കഴുമരം
ദുർമ്മാർഗ്ഗിയായ മകനെ തിരുത്താതെയും, അവന് നേർവഴി കാട്ടാതെയും, ബാല്യത്തിലേ അവൻ ചെയ്തിരുന്ന ദുഷ്ചെയ്തികളെ ന്യായീകരിച്ചും പ്രോത്സാഹിപ്പിച്ചും പോന്ന അമ്മ പിന്നീട് അനുഭവിക്കേണ്ടിവന്ന പുത്രദുഃഖത്തിന്റെ കഥ.
Actors & Characters
Actors | Character |
---|---|
വിജയൻ | |
മോഹൻ കുമാർ | |
ഭാർഗ്ഗവൻ പിള്ള | |
രാധിക | |
ഇന്ദു | |
ഗോമതിയമ്മ/ഭാരതിയമ്മ | |
നാരായണൻ കുട്ടി | |
ജോൺ റോബർട്ട് | |
വാസു | |
വിജയന്റെ ബാല്യം | |
മോഹനന്റെ ബാല്യം | |
കെ ബി മേനോൻ | |
വിലാസിനിയമ്മ | |
Main Crew
കഥ സംഗ്രഹം
നിർധനയും വിധവയുമായ ഗോമതിയമ്മയുടെ ഏകമകനാണ് വിജയൻ. സ്കൂളിൽ പഠിക്കുന്ന അവനാകട്ടെ ഒരു താന്തോന്നിയും ദുസ്വഭാവിയുമാണ്. അവസരം പോലെ, കയ്യിൽ കിട്ടുന്നതെന്തും മോഷ്ടിക്കുന്ന ശീലവും ചെറുപ്രായത്തിൽത്തന്നെ അവനുണ്ട്. അധ്യാപകരും അയൽവാസികളും നാട്ടുകാരുമൊക്കെ വിജയനെക്കുറിച്ച് നിരന്തരം ഗോമതിയമ്മയോട് ഓരോരോ പരാതികൾ പറയുമ്പോൾ, ഗോമതി അതൊന്നും മുഖവിലയ്ക്കെടുക്കാതെ മകനെ പിന്തുണച്ചും ന്യായീകരിച്ചും സംസാരിക്കുകയും പരാതി പറയുന്നവരെ അധിക്ഷേപിക്കുകയും ചെയ്യാറാണ് പതിവ്. മകന്റെ മോഷണ ശീലത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടും അവർ അവനെ തിരുത്താൻ ശ്രമിക്കുന്നില്ല എന്ന് മാത്രമല്ല അവന്റെ ആ തെറ്റുകൾ മറച്ചുപിടിക്കുക വഴി അവന് വീണ്ടും അതൊക്കെ ആവർത്തിക്കാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
പലചരക്കുകടയിലെ പറ്റുതീർക്കാത്തതിൽ അമ്മയെ കടക്കാരൻ വഴക്കുപറഞ്ഞതുകണ്ട വിജയൻ അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്ന് പട്ടാപ്പകൽ പണം മോഷ്ടിക്കുന്നു. അതുവഴി പോവുന്ന കുട്ടികൾ അവൻ പണം മോഷ്ടിക്കുന്നത് കാണുന്നു. താൻ അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്ന് പണമെടുത്ത വിവരം വിജയൻ അമ്മയോട് പറയുകയും, മോഷണം നടത്തുന്നത് ആരെങ്കിലും കണ്ടുവോ എന്ന് അവർ അവനോട് ആരായുകയും ചെയ്യുന്നു. തൽസമയം ഒരുകൂട്ടം ആളുകൾ, വിജയന്റെ മോഷണത്തിന് ദൃസ്സാക്ഷികളായ കുട്ടികൾക്കൊപ്പം അവിടെയെത്തുകയും ദേവസ്വം മാനേജരുടെ മുന്നിൽ ഹാജരാക്കാനായി അവനെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഗോമതിയമ്മ അവരെ തടഞ്ഞും അവരുടെ ആരോപണം നിഷേധിച്ചുംകൊണ്ട്, തന്റെ മകൻ ഒരിക്കലും മോഷ്ടിക്കില്ലെന്നും അവനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും പറയുന്നു. എന്നാൽ അവർ അത് വകവയ്ക്കാതെ വിജയനെ ബലമായി ദേവസ്വം മാനേജരുടെ അടുക്കലേക്ക് പിടിച്ചുകൊണ്ടുപോവുകയും മോഷണത്തിനുള്ള ശിക്ഷയായി അവന്റെ കൈത്തണ്ടയിൽ 'കള്ളൻ' എന്ന് പച്ചകുത്തുകയും ചെയ്യുന്നു. ആ അപമാനം സഹിക്കാനാവാതെ വിജയൻ വഴിവക്കിൽ പതിയിരുന്ന്, അതുവഴി പോകുന്ന ദേവസ്വം മാനേജരെ വടികൊണ്ടു തലയ്ക്കടിച്ച് വീഴ്ത്തുന്നു. അയാൾ ചോരവാർന്നു പിടഞ്ഞു നിശ്ചലനാകുന്നത് കണ്ടു പേടിച്ച വിജയൻ ഒരു ലോറിയിൽ കയറിപ്പറ്റി നാടുവിടുന്നു.
