ധ്രുവം
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഹൈദർ മരയ്ക്കാർ എന്ന കൊടും കുറ്റവാളി, ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ ആരാച്ചാരെ കൊല്ലുന്നതുൾപ്പെടെയുള്ള തന്ത്രങ്ങൾ മെനയുമ്പോൾ, അയാളുടെ ശത്രുവായ നരസിംഹ മന്നാഡിയാർ കളത്തിലിറങ്ങുന്നു.
Actors & Characters
Actors | Character |
---|---|
നരസിംഹ മന്നാഡിയാർ | |
മൈഥിലി | |
വീരസിംഹ മന്നാഡിയാർ | |
സബ് ഇൻസ്പെക്ടർ ജോസ് നരിമാൻ | |
ഭദ്രൻ | |
ഹൈദർ മരക്കാർ | |
അലി | |
മാരാർ | |
ആരാച്ചാർ രാമയ്യൻ | |
കാശി | |
രാംദാസ് | |
ഹസ്സൻ | |
മായ | |
പൂവത്തിൽ കുഞ്ഞിക്കണ്ണൻ | |
ഭൈരവൻ | |
ഡോക്ടർ | |
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ജി വേണുഗോപാൽ | കേരളകൗമുദി ഗ്യാലപ്പ് പോൾ അവാർഡ് | മികച്ച ഗായകൻ | 1 992 |
കഥ സംഗ്രഹം
ഹൈദർ മരയ്ക്കാർ എന്ന കൊടുംകുറ്റവാളിയെ തൂക്കിക്കൊല്ലാനുള്ള ഡെത്ത് വാറൻ്റ് ആയിട്ടും, ആരാച്ചാരെ കിട്ടാതെ വധശിക്ഷ നീണ്ടു പോവുകയാണ്. യർവാദ ജയിലിൽ നിന്നും തിഹാർ ജയിലിൽ നിന്നും ആരാച്ചാരന്മാരെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ഹൈദരുടെ ഭീഷണിയും സ്വാധീനവും കാരണം അവരൊന്നും വരാൻ തയ്യാറാവുന്നില്ല. ജയിലിൽ മുൻപുണ്ടായിരുന്ന ആരാച്ചാർ ഭൈരവൻ പെൻഷൻ ആയതിനു ശേഷം എവിടെയാണെന്ന് ആർക്കും അറിയില്ല. ഡിഐജി മാരാർ തമിഴ്നാട് പോലീസിനെ ബന്ധപ്പെട്ട് രാമയ്യൻ എന്നൊരു ആരാച്ചാരെ കണ്ടെത്തുന്നു. എന്നാൽ ജയിലിലേക്കുള്ള യാത്രാമദ്ധ്യേ ഹൈദറിന്റെ ആളുകൾ ലോറിയിടിച്ച് അയാളെ കൊല്ലുന്നു.
താൻ പെൻഷനാകുന്നതിനു മുൻപ് ഹൈദരുടെ വധശിക്ഷ നടപ്പാക്കുക എന്നത് മാരാരുടെ വാശിയാണ്. അതിന് അയാൾക്ക് വ്യക്തിപരമായ കാരണങ്ങളുമുണ്ട്. എന്നാൽ, DySP രാംദാസും ജയിൽ സൂപ്രണ്ട് നമ്പ്യാരും MLA ചേക്കുട്ടിയും ആഭ്യന്തരമന്ത്രിയുമൊക്കെ ഹൈദരുടെ സ്വന്തം ആളുകളായതിനാൽ, രഹസ്യങ്ങൾ ചോരുന്നത് ഡിഐജി മാരാർക്ക് തലവേദനയാണ്. തൻ്റെ വിശ്വസ്തനായ SI ജോസ് നരിമാനാണ് പല കാര്യങ്ങളിലും അയാളുടെ സഹായി.
