കവി,ഗാനരചയിതാവ്,സംവിധായകൻ,നിർമ്മാതാവ്,സംഗീതസംവിധായകൻ. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനായി 1940 മാർച്ച് 16 നു ഹരിപ്പാട്ട് ജനിച്ചു. കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര ഗാന രചയിതാവ്, സംഗീത സംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി വിളങ്ങുന്നു. എഞ്ചിനീയറിങ്ങിൽ ബിരുദധാരിയാണ്. കോഴിക്കോട് അസിസ്റ്റന്റ് ടൗൺ പ്ലാനറായിരിക്കേ ഉദ്യോഗം രാജി വെച്ചു. 1960- ൽ പ്രഥമ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. വയലാറിനും ഭാസ്കരന് മാസ്റ്റര്‍ക്കും ശേഷം മലയാളസിനിമാ ഗാനരചനാ പൂമുഖത്ത് പുത്തന്‍ പൂക്കൂടയൊരുക്കി മധുവും മണവും പകര്‍ത്തി ആസ്വാദക ഭ്രമരങ്ങളെ ആവേശിതരാക്കുകയും ആകര്‍ഷിതരാക്കുകയും ചെയ്ത മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. കാവ്യദേവതയുടെ അനുഗ്രഹം നിര്‍ലോപം ചൊരിഞ്ഞു കിട്ടിയ സര്ഗധനന്. മൗലികത കൊണ്ട് വേറിട്ടുനിന്ന, ആത്മദര്‍ശനമുള്ള, മലയാളിയുടെ സംസ്കാരവും ഗ്രാമീണതയും നിറഞ്ഞുനിന്ന രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങളുടെ പാലാഴി നമുക്ക് ചുറ്റും ഒഴുക്കിയ പ്രിയപ്പെട്ട കവി. മലയാള സാഹിത്യശാഖയെ എന്നപോലെ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെയും തന്റെ അതുല്യ വ്യക്തിത്വം കൊണ്ട് കീഴടക്കിയ അസാമാന്യ പ്രതിഭ.
തിരുവനന്തപുരം ആകാശനിലയത്തിലൂടെ ഇദ്ദേഹത്തിന്റെ ലളിതഗാനം ആദ്യമായി പ്രക്ഷേപണം ചെയ്തു തുടങ്ങിയത് തന്റെ പതിനെട്ടാം വയസ്സിലാണ്. ഇതിനു പുറമെ മദ്രാസ് നിലയത്തിനു വേണ്ടിയും ഏതാനും ഗ്രാമഫോണ്‍ കമ്പനികള്‍ക്കു വേണ്ടിയും നിരവധി ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു. ജയവിജയന്മാര് ആദ്യമായി ഈണം നല്കിയ രണ്ടു ഗാനങ്ങള്‍ പിറന്നത് തമ്പിയുടെ തൂലികയില്‍ നിന്നാണ്. ‘ഗുരുവും നീയെ, സഖിയും നീയെ’, ‘ഗോപീ ഹൃദയ കുമാരാ’ എന്നീ ഹിറ്റുകള്‍ യേശുദാസിന്റെ സ്വരത്തില്‍ ഗ്രാമഫോണ്‍ ഡിസ്ക് ആയാണ് പുറത്തിറങ്ങിയത്. യേശുദാസ്, തമ്പി രചിച്ച അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1966 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രഗാനം പുറത്തുവരുന്നത്. കാട്ടുമല്ലിക എന്ന ചിത്രത്തിലെ “താമരത്തോണിയിലാലോലമാടി” ആണ് ആദ്യ പാട്ട്. ഒട്ടേറെ സംഗീതജ്ഞര്‍ ഇദ്ദേഹത്തിന്റെ വരികള്‍ക്ക് ഈണങ്ങള്‍ നല്കി. ദക്ഷിണാമൂര്‍ത്തി, എം ബി ശ്രീനിവാസന്, ദേവരാജന്‍, ജയ-വിജയന്മാര്, എം കെ അര്ജുനന് തുടങ്ങിയ മഹാരഥന്‍മാരിലൂടെയൊക്കെ തമ്പിയുടെ ഈരടികള്‍ ഗാനപീയുഷങ്ങളായി മലയാളിയുടെ കര്‍ണ്ണവും ഹൃദയവും കീഴടക്കി. പ്രണയഗാനങ്ങളെഴുതുന്നതിൽ അസാമാന്യവൈഭവം പുലർത്തിപ്പോരുന്ന ഇദ്ദേഹം ഹ്യദയഗീതങ്ങളുടെ കവി എന്നും അറിയപ്പെടുന്നു. തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങൾ 'ഹ്യദയസരസ്സ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുനൂറ്റി എഴുപതിലധികം സിനിമകൾക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ഗാനരചന നിർവഹിച്ചിട്ടുണ്ട്.