മകനെ കാണാതായതിന്റെ സങ്കടത്തിൽ വിലപിക്കുന്ന ഗോമതിയമ്മയെ അയൽക്കാരും നാട്ടുകാരും കുറ്റപ്പെടുത്തുന്നു. വിജയനെ അമിതമായി ലാളിച്ചും, അവന്റെ തെറ്റുകളെ ന്യായീകരിച്ചും അവനെ വഷളാക്കിയതിന്റെ ഫലമാണ് ഗോമതി ഇപ്പോൾ അനുഭവിക്കുന്നതെന്ന് അവർ പറയുമ്പോഴും ഗോമതിയമ്മയ്ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്ന് മാത്രമല്ല തന്നെ കുറ്റപ്പെടുത്തിയവരോട് അവർ കയർക്കുകയും ശാപവാക്കുകൾ ചൊരിയുകയും ചെയ്യുന്നു.
മകനെ അന്വേഷിച്ച് വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ അലയുന്ന ഗോമതി ഒരു അമ്പലനടയിലെത്തുന്നു. തന്റെ രൂപത്തോട് അത്ഭുതകരമാം വിധം സാമ്യമുള്ള, കാഴ്ചയിൽ സമ്പന്നയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെ അവിടെ കണ്ട് അവർ അമ്പരക്കുന്നു. തന്നോട് അപാരമായ രൂപസാദൃശ്യമുള്ള ഗോമതിയെ കണ്ട് ആ സ്ത്രീയും അത്ഭുതപ്പെടുന്നു. അവർ ഗോമതിയെ പരിചയപ്പെടുകയും, തന്റെ പേര് ഭാരതിയമ്മ എന്നാണെന്നും, ഒരാഴ്ച ആ അമ്പലത്തിൽ കുളിച്ചു തൊഴാൻ വന്നതാണെന്നും പറയുകയും ചെയ്യുന്നു. കാണാതായ മകനെ തിരഞ്ഞ് അലയുന്ന ഗോമതിയോട് അനുകമ്പ തോന്നുന്ന ഭാരതി അവരെ, തന്റെ താമസത്തിനായി ബുക്ക് ചെയ്തിട്ടുള്ള മുറിയിൽ തനിക്കൊപ്പം താമസിപ്പിക്കുന്നു. മാറിയുടുക്കാൻ തന്റെ വസ്ത്രങ്ങൾ നൽകുന്നു. അവിടത്തെ താമസത്തിനിടയിൽ ഭാരതി തന്റെ നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും, മരിച്ചുപോയ ഭർത്താവിനെക്കുറിച്ചും, സ്കൂൾ വിദ്യാർത്ഥിയായ മകനെക്കുറിച്ചും, ജയിലിൽ കഴിയുന്ന താന്തോന്നിയും ചട്ടമ്പിയുമായ തന്റെ അനുജനെക്കുറിച്ചുമെല്ലാം വിശദമായി ഗോമതിയോട് പറയുന്നു. ക്ഷേത്രദർശനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്ന ഭാരതി തനിക്കൊപ്പം ഗോമതിയേയും കൂടെ കൂട്ടുന്നു. യാത്രാമധ്യേ, വിജനമായ ഒരു സ്ഥലത്തുവച്ച് അവർ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. വാഹനത്തിൽ നിന്ന് തെറിച്ചു വീഴുന്ന ഗോമതി നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും, കൊക്കയിലേക്ക് വീണ് പൂർണ്ണമായും അഗ്നിക്കിരയാവുന്ന കാറിനുള്ളിൽപ്പെട്ട് ഭാരതിയും ഡ്രൈവറും മരണപ്പെടുകയും ചെയ്യുന്നു.
