ജി വേണുഗോപാൽ

G Venugopal
Date of Birth: 
Saturday, 10 December, 1960
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 262

സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച പിന്നണി ഗായകനാണ് 'മലയാളത്തിന്റെ മാണിക്യക്കുയില്‍' എന്ന വിശേഷിക്കപ്പെടുന്ന ജി വേണുഗോപാല്‍. മനോഹരമായ ശബ്ദവും  വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള കഴിവും വഴി ചുരുക്കം ഗാനങ്ങൾ കൊണ്ടുതന്നെ മികച്ച ഗായകന്‍ എന്ന പേരും ഒരുപാട് ആരാധകരെയും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ ജി വേണുഗോപാൽ 1960  ഡിസംബർ 10 നാണ് ജനിച്ചത്. അച്ഛൻ ആർ ഗോപിനാഥൻ നായർ, അമ്മ കെ സരോജിനി അമ്മ. തിരുവനന്തപുരം കാർമൽ കോൺവെൻ്റ്,
തിരുവനന്തപുരം മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം ഗവൺമെൻ്റ് ആർട്സ് കോളേജിൽ നിന്നും പ്രീ ഡിഗ്രീ പൂർത്തിയാക്കിയ ശേഷം കേരള യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിഎസ്സി യും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ യും നേടി. കേരള യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ് ഓഫ് ജേർണലിസത്തിൽ നിന്നും ജേണലിസത്തിലും എം എ എടുത്തിട്ടുണ്ട് ഇദ്ദേഹം.

പറവൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി, ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനാണ് ജി വേണുഗോപാൽ. രാധാമണിയാണ് കുട്ടിയായിരുന്ന വേണുവിനെ സംഗീതത്തിന്റെ  ആദ്യ പാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുൻപേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്സിറ്റി കലാപ്രതിഭ ആയിരുന്നു. ജി ദേവരാജന്‍, കെ രാഘവന്‍ എന്നിവരോടൊപ്പം നാടക രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷനല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം ‘സബ്കോ സമ്മതി ദേ ഭഗവാന്‍‘ എന്ന നാടകത്തിലൂടെ ലഭിച്ചു.

1984ൽ പുറത്തിറങ്ങിയ "ഓടരുതമ്മാവാ ആളറിയാം" എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ  നിറക്കൂട്ടിൽ " പൂമാനമേ ഒരു രാഗമേഘം" എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ പേരിൽ സിനിമയിൽ പ്രത്യക്ഷമായില്ല. 1984ൽത്തന്നെ പുറത്തിറങ്ങിയ "പറയാനും വയ്യ പറയാതിരിക്കാനും വയ്യ" എന്ന ചിത്രത്തിലെ സംഘഗാനമായ "അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്" എന്ന ഗാനവും വേണ്ട രീതിയിൽ ജി വേണുഗോപാലിനു ശ്രദ്ധ കൊടുത്തില്ല. എന്നാൽ 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ  ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ" "രാരി രാരിരം രാരോ"  എന്ന പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രസിദ്ധനായത്.

പ്രസിദ്ധരായ കവികളുടെ കവിതകള്‍ ഈണമിട്ട് പാടിയ‘കാവ്യരാഗം‘ എന്ന ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ വേണുഗോപാല്‍ ആലപിച്ചു. സുരേഷ് കൃഷ്ണ എന്ന സംഗീത സംവിധായകൻ ഈണം പകര്‍ന്ന ഈ കവിതകള്‍ മലയാളികള്‍ നെഞ്ചിലേറ്റി ലാളിച്ചു.കാവ്യരാഗത്തിനു ശേഷം ഇറങ്ങിയ ‘കാവ്യഗീതിക‘യില്‍  എന്‍ എന്‍ കക്കാട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകള്‍ ആണുള്ളത്. ജെയ്സണ്‍ ജെ നായര്‍ സംഗീതം നിര്‍വഹിച്ച ഈ ആല്‍ബവും ഹിറ്റ് ആയിരുന്നു.

ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയ്യില്‍, കാണാനഴകുള്ള മാണിക്യക്കുയിലെ, ആടടീ ആടാടടീ, എന്തിത്ര വൈകി നീ സന്ധ്യേ.., ശ്യാമവാനിലേതോ കണിക്കൊന്ന.. തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ സിനിമേതര ഗാനങ്ങളും അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ പുറത്ത് വന്നിട്ടുണ്ട്.

കേരള സര്‍ക്കാര്‍ നല്‍കുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള  പുരസ്കാരം 1988(ഉണരുമീ ഗാനം- മൂന്നാം പക്കം), 1990 (താനേ പൂവിട്ട മോഹം- സസ്നേഹം), 2004 ( ആടടീ ആടാടടീ - ഉള്ളം ) എന്നീ വര്‍ഷങ്ങളില്‍  നേടിയ വേണുഗോപാലിനു 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിക്കുകയുണ്ടായി. രണ്ടു പ്രാവശ്യം കേരള കൌമുദി ഗ്യാലപ് പോള്‍ അവാര്‍ഡ്  കിട്ടിയിട്ടുണ്ട്.

ഗായകരായ സുജാതയും രാധിക തിലകും ജി വേണുഗോപാലിന്റെ ബന്ധുക്കൾ ആണ്. ഭാര്യ രശ്മിയോടും മക്കളായ അരവിന്ദ്, അനുപല്ലവി എന്നിവരോടും ഒപ്പം തിരുവനന്തപുരത്താണ് താമസം. മകൻ അരവിന്ദും സിനിമ പിന്നണിഗാന രംഗത്ത് സജീവമാണ്.

വിലാസം : ജി വേണു ഗോപാൽ,
പറവൂര്‍ ഹൌസ്,
ഫോറസ്റ്റ് ഓഫീസ് ലൈന്‍,
വഴുതക്കാട്,
തിരുവനന്തപുരം - 695 014