വിമൽകുമാർ
അറക്കൽ തൊമ്മൻ സേവ്യറിന്റെ നാലാമത്തെ മകനായി 1906 -ൽ എറണാകുളം ജില്ലയിലെ ഫോർട്ട്കൊച്ചിയിലെ കണ്ടക്കടവിൽ സേവ്യർ തോമസ് എന്ന വിമൽകുമാർ ജനിച്ചു. അറക്കൽ കുമ്പളങ്ങി സെന്റ് പീറ്റേർസ് ഹൈസ്ക്കൂളിൽ നിന്നും, എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി .സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ കലാപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു.
പൂനയിലെ ഓഡിനൻസ് ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന സേവ്യർ തോമസിന്റെ സംഗീതത്തിൽ ആകൃഷ്ട്ടനായി ഫാക്ടറിയിലെ മാനേജിംഗ് ഡയറക്ടറായിരുന്ന സായിപ്പ് സേവ്യർ തോമസിന് സാമ്പത്തിക സഹായം നൽകി കർണാട്ടിക്കും, ഹിന്ദുസ്ഥാനി സംഗീതവും പഠിപ്പിച്ചു. ബോളീവുഡിൽ സംഗീത സംവിധായകനായി സേവ്യർ തോമസ് തന്റെ സിനിമാ ജീവിതം ആരംഭിച്ചു. കലിയുഗ.എന്ന ഹിന്ദി ചിത്രം സംവിധാനം ചെയ്യുകയും അതിന് സംഗീതം നൽകുകയും ചെയ്തു.കൂടാതെ രണ്ടു മൂന്ന് തമിഴ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. സിനിമാജീവിതം അരംഭിച്ചതോടെയാണ് അദ്ദേഹം തന്റെ പേര് വിമൽകുമാർ എന്നാക്കി മാറ്റിയത്.
തുടർന്ന് തിരുവനന്തപുരത്ത് സുബ്രമണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ കുറച്ചുകാലം പ്രവർത്തിച്ചു. പിന്നീട് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലും അദ്ദേഹം പ്രവർത്തിച്ചു. ഉദയാ സ്റ്റുഡിയോയിൽ അക്കാലത്ത് നിർമ്മിച്ച ഉമ്മ , സീത, നീലി സാലി എന്നീ സിനിമകളുടെ തിരക്കഥയും, സംവിധാന മേൽനോട്ടവും വിമൽ കുമാർ നിർവ്വഹിച്ചു. ബാല്യകാലസഖി യുടെ നിർമ്മാണ മേൽനോട്ടവും നിർവ്വഹിച്ചിട്ടുണ്ട്. 1953 -ൽ തിരമാല എന്ന ചിത്രമാണ് മലയാളത്തിൽ വിമൽകുമാർ ആദ്യമായി സംവിധാനം ചെയ്തത്. കൂടാതെ ആ സിനിമയുടെ സംഗീത സംവിധാനവും അദ്ദേഹം നിർവഹിച്ചു. അതിനുശേഷം പുത്രധർമ്മം, അച്ഛനും മകനും എന്നീ സിനിമകൾ സംവിധാനം ചെയ്തു. പുത്രധർമ്മത്തിന്റെ സംഗീത സംവിധാനവും വിമൽകുമാർ ആയിരുന്നു. വിമൽകുമാർ മകളൂടെ പേരിൽ ബോബെയിൽ സ്റ്റെല്ല കമ്പൈൻസ് എന്നൊരു പ്രൊഡക്ഷൻ കമ്പനി കുറച്ചുകാലം നടത്തിയിരുന്നു.1964 -ൽ പ്രശസ്ത നോവലിസ്റ്റായ കാനത്തിന്റെ ' കാട്ടുമങ്ക ' എന്ന കഥ സിനിമയാക്കുന്ന തിരക്കുകൾക്കിടയിൽ പെട്ടെന്ന് വിമൽ കുമാറിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു. അതോടെ ആ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 1968 -ൽ വിമൽകുമാർ അന്തരിച്ചു.
വിമൽകുമാറിന്റെ ഭാര്യ മേരി. അവർക്ക് നാലുമക്കൾ ക്ലാരൻസ് , സ്റ്റെല്ല , സ്റ്റാൻലി , തങ്കം.