ജഗതി എൻ കെ ആചാരി

Jagathi N K Achari
Picture of Jagathi N K Achari
Date of Birth: 
Thursday, 24 January, 1924
Date of Death: 
Sunday, 13 April, 1997
കഥ: 15
സംഭാഷണം: 50
തിരക്കഥ: 40

നാടക രചയിതാവ്, ഹാസ്യസാഹിത്യകാരൻ, അഭിനേതാവ്

ജഗതി കൃഷ്ണവിലാസത്തിൽ നാരായണൻ കൃഷ്ണൻ ആചാരിയാണ് ജഗതി എൻ കെ ആചാരി എന്ന പേരിൽ പ്രസിദ്ധനായത്.  1924 മെയ് 7ന് ജനിച്ചു. അച്ഛൻ: നാരായണാചാരി. അമ്മ: പൊന്നമ്മാൾ. ജഗതി ഗവ. യു പി സ്കൂൾ, കിള്ളിപ്പാലം സ്കൂൾ, നാഗർകോവിൽ, തിരുവനന്തപുരം യുണിവേഴ്സിറ്റിക്കോളേജ്, എറണാകുളം ലോക്കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. അമ്മയിൽ നിന്നും ചെറുപ്പത്തിലേ ഇദ്ദേഹത്തിന് നർമ്മത്തിന്റെ മർമ്മം പകർന്നു കിട്ടിയിരുന്നു. ചിരിയോടൊപ്പം ചരിത്രവും, ദേശസ്നേഹവും ആ തൂലികയ്ക്കു വഴങ്ങി.

തിരുവിതാംകൂർ കൊട്ടാരത്തിലെ ജോലിയ്ക്കിടയിൽ ലൈബ്രറിയിലെ പുസ്തകങ്ങളും ചരിത്രരേഖകളും വായനയുടെ ലോകത്തേക്കുള്ള വാതായനമൊരുക്കി. ആകാശവാണിയിൽ സ്ക്രിപ്റ്റെഴുത്ത്, പ്രോഗ്രാം എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ഇങ്ങനെ നീളുന്നൂ ആ കർമ്മകാണ്ഡം. പെൻഷൻ എന്ന നാടകത്തിലൂടെയായിരുന്നു ആകാശവാണിയിൽ തുടക്കം. അനവധി നാടകങ്ങൾക്കു പുറമേ, നാട്ടിൻപുറം, കണ്ടതും കേട്ടതും, ചിത്രീകരണം, പ്രഭാഷണം എന്നീ പരിപാടികൾക്കു പിന്നിലും പ്രവർത്തിച്ചു.

അനാഥാലയത്തിലെ അമ്മ എന്നതായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച കഥ.  ലഹരി, മനസ്സുണ്ടെങ്കിൽ മതി, ഏടാകൂടം തുടങ്ങിയ കഥകളും പ്രസിദ്ധപ്പെടുത്തി. കഥകളേക്കാൾ ജഗതി എൻ കെ ആചാരിയെ പ്രശസ്തനാക്കിയത് നാടകരംഗത്തെ അദ്ദേഹത്തിന്റെ മികവായിരുന്നു. തിളക്കം, വേലുത്തമ്പി ദളവ, ഇളയിടത്തുറാണി, ഉമ്മിണിത്തങ്ക, കടമറ്റത്തുകത്തനാർ, കായംകുളം കൊച്ചുണ്ണി, അലാവുദ്ദീനും അത്ഭുതവിളക്കും, കറക്കുകമ്പനി എന്നിവ പേരെടുത്തുപറയേണ്ട നാടകങ്ങളാണ്. കലാനിലയത്തിനുവേണ്ടിയെഴുതിയ നാടകങ്ങൾ അവതരണമികവിനാലും ഏറെ ശ്രദ്ധിക്കപ്പെട്ടു. അമ്പതോളം സിനിമകൾക്കു രചന നിർവ്വഹിച്ചു. ചില ചിത്രങ്ങളിൽ അഭിനയിച്ചു.

ദേവസ്വം ബോർഡിന്റെ കലാരത്നം ബഹുമതി, സംഗീതനാടക അക്കാദമിയുടെ അവാർഡ്, ഫെലോഷിപ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു.

പ്രസന്നയാണ് ഭാര്യ. അഭിനേതാവായ ജഗതി ശ്രീകുമാർ, കൃഷ്ണകുമാർ, ജമീല എന്നിവരാണ് മക്കൾ.

1997 ഏപ്രിൽ 13 -ന് അന്തരിച്ചു..