എ ബി രാജ്

A B Raj

രണ്ടുദശകത്തിലേറെ സംവിധാനരംഗത്ത് വെന്നിക്കൊടി പാറിച്ച സംവിധായകനാണ് എ.ബി രാജ്. രാജ് ആന്റണി ഭാസ്‌കർ എന്നാണ് യഥാർത്ഥ പേര്. ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടേയും രാജമ്മയുടേയും അഞ്ചുമക്കളിൽ നാലാമനായി 1925 എപ്രിൽ 21-നു തമിഴ് നാട്ടിലെ സേലത്തു ജനിച്ചു. 

ഹരിഹരൻ, ഐ വി ശശി, പി ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരിൽ ചിലരാണ്. സേലം മോഡേൺ തിയേറ്ററിൽ അപ്രന്റീസായി പ്രവേശിച്ച് സിനിമാ പഠനം തുടങ്ങി. പ്രഗത്ഭനായ ടി ആർ സുന്ദരമായിരുന്നു ഗുരു. ഛായാഗ്രഹണം പഠിക്കാനാണ് സുന്ദർ സാറിനടുത്തു പോയതെങ്കിലും ശബ്ദവിന്യാസം, എഡിറ്റിംഗ്, ലാബ് ജോലികൾ, മേക്കപ്പ് തുടങ്ങി സിനിമയുടെ എല്ലാ വശങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.

1951-ലാണ് വഹാബ് കാശ്മീരി എന്ന സുഹൃത്തിനൊപ്പം സിനിമ ചെയ്യാനായി രാജ് ശ്രീലങ്കയിലേക്ക് പോകുന്നത്. സിലോൺ സിനിമയുടെ ഭാഗമായ അദ്ദേഹം അവരുടെ സംസ്കാരവും ജീവിതരീതികളും പഠിച്ചെടുത്ത് സിംഹളചിത്രങ്ങളൊരുക്കി. ലങ്കയിൽ അനുകൂലമായ മണ്ണൊരുക്കി അറിയപ്പെടുന്ന സംവിധായകനായി. 

1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. 10 സിംഹളീസ് ചിത്രങ്ങളും 65 മലയാളം ചിത്രങ്ങളും സംവിധാനം ചെയ്തു.

http://en.wikipedia.org/wiki/A._B._Raj

ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ “ബ്രിഡ്ജ് ഇൻ ദി റിവർ ക്വയി” എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് 23 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.