ജെ ശശികുമാർ

Sasikumar
Date of Birth: 
Friday, 14 October, 1927
Date of Death: 
Thursday, 17 July, 2014
ശശികുമാർ
ശശികുമാർ ജെ
സംവിധാനം: 127
കഥ: 21
സംഭാഷണം: 2
തിരക്കഥ: 11

1927 ഒക്ടോബർ 14-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ എൻ.എൽ. വർക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളിൽ മൂന്നാമനായാണ് ശശികുമാറിന്റെ ജനനം. നമ്പ്യാതുശ്ശേരിൽ വർക്കി ജോൺ എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര്. പൂന്തോപ്പിൽ നിന്നും ആലപ്പുഴയിലേക്കു താമസം മാറിയതിനുശേഷം ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ വിദ്യാഭ്യാസക്കാലയളവിനിടയിൽ ഫാ. മെക്കിൾ പ്രാ എന്ന മെക്സിക്കൻ രക്തസാക്ഷിയെക്കുറിച്ച് വായിച്ച ഒരു പുസ്തകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ജീവാർപ്പണം എന്ന പേരിൽ സ്വന്തമായി നാടകം എഴുതി അവതരിപ്പിച്ചു. എറണാകുളം തേവര കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലുമായിട്ടായിരുന്നു കോളേജ് വിദ്യാഭ്യാസം. ധനതത്വശാസ്ത്രം ഐച്ഛികവിഷയമായി തെരെഞ്ഞെടുത്ത കലാലയജീവിതത്തിനിടയിലും അദ്ദേഹം കലാകായികരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പോലീസിൽ ചേരാനിരുന്ന ശശികുമാർ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നാടകത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. 1950 -കളിൽ ജഗതി എൻ. കെ. ആചാരിയോടൊപ്പം പാർത്ഥസാരഥി കലാ തീയറ്റേഴ്‌സിന്റെയും ചങ്ങനാശേരി പ്രകാശ് തീയറ്റേഴ്സിന്റെയും നാടകങ്ങളിൽ അഭിനയിച്ചു. നാടകാഭിനയത്തിൽ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുമായുള്ള സൗഹൃദമാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വഴി തുറന്നത്. 1952-ൽ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ ചലച്ചിത്രജീവിതം ആരംഭിച്ചു.  ജോൺ എന്ന പേര് ഒരു നടന് ചേരുന്നതല്ല എന്ന്കണ്ട് കുഞ്ചാക്കോയുടെയും നിർമാതാവ് കെ.വി.കോശിയുടെയും ശുപാർശയിൽ തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ശശികുമാർ എന്ന പേര് നൽകിയത്.  തിരമാല, ആശാദീപം, വേലക്കാരൻ തുടങ്ങിയ ചിത്രങ്ങളിൽ ശശികുമാർ തന്റെ സാന്നിധ്യമറിയിച്ചു. വേലക്കാരൻ എന്ന ചിത്രത്തിൽ ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ അച്ഛൻ വേഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചതെന്ന കൗതുകവുമുണ്ട്. ഇടക്കാലത്ത് നിർജീവമായിരുന്ന ഉദയ പ്രവർത്തനമാരംഭിച്ചപ്പോൾ ഉമ്മ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി ശശികുമാറിനെ കുഞ്ചാക്കോ നിയോഗിച്ചു. പിന്നീട് ഉദയായുടെ നിരവധി സിനിമകളിൽ സഹസംവിധായകനായിരുന്നു. രാമരാജ്യം എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പായ സീതയ്ക്ക് തിരക്കഥയൊരുക്കിക്കൊണ്ട് തിരക്കഥാകൃത്തായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു.

നടൻ ബഹദൂറിന്റെ ഉത്സാഹത്തിൽ തിരുവനന്തപുരം മെറിലാൻഡ് സ്റ്റുഡിയോയിൽ എത്തിപ്പെട്ട അദ്ദേഹം ടി കെ ബാലചന്ദ്രൻ നായകനായ ക്രിസ്മസ് രാത്രി എന്ന ചിത്രത്തിൽ പ്രവർത്തിച്ചു. ഏകദേശം പതിനഞ്ചോളം സിനിമകൾ പി.സുബ്രഹ്മണ്യത്തിന്റെ കീഴിൽ മെറിലാൻഡിനു വേണ്ടി സംവിധാനം ചെയ്തുവെങ്കിലും ഒരിടത്തും ശശികുമാറിന്റെ പേര് മാത്രം പരാമർശിക്കപ്പെട്ടിരുന്നില്ല. എങ്കിലും സിനിമയുടെ വ്യാകരണവും സാങ്കേതികതയും ഇക്കാലയളവിൽ അദ്ദേഹം ഹൃദിസ്ഥമാക്കി.