ഭൈരവൻ തമിഴ്നാട് അതിർത്തിയിൽ ഉണ്ടെന്ന് കണ്ടുപിടിച്ച നരിമാൻ കൂട്ടിക്കൊണ്ടുവരാൻ പോയെങ്കിലും വരാൻ അയാൾ തയാറാകുന്നില്ല. മാരാർ കാമാക്ഷിപുരത്തെത്തി നരസിംഹ മന്നാഡിയാരെ കാണുന്നു. ഒരു കാലത്ത് നാട്ടുരാജ്യമായിരുന്ന കാമാക്ഷിപുരത്തെ രാജാക്കൻമാരായിരുന്നു മന്നാഡിയാർമാർ. നരസിംഹ മന്നാഡിയാരും നാട്ടിലെ മുടിചൂടാമന്നൻ തന്നെ. ഹൈദരെ തൂക്കിലേറ്റണ്ടത് അയാളുടെയും ആവശ്യമാണ്. മാരാർക്കൊപ്പം മന്നാഡിയാരും ഭൈരവനെ കൊണ്ടുവരാൻ പുറപ്പെടുന്നു.
ഭൈരവൻ, പക്ഷേ, വഴങ്ങുന്നില്ല. എന്നാൽ ഭൈരവൻ്റെ അനുജൻ കാശി വരാൻ തയ്യാറാവുന്നു. പക്ഷേ, തൻ്റെ കന്നിത്തൂക്കമായതിനാൽ, രണ്ടുമൂന്നു ദിവസത്തെ പൂജയും വഴിപാടും കഴിഞ്ഞിട്ടേ വരാൻ പറ്റൂ എന്നയാൾ പറയുന്നു. മന്നാഡിയാർ തന്റെ സഹായിയും ഡ്രൈവറുമായ ഭദ്രനെ കാശിക്ക് കാവലാക്കിയിട്ട് തിരികെപ്പോകുന്നു.
പോകുന്ന വഴിയിൽ മന്നാടിയാർ തൻ്റെ അനുജൻ വീരസിംഹ മന്നാഡിയാരുടെ പഴയ കാർ കാണുന്നു. അയാൾ അനുജനെക്കുറിച്ച് ഓർക്കുന്നു.
മായ എന്നൊരു പെൺകുട്ടിയുമായി വീരസിംഹൻ്റെ വിവാഹമുറപ്പിച്ചതായിരുന്നു. എന്നാൽ, താൻ മായയുമായി സ്നേഹത്തിലാണ് എന്ന് ഭദ്രൻ നരസിംഹമന്നാഡിയാരെ അറിയിക്കുന്നു. തുടർന്ന് മന്നാഡിയാർ ഇടപെട്ട് ഭദ്രൻ്റെയും മായയുടെയും വിവാഹം നടത്തിക്കൊടുക്കുന്നു. ഭദ്രനെ സ്വന്തം സഹായിയും ഡ്രൈവറുമായി അയാൾ കൂടെക്കൂട്ടുന്നു. പ്രണയം പരാജയപ്പെട്ടതിൽ ദുഃഖിതനായ വീരസിംഹൻ ഇംഗ്ലണ്ടിലേക്ക് ഉപരിപഠനത്തിനായി പോകാൻ തീരുമാനിക്കുന്നു. മാരാരുടെ വീട്ടിലെത്തിയ വീരസിംഹൻ, മാരാരുടെ മകൻ പ്രതാപനുമൊത്ത് അതിരാവിലെ എയർപോർട്ടിലേക്ക് പുറപ്പെടുന്നു. പിന്നാലെയെത്തുന്ന മന്നാഡിയാർ കാണുന്നത് കുത്തേറ്റു കൊല്ലപ്പെട്ട നിലയിൽ വഴിയിൽ കിടക്കുന്ന വീരസിംഹനേയും പ്രതാപനെയുമാണ്.
നരിമാൻ കാശിയെയും കൂട്ടി വരുന്ന വഴിയിൽ ഹൈദരിൻ്റെ അനുജനും മറ്റും ചേർന്ന് അവരെ ആക്രമിക്കുന്നു. ഭദ്രൻ്റെ സഹായത്തോടെ അവരെ തുരത്തുന്ന നരിമാൻ കാശിയെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നു. ഇതിനിടയിൽ, തൻ്റെ സ്വാധീനമുപയോഗിച്ച് ആശുപത്രിയിൽ സുഖവാസം നടത്തുന്ന ഹൈദരെ, മാരാർ അറസ്റ്റ് ചെയ്ത് കണ്ടംഡ് സെല്ലിലടയ്ക്കുന്നു.
