വേണു നാഗവള്ളി

Venu Nagavalli
Date of Death: 
Thursday, 9 September, 2010
ആലപിച്ച ഗാനങ്ങൾ: 4
സംവിധാനം: 12
കഥ: 11
സംഭാഷണം: 20
തിരക്കഥ: 20

മലയാള സിനിമയിലെ വിഷാദനായകനായിരുന്ന വേണു നാഗവള്ളി പ്രശസ്തനാടകകൃത്തും സംവിധായകനും ആകാശവാണി ഉദ്യോഗസ്ഥനുമായിരുന്ന നാഗവള്ളി ആർ എസ് കുറുപ്പിന്റെയും ശ്രീമതി രാജമ്മയുടെയും മകനാണ്. ആകാശവാണിയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് സിനിമയിലെത്തി.

1976ൽ ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിനു വേണ്ടി ഒരു പാട്ടു പാടിക്കൊണ്ടാണ് ചലച്ചിത്രവേദിയിലേയ്ക്ക് രംഗപ്രവേശം നടത്തിയത് എങ്കിലും ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. 1979ൽ കെ ജി ജോർജിന്റെ “ഉൾക്കടൽ” എന്ന ചിത്രത്തിലെ നായകനായാണ് വേണു നാഗവള്ളി പിന്നീട് പ്രത്യക്ഷപ്പെടുന്നത്. അവിടെ നിന്നങ്ങോട്ട് വിഷാദകാമുകന്മാരുടെ ഒരു നിര തന്നെ മലയാള സിനിമയിൽ അദ്ദേഹത്തിനു വേണ്ടി എന്നോണം പ്രത്യക്ഷപ്പെടുകയായിരുന്നു.  

1978ൽ പുറത്തിറങ്ങിയ “ഈ ഗാനം മറക്കുമോ” എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അദ്ദേഹം ആദ്യമായി തിരക്കഥ രചിച്ചത്. പിന്നീട് 1986ൽ ആത്മകഥാംശമുള്ള “സുഖമോ ദേവി” എന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചതു കൂടാതെ ആദ്യമായി സംവിധായകന്റെ മേലങ്കി കൂടി വേണു നാഗവള്ളി അണിഞ്ഞു. മരിച്ചുപോയ പ്രിയസുഹൃത്തിന്റെ സ്മരണയ്ക്കു മുൻപിൽ സമർപ്പിച്ച സുഖമോ ദേവിയുടെ രണ്ടാം ഭാഗം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത ആഗ്രഹമായിരുന്നു. 1990 കളുടെ അവസാനത്തോടെ സിനിമ രംഗത്ത് നിന്നു ഏതാണ്ട് പൂർണമായി തന്നെ പിൻ‍വാങ്ങിയ വേണു നാഗവള്ളി അവസാനമായി സംവിധാനം ചെയ്തത് 2009 ൽ ഭാര്യ സ്വന്തം സുഹൃത്ത്‌ എന്ന ചിത്രമായിരുന്നു. വെള്ളിത്തിരയിലെ ദേവദാസ് ആയിരുന്ന വേണുനാഗവള്ളിയുടെ മറ്റൊരു മുഖം മലയാളി കണ്ടത് കിലുക്കം എന്ന സർവ്വകാല ഹിറ്റ് കോമഡിയുടെ തിരക്കഥാകൃത്തിന്റെ രൂപത്തിലാണ്.

നല്ല ഒരു ശബ്ദത്തിനു ഉടമയായിരുന്ന ഇദ്ദേഹം ഏതാനും ചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ഒരു സൗണ്ട് ആർട്ടിസ്റ്റ് എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ശബ്ദം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സ്വാതിതിരുനാൾ എന്ന ചിത്രത്തിലെ അനന്ത് നാഗിന്റേതടക്കം അദ്ദേഹം ചെയ്തിട്ടുള്ള ഡബ്ബിംഗുകൾ ശ്രദ്ധിക്കപ്പെട്ടവയാണ്.

ദീർഘകാലം കരൾസംബന്ധിയായ രോഗത്തിനു ചികിൽസയിലായിരുന്ന വേണു നാഗവള്ളിയുടെ അന്ത്യം 2010 സെപ്റ്റമ്പർ ഒൻപതിനു തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപതിരിയിൽ വെച്ചാണ് സംഭവിച്ചത്.