നിത്യഹരിതനായകൻ പ്രേംനസീറിന്റെ ഉപദേശപ്രകാരം ചെന്നൈയിലെത്തിയ ശശികുമാർ നാടകസിനിമാ രംഗങ്ങളിൽ പ്രശസ്തനായിരുന്ന പി. എ. തോമസുമായി സഹകരിച്ചു പ്രവർത്തിക്കാനാരംഭിച്ചു. ഒരാൾ കൂടി കള്ളനായി എന്ന പി.എ. തോമസിന്റെ ചിത്രത്തിനു തിരക്കഥയൊരുക്കുകയും സഹസംവിധായകനാവുകയും ചെയ്തു. തോമസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ശശികുമാർ ചെയ്യുന്ന ആദ്യചിത്രത്തിൽ സംവിധായകനായി പി.എ. തോമസിന്റെ പേരും രണ്ടാമത്തെ ചിത്രത്തിൽ രണ്ടു പേരുടെ പേരും മൂന്നാമത്തെ ചിത്രം മുതൽ ശശികുമാറിന്റെ പേരും നൽകാമെന്ന ധാരണയിലാണ് അവർ ഒരുമിച്ചത്.  ആദ്യസിനിമയായ കുടുംബിനി സൂപ്പർ ഹിറ്റാവുകയും ശശികുമാറിന് ഒട്ടേറെ പ്രശസ്തി നേടിക്കൊടുക്കയും ചെയ്തു. 1965 ഏപ്രിലിൽ പുറത്തിറങ്ങിയ നസീർ-ഷീല ജോഡികൾ അഭിനയിച്ച പോർട്ടർ കുഞ്ഞാലിയായിരുന്നു രണ്ടാമത്തെ ചിത്രം.

നസീർ, മധു, ഷീല തുടങ്ങിയ താരനിരയെ അണിനിരത്തിയൊരുക്കിയ ജീവിതയാത്രയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ടൈറ്റിലിൽ ശശികുമാറിന്റെ പേര് വരുന്നത്.  തുടർന്ന് തൊമ്മന്റെ മക്കൾ എന്ന ചിത്രവും ആ വർഷം അദ്ദേഹത്തിന്റേതായി തീയറ്ററുകളിലെത്തി. ഈ ചിത്രങ്ങളുടെ വിജയങ്ങൾക്ക് ശേഷം നസീർ, ഭാസി, ബഹദൂർ, ഷീല കൂട്ടുകെട്ടിൽ ഹിറ്റുകളുടെ ഘോഷയാത്രയ്ക്ക് തന്നെ മലയാളസിനിമ സാക്ഷ്യം വഹിച്ചു.

ഇന്നും വളരെയേറെ ആഘോഷിക്കപ്പെടുന്ന ജോസ് പ്രകാശിന്റെ വില്ലൻ വേഷം ആദ്യമായി വെള്ളിത്തിരയിൽ പകർത്തിയതും ശശികുമാറായിരുന്നു. അഭിനേതാക്കളായ ജയഭാരതി, ജഗതി ശ്രീകുമാർ, വിൻസെന്റ്, കുഞ്ചൻ, വിജയശ്രീ, സെന്തിൽ എന്നിവരെയും പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററെയും മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. പ്രേം നസീറിനെ നായകനാക്കി 84  ചിത്രങ്ങളും ഷീലയെ നായികയാക്കി 47  ചിത്രങ്ങളും സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഏറ്റവും കൂടുതൽ മലയാളചിത്രങ്ങൾ സംവിധാനം ചെയ്തതിന്റെ റെക്കോർഡും ഉള്ളത്. 141 ചിത്രങ്ങളാണ് തന്റെ മൂന്നു ദശാബ്ദം നീണ്ട ചലച്ചിത്രസപര്യയിൽ ശശികുമാർ സംവിധാനം ചെയ്തത്. 1977-ൽ മാത്രം 15  സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നു. അതിൽ പലതും വളരെ വലിയ വിജയങ്ങളുമായിരുന്നു. പിൽക്കാലത്ത് ശ്രദ്ധേയരായ ക്രോസ്ബെൽറ്റ് മണി, പി.ജി. വിശ്വംഭരൻ, തമ്പി കണ്ണന്താനം തുടങ്ങിയവരൊക്കെ ശശികുമാറിന്റെ ശിഷ്യരായി ചലച്ചിത്രമേഖലയിലേയ്ക്ക് കടന്നുവന്നവരാണ്.

ജെ. ശശികുമാർ - ശ്രീകുമാരൻ തമ്പി - എം.കെ അർജുനൻ മാസ്റ്റർ ത്രയം എഴുപതുകളിലും എൺപതുകളിലും തീർത്ത സംഗീതവസന്തം ഇന്നും പുതുമയോടെ നിലനിൽക്കുന്നുണ്ട്.

വർഷങ്ങൾക്കിപ്പുറം, അദ്ദേഹത്തെ  ഇന്ത്യൻ സിനിമാചരിത്രത്തിലേയും ലോകസിനിമാചരിത്രത്തിലെയും തന്നെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.

മലയാളസിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ച് 2012 -ൽ സർക്കാർ അദ്ദേഹത്തിന് ജെ. സി. ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു.

വാർധക്യസഹജമായ അസുഖം മൂലം 2014 -ൽ  ജൂലൈ 17 ന് തന്റെ 87 - ആം വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി.

ഭാര്യ : ത്രേസ്യാമ്മ
മക്കൾ: ഉഷാതോമസ്‌, ജോർജ്‌ ജോൺ, ഷീലാ റോബിൻ