സന്തോഷ്
1960 നവംബർ 12 ന് സി എൻ കേശവൻ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ്, സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സന്തോഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മഹാത്മാ ഗാന്ധി കോളേജിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് സന്തോഷിന് രാഷ്ട്രീയ പ്രവർത്തനവുമുണ്ടായിരുന്നു.
1982 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്..ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായിമാറി. 1985 ൽ പതിനെട്ടോളം സിനിമകളിൽ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയിൽ ചെയ്തു.1986 ൽ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാർ എന്ന പോസിറ്റീവ് റോൾ, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളിൽ അദ്ദേഹം നല്ല വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ശക്തമായൊരു കഥാപാത്രമെന്ന് പറയുന്നത് ചന്ദ്രോത്സവത്തിലെ നായകന്റെ സുഹൃത്തായ സഹദേവന്റെ വേഷമായിരിക്കും. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടെയൊക്കെ വില്ലൻ ജോഡിയായി വന്നിട്ടുള്ള ഈ നടൻ നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളിൽ കോമഡി ഫ്ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. നൂറിലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് വിവാഹം ചെയ്തത് സ്കൂൾ ടീച്ചറായ ശുഭശ്രീയെയാണ്. സന്തോഷ് - ശുഭശ്രീ ദമ്പതികൾക്ക് ഒരു മകളാണൂള്ളത്. ഡോക്റ്റർ രാജശ്രീ എസ് നായർ.