തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍

Thirunayinarkurichi Madhavan Nair
Date of Birth: 
Sunday, 16 April, 1916
Date of Death: 
Thursday, 1 April, 1965
മുരളി
എഴുതിയ ഗാനങ്ങൾ: 254

1916ല്‍ രാമന്‍ നായരുടേയും നാരായണിപ്പിള്ളയുടേയും മകനായി ജനനം. മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ചതിനുശേഷം, കുളച്ചല്‍, തിരുവട്ടാര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകവൃത്തി ചെയ്തിരുന്നു. 1948ല്‍ ട്രാവന്‍കൂര്‍ റേഡിയോ നിലയം തുടങ്ങുന്നതിനു പിന്നിൽ ഇദ്ദേഹവും പ്രവര്‍ത്തിച്ചിരുന്നു. ട്രാവന്‍കൂര്‍ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അദ്ദേഹം അമരത്തു തന്നെ ഉണ്ടായിരുന്നു. പല ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌  ഗാനരചനയിലേക്കു തിരിഞ്ഞത്.  ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ "കന്നിക്കതിരാടും നാള്‍" എന്നതാണ്‌ അദ്ദേഹത്തിൻ്റെ ആദ്യഗാനം.  ഈ ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

ഭക്തകുചേല എന്ന സിനിമയിലെ "ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകില്‍" എന്ന ഗാനം ഇദ്ദേഹം രചിച്ചതാണ്‌.  ജീവിതത്തിന്‍റ്റെ നശ്വരതയെപ്പറ്റിയുള്ള ഈ വരികളുടെ ആത്മാവറിഞ്ഞുതന്നെയായിരുന്നു ബ്രദര്‍ ലക്ഷ്മണ്‍ ഈണം പകര്‍ന്നതും കമുകറ പുരുഷോത്തമന്‍ നാദം പകര്‍ന്നതും. ഹരിശ്ചന്ദ്രയിലെ "ആത്മവിദ്യാലയമേ" എന്ന തത്ത്വചിന്താപരമായ ഗാനവും തിരുനയിനാര്‍-ബ്രദര്‍ ലക്ഷ്മണ്‍-കമുകറ ടീമിന്റെ ശ്രദ്ധേയമായ സ്രൃഷ്ടിയാണ്‌.   കുറച്ചുനാള്‍ മുരളി എന്ന തൂലികാനാമത്തില്‍ ഗാനരചന നിര്‍വ്വഹിച്ച  ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിൻ്റെ ഗാനമുരളി അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.   ഉമ്മിണിത്തങ്ക, കണ്ണുനീരിൻ്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്ചവെച്ചിരുന്നു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയും രചിച്ചിരുന്നു.   അമ്മാവൻ്റെ മകളായ സ്നേഹലതയായിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ  വിവാഹം കഴിച്ചു. ജയശ്രീയാണ്‌ മകള്‍. 1965 ഏപ്രില്‍ ഒന്നിന്‌ കാന്‍സര്‍ബാധയെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.