ഭാരതിയുടെ മരണവിവരം അറിയിക്കാൻ തിടുക്കത്തിൽ അവരുടെ വീട്ടിലെത്തുന്ന ഗോമതി കൊട്ടാര സദൃശ്യമായ ആ വീട് കണ്ട് അമ്പരക്കുന്നു. വീട്ടിലെ വേലക്കാർ ഗോമതിയെ ഭാരതിയെന്ന് തെറ്റിദ്ധരിക്കുകയും അവരുടെ ദേഹത്തെ പരിക്കുകൾ കണ്ട് കാര്യം ആരായുകയും ചെയ്യുന്നു. തങ്ങൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ച കാര്യം ഗോമതി പറയുമ്പോൾ, തങ്ങളുടെ യജമാനത്തിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന് ആശ്വാസം കൊള്ളുന്ന വീട്ടുജോലിക്കാർ ഗോമതിക്ക് കൂടുതലൊന്നും സംസാരിക്കാനുള്ള സാവകാശം നൽകാതെ അവരെ അകത്തേക്ക് കൊണ്ടുപോകുന്നു. ഭാരതിയുടെ മകനായ മോഹനന് തീരെ സുഖമില്ലെന്നും അമ്മയെ കാണണമെന്ന് പറഞ്ഞ് സദാ കരച്ചിലാണെന്നും ജോലിക്കാർ പറയുന്നു. ഗോമതിയെ കാണുന്ന മാത്രയിൽത്തന്നെ മോഹനൻ അവരെ കെട്ടിപ്പിടിച്ച് കരയുകയും, അമ്മ ഒരിക്കലും തന്നെ തനിച്ചാക്കി പോകരുതെന്ന് പറയുകയും ചെയ്യുന്നു. അമ്മ മരിച്ച വിവരം ആ കുഞ്ഞിനോട് പറയാനാവാതെ വിഷമിക്കുന്ന ഗോമതി, തൽക്കാലം ഭാരതിയായി അവിടെ കഴിയാൻ തന്നെ തീരുമാനിക്കുന്നു.
വർഷങ്ങൾ കടന്നുപോകുന്നു. പല സ്ഥലങ്ങളിലായി പോക്കറ്റടിയും മോഷണവും നടത്തി കഴിഞ്ഞുപോന്ന വിജയനും, ഗോമതി സ്വന്തം അമ്മയെന്ന് ധരിച്ച് അവരെ ജീവനെപ്പോലെ സ്നേഹിക്കുന്ന മോഹനനും വളർന്ന് യുവാക്കളായിക്കഴിഞ്ഞിരിക്കുന്നു. ഇതിനിടയിലെപ്പോഴോ വിജയൻ അമ്മയെ അന്വേഷിച്ച് നാട്ടിൽ പോവുകയും അവർ അവിടെയില്ല എന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അയാൾ തന്റെ അമ്മയ്ക്കായുള്ള അന്വേഷണത്തിലാണ്.
