവിധാനം ചെയ്ത പെണ്മക്കൾ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ. തുടർന്ന് കുറച്ചു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ജയഭാരതി 1968 പുറത്തിറങ്ങിയ തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ  നായികയായി അതിലെ മറ്റൊരു നായിക ഷീല.പിന്നീട് മലയാളത്തിലെ മുൻനിര നായികയായി ജയഭാരതി വളർന്നു. പതിനഞ്ചു വർഷത്തോളം മലയാളസിനിമയിൽ നായികാനടി ആയി നിലനിന്നു അവർ. ഇക്കാലയളവിൽ പ്രേംനസീർ, മധു ,ജയൻ, സോമൻ, വിൻസെന്റ്, രജനീകാന്ത്, കമലഹാസൻ എന്നിവരുടെയെല്ലാം നായികയായി മലയാളസിനിമയിലും തമിഴ് സിനിമയിലും  ജയഭാരതി അഭിനയിച്ചു.

വിവിധ സിനിമകളിലെ അഭിനയത്തിന് 1972- ലും മാധവിക്കുട്ടിയിലെ അഭിനയത്തിന്1973- ലും ജയഭാരതിയ്ക്ക് മികച്ചനടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. 1991 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത മറുപ്പക്കം എന്ന തമിഴ് ചിത്രത്തിലെ ജാനകി എന്ന കഥാപാത്രത്തിലൂടെ  ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ജയഭാരതിയെ തേടിയെത്തി.

1978-ൽ റിലീസ് ചെയ്ത രതിനിർവേദം ജയഭാരതിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രശസ്തമായ സിനിമയാണ്. മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഒരു നാഴികക്കല്ലായി രതിനിർവേദം പരിഗണിയ്ക്കപ്പെടുന്നു. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലയി 350-ൽ അധികം സിനിമകളിൽ ജയഭാരതി അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിരുന്നു.

സിനിമാ നിർമ്മാതാവ് ഹരിപോത്തനെയായിരുന്നു ജയഭാരതി ആദ്യം വിവാഹം ചെയ്തത്. ആ ബന്ധം വേർപിരിഞ്ഞതിന് ശേഷം സിനിമാനടൻ സത്താറിനെ വിവാഹം ചെയ്തു. താമസിയാതെ ആ ബന്ധവും വേർപിരിഞ്ഞു. അതിൽ ഒരു മകനുണ്ട്. കൃഷ് ജെ സത്താർ. പ്രശസ്ത അഭിനേതാവ് ജയന്റെ അമ്മാവന്റെ മകൾ കൂടെ ആണ് ജയഭാരതി.