ടി എൻ ഗോപിനാഥൻ നായർ
നാടകം, സാഹിത്യം എന്നിവയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന ടി എൻ ഗോപിനാഥൻ നായർ അഭിനയം, കഥ, തിരക്കഥ തുടങ്ങിയ മേഖലകളിൽ സജീവമായിരുന്നു. അദ്ദേഹം തന്നെ രചിച്ച 'കടത്തുകാരൻ' എന്ന കവിതയെ ആസ്പദമാക്കി നിർമ്മിച്ച 'തിരമാല' (1953) ആണു ആദ്യ ചലചിത്രം. അദ്ദേഹത്തിന്റെ തിരക്കഥയിൽ പി ആർ എസ് പിള്ള സംവിധാനം ചെയ്ത 'തിരമാല'യിൽ ടി എൻ നായികയുടെ അച്ഛൻ ആയി വേഷമിടുകയും ചെയ്തു.
1955ൽ പുറത്തു വന്ന 'സി. ഐ. ഡി', 'അനിയത്തി', 1961ൽ പുറത്തു വന്ന 'ക്രിസ്മസ് രാത്രി' എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ചത് ടി.എൻ ആയിരുന്നു. 1967ൽ പുറത്തു വന്ന, പി ഭാസ്കരൻ സംവിധാനം ചെയ്ത, 'പരീക്ഷ' എന്ന ചിത്രം അതേ പേരുള്ള ടി എൻന്റെ തന്നെ നാടകത്തെ ആസ്പദമാക്കി രചിച്ചതാണ്.
ആശാദീപം, ബാല്യകാലസഖി, പാടാത്ത പൈങ്കിളി (1957), നായരു പിടിച്ച പുലിവാൽ (1958), വേമ്പനാട് (1990), ഗൗരി (1992) എന്നീ ചിത്രങ്ങളിൽ ടി എൻ അഭിനയിച്ചു.
ആകാശവാണി നിലയത്തിലെ നാടക സംവിധായകൻ, കേരള സംഗീത നാടക അക്കാദമി അധ്യക്ഷൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതു കൂടാതെ നാടകങ്ങൾ, കവിതാസമാഹാരങ്ങൾ എന്നിവയുടെ രചയിതാവെന്ന നിലയിലും അറിയപ്പെടുന്നു.1988ൽ കേരളാ ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ അദ്ദേഹത്തിനു 'ചലച്ചിത്ര പ്രതിഭ' ബഹുമതി നൽകി.
മഹാകവി വള്ളത്തോളിന്റെ മകൾ സൗദാമിനി ആണ് ഭാര്യ. ചലച്ചിത്ര-ടിവി താരമായ രവി വള്ളത്തോൾ ടി എൻ ഗോപിനാഥൻ നായരുടെ മകനാണ്.