ടി ഹരിഹരൻ

T Hariharan
എഴുതിയ ഗാനങ്ങൾ: 6
സംഗീതം നല്കിയ ഗാനങ്ങൾ: 4
സംവിധാനം: 50
കഥ: 13
സംഭാഷണം: 4
തിരക്കഥ: 16

മലയാളചലച്ചിത്ര സംവിധായകൻ. കോഴിക്കോട് ജില്ലയിൽ ജനിച്ചു.  ചെറിയ ക്ലാസുകളിൽത്തന്നെ അഭിനയവും പാട്ടുമൊക്കെയുണ്ടായിരുന്നു. ഹരിഹരന്റെ അച്ഛൻ ശാസ്ത്രീയസംഗീതാധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ കുറച്ചു പഠിച്ചു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. പിന്നെ അമ്മാവനായിരുന്നു രക്ഷിതാവ്. അദ്ദേഹം ചിത്രകാരനായിരുന്നു.  മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനും. അങ്ങനെ ചെറുപ്പത്തിലെ കലയുടെ ലോകത്ത് വളരാനുള്ള ഭാഗ്യം കിട്ടി.  പ്രീഡിഗ്രിക്ക് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്നകാലത്ത് നഗരത്തിലെ നാടകസംഘങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. ഹരിഹരൻ സ്കൂളിൽ പഠിക്കുമ്പോൾ കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാവേലിക്കര ഫൈൻ ആർട്‌സ് സ്കൂളിൽ ചേർന്നു. അവിടെ അഞ്ചുകൊല്ലത്തെ കോഴ്‌സാണ്. ഒരു കൊല്ലംകൊണ്ട് അതും അവസാനിപ്പിച്ചു. പിന്നെ, കോഴിക്കോട് യൂണിവേഴ്‌സൽ കോളേജിൽ ചേർന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങിപ്പോന്നു. കോഴിക്കോടിന്റെ നാടകലോകത്തായി വീണ്ടും.

സിനിമാതാരം ബഹദൂറുമായുള്ള പരിചയമാണ് ഹരിഹരന്റെ ജീവിതത്തിൽ മാറ്റം വരുത്തിയത്. ബഹദൂറിന്റെ നാടകട്രൂപ്പിൽ ചേർന്ന ഹരിഹരൻ സ്ക്രിപ്റ്റ് സഹായിയായും അഭിനേതാവായും രാജ്യത്ത് പലസ്ഥലത്തും സഞ്ചരിച്ചു. 1965-ലാണ് ഹരിഹരൻ സിനിമയിലെത്തുന്നത്. പതിനഞ്ചിലധികം സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചതിനുശേഷമാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനാകുന്നത്.  1973-ൽ റിലീസ് ചെയ്ത ലേഡീസ് ഹോസ്റ്റൽ ആയിരുന്നു ആദ്യ ചിത്രം. പ്രേംനസീർ നായകനായ ഈ മുഴുനീള ഹാസ്യചിത്രം വൻ പ്രദർശന വിജയം നേടി. തുടർന്ന് പ്രേംനസീർ,മധു എന്നിവരെ നായകരാക്കി ധാരാളം വിജയചിത്രങ്ങൾ ഹരിഹരൻ സംവിധാനം ചെയ്തു. 1979-ൽ ഹരിഹരൻ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ശരപഞ്ചരത്തിലൂടെയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോയായിമാറിയ ജയൻ മുൻനിര നായകനാകുന്നത്. 

ഹരിഹരൻ അൻപതിലധികം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ മിക്കതും പ്രദർശനവിജയം നേടിയതിനോടൊപ്പം നിരൂപക പ്രശംസകൂടി നേടിയവയാണ്. വളർത്തുമൃഗങ്ങൾ,പഞ്ചാഗ്നി,നഖക്ഷതങ്ങൾ,ഒരുവടക്കൻ വീരഗാഥ, സർഗ്ഗം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി.. എന്നീ ചിത്രങ്ങൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചവയാണ്. ഹരിഹരന് മൂന്നുപ്രാവശ്യം മികച്ച സംവിധായകനുള്ള കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. എം ടി വാസുദേവൻ നായരും ഹരിഹരനും ഒത്തു ചേർന്നപ്പോൾ ആ കൂട്ടുകെട്ടിൽ മലയാളത്തിന് മറക്കാനാവാത്ത ചലച്ചിത്ര കാവ്യങ്ങളുണ്ടായി. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രം. എം ടിയുടെ പതിനൊന്ന് തിരക്കഥകൾക്കാണ് ഹരിഹരൻ ദൃശ്യഭാഷ്യമൊരുക്കിയത്.