ഹൈദരുടെ വധശിക്ഷ നടപ്പാക്കാനുള്ള സമയമെത്തുന്നു. കാശി കുടുക്ക് ശരിയാക്കി ഹൈദരെ തൂക്കാൻ ഒരുങ്ങുന്നു. എന്നാൽ, പെട്ടെന്നെത്തുന്ന ഒരു ടെലി പ്രിൻ്റർ സന്ദേശം എല്ലാം മാറ്റിമറിക്കുന്നു. ഉപരാഷ്ട്രപതി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്, രാജ്യവ്യാപകമായി ഒരാഴ്ചത്തെ ദുഃഖാചരണമായതിനാൽ, വധശിക്ഷ മാറ്റി വയ്ക്കുന്നു എന്ന സന്ദേശമായിരുന്നു.അത്. ഹൈദരുടെ നിർദ്ദേശമനുസരിച്ചുള്ള ഒരു ഓപ്പറേഷനായിരുന്നു ഉപരാഷ്ട്രപതിയുടെ കൊല എന്ന് പിന്നീട് വെളിപ്പെടുന്നു. ഹൈദരുടെ വധശിക്ഷ മാറ്റിയതിൽ മന്നാടിയാർ അത്യന്തം രോഷാകുലനാണ്.
ഹൈദരോട് മറ്റു പോലീസുകാർക്കില്ലാത്ത ദേഷ്യം നരിമാന് ഉണ്ടാകാൻ കാരണമെന്തെന്ന് കാശി അയാളോടു ചോദിക്കുന്നു. SI ആകാനായിരുന്നു മോഹമെങ്കിലും, സെലക്ഷൻ ലിസ്റ്റിൽ പേരുണ്ടായിട്ടും, വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി സെമിനാരിയിൽ അച്ചൻ പട്ടത്തിനു പഠിക്കാൻ പോയ കഥ നരിമാൻ പറയുന്നു. ഒരു ദിവസം രാത്രി സിനിമയ്ക്കു പോകാൻ സെമിനാരിയുടെ മതിൽ ചാടിയ നരിമാൻ ഒരു കാഴ്ച കണ്ടു. ഹൈദർ പ്രതാപനെയും വീര സിംഹനെയും കുത്തിക്കൊല്ലുന്നതായിരുന്നു അത്. മാരാരോട് മുൻവിരോധമുള്ള, രണ്ടു തവണ മാരാരെ കൊല്ലാൻ ശ്രമിച്ചിട്ടുള്ള ഹൈദർ, വഴിയിൽ വെച്ച് പ്രതാപനേയും കൂടെയുള്ള വീരസിംഹനേയും കൊലപ്പെടുത്തുകയായിരുന്നു.
നരിമാനെ കണ്ട ഹൈദരുടെ ആളുകൾ പിന്തുടർന്നെങ്കിലും അയാൾ രക്ഷപ്പെടുന്നു. നരിമാൻ പോലീസിൽ വിവരം അറിയിച്ചെങ്കിലും, തേടിവനത്, പക്ഷേ, ഹൈദരായിരുന്നു. അയാൾ നരിമാനെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ, മന്നാടിയാരെക്കണ്ട നരിമാൻ താൻ കോടതിയിൽ സാക്ഷി പറയാൻ തയ്യാറാണെന്നു പറയുന്നു. തുടർന്നു നടന്ന വിചാരണയിൽ ഹൈദരിന് വധശിക്ഷ കോടതി വിധിക്കുന്നു. ഒളിവിൽ പോയ ഹൈദരെ മന്നാഡിയാർ പിടികൂടി പോലീസിലേൽപിക്കുന്നു. ഇതിനിടെ ശെമ്മാശൻ പട്ടമുപേക്ഷിച്ച് നരിമാൻ പോലീസിൽ ചേരുന്നു.
വീണ്ടും വധശിക്ഷ നടപ്പാക്കാനുള്ള ദിവസമടുക്കുന്നു. പക്ഷേ, ഹൈദർ പുതിയ തന്ത്രം മെനയുന്നുണ്ടായിരുന്നു.