1967-ൽ ചിത്രമേള എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശ്രീകുമാരൻ തമ്പി ആദ്യമായി കഥ എഴുതുന്നത്. തുടർന്ന് നാല്പതോളം സിനിമകൾക്ക് അദ്ദേഹം കഥ എഴുതി. 1970-ൽ പി.ഭാസ്ക്കരൻ സംവിധാനം ചെയ്ത കാക്കത്തമ്പുരാട്ടി എന്ന സിനിമയ്ക്ക് അദ്ദേഹത്തിനോടൊപ്പം തിരക്കഥാരചന നിർവഹിച്ചുകൊണ്ടാണ് തമ്പി തിരക്കഥാ രചനയ്ക്ക് തുടക്കമിടുന്നത്. തുടർന്ന് എൺപത്തിയഞ്ച് സിനിമകൾക്ക് അദ്ദേഹം തിരക്കഥ രചിച്ചു. ശ്രീകുമാരൻ തമ്പി സംവിധായകനാകുന്നത് 1974-ൽ ചന്ദ്രകാന്തം എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് മുപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. അദ്ദേഹം കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. ചന്ദ്രകാന്തം എന്ന സിനിമയിലൂടെ ശ്രീകുമാരൻ തമ്പി സിനിമാനിർമ്മാണവും തുടങ്ങി. ഇരുപത്തിയഞ്ചു സിനിമകൾ അദ്ദേഹം നിർമ്മിച്ചു. 1995 ല്‍ എന്‍ മോഹനന്റെ ചെറുകഥകള്‍ “മോഹനദര്‍ശനം” എന്ന പേരില്‍ ദൂരദര്ശന് വേണ്ടി സംവിധാനം ചെയ്തുകൊണ്ടാണ് തമ്പി സീരിയലുകളിലേയ്ക്ക് തിരിഞ്ഞത്. തുടർന്ന് ആറ് ടെലിവിഷൻ പരമ്പരകൾ നിർമ്മിച്ചു. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. വിലയ്ക്കു വാങ്ങിയ വീണ എന്ന ചിത്രത്തിലെ "സുഖമെവിടെ ദു:ഖമെവിടെ" എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഫിലിം ഫാൻസ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. തമ്പിയുടെ സംവിധാനത്തിലുള്ള മോഹിനിയാട്ടം എന്ന സിനിമ, മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷസിനിമ എന്ന പേരിൽ ഏറെ ചർച്ചചെയ്യപ്പെടുകയും 1977-ലെ സാൻഫ്രാൻസിസ്കോ ചലച്ചിത്രമേളയിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കാക്കത്തമ്പുരാട്ടി, കുട്ടനാട് എന്നീ നോവലുകൾ എഞ്ചിനീയറുടെ വീണ, നീലത്താമര, എൻ മകൻ കരയുമ്പോൾ, ശീർഷകമില്ലാത്ത കവിതകൾ എന്നീ കവിതാസമാഹാരങ്ങൾ, ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ- കണക്കും കവിതയും എന്നിവയാണ് പ്രസിദ്ധകൃതികൾ. ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ്, ഫിലിം ഫാൻസ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ്, ഗാനം, മോഹിനിയാട്ടം എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ്, ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള പ്രേംനസീർ പുരസ്കാരം, കവിതക്കുള്ള മൂലൂർ അവാർഡ്, കൃഷ്ണ ഗീതി പുരസ്കാരം, പ്രവാസകൈരളി അവാർഡ് തുടങ്ങിയ അവാർഡുകൾ ലഭിച്ചു. 2018ൽ കേരള സംസ്ഥാന സർക്കാരിന്റെ പരമോന്നത സിനിമാ അവാർഡായ
ജെ സി ദാനിയേൽ പുരസ്ക്കാരം അദ്ദേഹത്തിന് ലഭ്യമായി. ദേശീയ ഫിലിം അവാർഡ് കമ്മറ്റിയിൽ മൂന്നു പ്രാവശ്യം അംഗമായിരുന്നു.
ഭാര്യ : രാജേശ്വരി, മക്കൾ : കവിത, പരേതനായ രാജകുമാരൻ തമ്പി.
ഫേസ്ബുക്ക്
പ്രൊഫൈൽ