കെ അയ്യപ്പ പണിക്കർ

K Ayyappa Paniker
കെ അയ്യപ്പ പണിക്കർ
Date of Birth: 
Friday, 12 September, 1930
Date of Death: 
ചൊവ്വ, 8 August, 2006
എഴുതിയ ഗാനങ്ങൾ: 1

കെ വി കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്തെ കാവാലത്ത് ജനിച്ചു. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു അയ്യപ്പ പണിക്കരുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോഴിക്കോട്  മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്നും ബിരുദം നേടി. അതിനുശേഷം അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്നും എം എ, പി എച്ച് ഡി ബിരുദങ്ങൾ നേടി.

1952 -മുതൽ ദീർഘകാലം തിരുവനന്തപുരം എം ജി കോളേജിൽ അദ്ധ്യാപകനായി. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.. മലയാള കവിതകളെ ആധുനികതയുടേയും ഉത്തരാധുനികതയുടേയും പുതുവെളിച്ചങ്ങളിലേക്ക് നടത്തിയ കവിയാണ് അയ്യപ്പ പണിക്കർ. 

1960 -ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ "കുരുക്ഷേത്രം" എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില എന്ന് പറയാം. കാടെവിട മക്കളേ, പൂക്കാതിരിക്കാൻ എനിക്കാവതില്ലേ, പുരൂരവസ്.. തുടങ്ങിയ കവിതകൾ പ്രശസ്തങ്ങളാണ്. വിവർത്തനങ്ങളുൾപ്പെടെ ഇരുപത്തിയഞ്ചിലധികം കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1982 -ൽ ചില്ല് എന്ന സിനിമക്ക് വേണ്ടി എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ "തകൃ തിത്തിന്നം തെയ്യന്നം തകു.. എന്ന ഗാനം എഴുതിക്കൊണ്ട് സിനിമാ സംഗീത രംഗത്തും അയ്യപ്പ പണിക്കർ തന്റെ സാന്നിധ്യമറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്ക്കാരം, സരസ്വതി സമ്മാൻ, പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

2006 ആഗസ്റ്റിൽ കവി അയ്യപ്പ പണിക്കർ അന്തരിച്ചു.