രാജൻ ശങ്കരാടി

Rajan Sankaradi

ആലുവ എടത്തലയില്‍ ബാലചന്ദ്രമേനോന്റെയും ഭാരതിയമ്മയുടെയും മകനായി ജനനം. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് സി രാജഗോപാല്‍ എന്നായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ നാടകങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലുവ യു സി കോളേജില്‍നിന്ന് ഡിഗ്രി കഴിഞ്ഞ് ജോലി തേടിയാണ് അദ്ദേഹം മദ്രാസിൽ എത്തുന്നത്. രാജന്‍ ശങ്കരാടിയുടെ സിനിമാ പ്രവേശത്തിന് വഴിയൊരുക്കിയത് ആ മദ്രാസ് ജീവിതമായിരുന്നു. ബാലചന്ദ്ര മേനോന്റെ ആദ്യ ചിത്രമായ ഉത്രാടരാത്രിയില്‍ സംവിധാന സഹായിയായി ആയിരുന്നു തുടക്കം. ജോഷി, സിബി മലയില്‍ എന്നീ സംവിധായകരുടെ കൂടെ ദീര്‍ഘകാലം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. 1985 ലാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് കടക്കുന്നത്. വേണു നാഗവള്ളി തിരക്കഥ രചിച്ച ഗുരുജി ഒരു വാക്ക് ആയിരുന്നു പ്രഥമ സംവിധാന സംരംഭം. രണ്ടാമത് പുറത്തിറങ്ങിയത് ദീലിപിന്റെ മീനത്തിൽ താലികെട്ട്. പിന്നീട് സംവിധാനം ചെയ്ത ക്ലിയോപാട്ര വിജയിച്ചില്ല.  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2016 ആഗസ്ത് ഒന്നിന് ആലുവയിൽ വച്ച് അന്തരിച്ചു.

ഭാര്യ ഉഷ, മകള്‍ പാര്‍വ്വതി

അവലംബം : ജോഷിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌, റോറ്റ്നി