ജഗതി ശ്രീകുമാർ

Jagathi Sreekumar
Jagathy Sreekumar
Date of Birth: 
Friday, 5 January, 1951
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 2
സംവിധാനം: 2
കഥ: 3
സംഭാഷണം: 1
തിരക്കഥ: 1

മലയാളസിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന “ശ്രീകുമാർ” എന്ന ജഗതി ശ്രീകുമാർ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ, ജഗതി എന്ന സ്ഥലത്ത് പ്രമുഖ നാടകാചാര്യനായ ജഗതി എൻ.കെ. ആചാരിയുടെയും, പൊന്നമ്മാളിന്റെയും, മകനായി 1951ജനുവരി 5നു ജനിച്ചു. അദ്ദേഹത്തിന് രണ്ട് സഹോദരങ്ങളുണ്ട്. കൃഷ്ണകുമാർ , ജമീല.

കുട്ടിക്കാലം മുതൽ തന്നെ ഒരു നടനാകണമെന്ന ആഗ്രഹവുമായി നടന്ന ശ്രീകുമാർ, അച്ഛന്റെ നാടകങ്ങളിലൂടെ കലാലോകത്തേക്ക് കടന്നുവന്നു.  തിരുവനന്തപുരം മോഡൽ സുകൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. എന്നാൽ ആറാം വയസിൽ തന്നെ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം ജഗതിക്കു ലഭിച്ചു. ശ്രീ. വിമൽ കുമാർ സംവിധാനം ചെയ്ത്, ജഗതി എൻ കെ ആചാരി തിരക്കഥ നിർവ്വഹിച്ച “അച്ഛനും മകനും” എന്ന ചിത്രത്തിൽ  “മാസ്റ്റർ അമ്പിളി” എന്ന പേരിൽ അഭിനയിച്ചു പിന്നീട് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ കെ എസ് സേതുമാധവൻ സംവിധാനം നിർവ്വഹിച്ച "കന്യാകുമാരി" എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് ജഗതി പ്രവേശിച്ചത്. മലയാളത്തിൽ ഇതുവരെ 1100ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് “ചട്ടമ്പിക്കല്യാണി” എന്ന ചിത്രത്തിൽ ആദ്യമായി ഹാസ്യ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ഗുരുവായൂർ കേശവൻ, ഉൾക്കടൽ, റൗഡി രാമു, പുതിയ വെളിച്ചം തുടങ്ങി നീണ്ടു കിടക്കുന്നു ഈ ഹാസ്യ ചക്രവർത്തിയുടെ അഭിനയ ജീവിതം. മലയാളസിനിമയുടെ ഒരു അഭിവാജ്യഘടകമാണ് ഇന്ന് ജഗതി ശ്രീകുമാർ. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു.

1983 ൽ കിന്നാരം എന്ന ചിത്രത്തിൽ തമാശ രൂപേണ അദ്ദേഹം ആലപിച്ച "പിസ്ത സുമ്മാക്കിറ"  പിൽക്കാലത്ത് നേരം എന്ന സിനിമയിൽ പുനരുപയോഗിക്കുകയും രാജ്യമൊട്ടാകെ പ്രശംസ നേടുകയും ചെയ്തു.

2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി ചികിത്സയിൽ ആയിരുന്നു. തുടർന്ന് ചലച്ചിത്ര മേഖലയിൽ നിന്ന്  ഒരു നീണ്ട ഇടവേള എടുത്ത് അദ്ദേഹം  ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.