ഭാരതിയുടെ സഹോദരൻ ഭാർഗ്ഗവൻ പിള്ള ജയിലിൽ നിന്നിറങ്ങി പെങ്ങളെ കാണാനെത്തുന്നു. ഭാരതി പറഞ്ഞ് ഗോമതിക്ക് അയാളെക്കുറിച്ചറിയാവുന്നതിനാൽ അവർ ഭാരതിയെന്നപോലെ അയാളോടും പെരുമാറുന്നു. ഭാർഗ്ഗവൻ അവരോട് പണം ആവശ്യപ്പെടുന്നു. ഇത് അവസാനത്തെ തവണയാണെന്ന മുന്നറിയിപ്പോടെ അവർ അയാൾക്ക് പണം നൽകുന്നു. വേശ്യാവൃത്തി നടത്തുന്ന വിലാസിനിയമ്മയുടെ വളർത്തുമകൾ രാധികയെ കാണാനിടയാവുന്ന വിജയന് അവളോട് താൽപര്യം തോന്നുന്നു. ഭാർഗ്ഗവനും അവളുടെ മേൽ ഒരു കണ്ണുണ്ട്. അവൾക്കു വേണ്ടി അവർ ഇരുവരും വിലാസിനിക്ക് പണം നൽകുന്നു. അവരുടെ വീട്ടിലെത്തുന്ന ഭാർഗ്ഗവനെ വിലാസിനി രാധികയുടെ മുറിയിലേക്ക് കയറ്റി വിടുകയും അയാളുടെ ഇംഗിതത്തിന് വഴങ്ങാൻ തയ്യാറാകാതെ രാധിക അയാളെ എതിർക്കുകയും ചെയ്യുന്നു. അതേസമയം വിജയനും അവിടെയെത്തുന്നു. രാധിക തന്നെയാണ് അയാളുടെയും ലക്ഷ്യം. അവളുടെ മുറിയിൽ നിന്ന് ഭാർഗ്ഗവനെ അയാൾ അടിച്ചോടിക്കുന്നുവെങ്കിലും വിജയന്റെ ലക്ഷ്യവും തന്റെ ശരീരം തന്നെയാണെന്ന് മനസ്സിലാക്കുന്ന രാധിക പുച്ഛസ്വരത്തിൽ അയാളോട് സംസാരിക്കുകയും അവളുടെ വാക്കുകളാൽ മനംമാറ്റമുണ്ടാകുന്ന അയാൾ അവിടെ നിന്നിറങ്ങിപ്പോകുകയും ചെയ്യുന്നു. രാധികയെ വിലാസിനിയുടെ വീട്ടിൽ നിന്ന് രക്ഷപെടുത്താനും അവളെ വിവാഹം കഴിക്കാനും വിജയൻ തീരുമാനിക്കുകയും അവളെ അതറിയിക്കുകയും ചെയ്യുന്നു.
ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഉണരുന്ന ഗോമതി, ഒരു കള്ളൻ തന്റെ വീട്ടിലെ അലമാര തുറക്കാൻ ശ്രമിക്കുന്നത് കാണുന്നു. അയാളുടെ കൈത്തണ്ടയിൽ 'കള്ളൻ' എന്ന് പച്ചകുത്തിയിരിക്കുന്നത് കാണുന്ന അവർ അത് തന്റെ മകനാണെന്ന് തിരിച്ചറിയുന്നു. ഗോമതിയെ കാണുന്ന വിജയൻ അവരെയും തിരിച്ചറിയുന്നു. അമ്മയും മകനും പരസ്പരം ആശ്ലേഷിക്കാൻ തുടങ്ങവേ, മോഹനൻ അങ്ങോട്ടേക്കെത്തുന്നു. താൻ ഭാരതിയല്ല ഗോമതിയാണെന്ന സത്യമറിഞ്ഞാൽ മോഹനൻ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിൽ, ഗോമതി പൊടുന്നനെ വിജയനെ ചൂണ്ടി 'കള്ളൻ..കള്ളൻ' എന്ന് വിളിച്ചുകൂവുകയും, തന്റെ അമ്മയിൽ നിന്നുണ്ടായ അത്തരമൊരു പ്രതികരണത്തിൽ സ്തബ്ധനായിപ്പോവുന്ന വിജയനെ മോഹനൻ പിടികൂടി പോലീസിലേൽപ്പിക്കുകയും ചെയ്യുന്നു.
തന്റെ അമ്മയായ ഗോമതിയാണ് ആ വീട്ടിലുള്ളതെന്നും അവരെ കാണാനാണ് താനവിടെ ചെന്നതെന്നും വിജയൻ കോടതിയിൽ പറയുന്നെങ്കിലും ഗോമതി അത് നിഷേധിക്കുന്നു. തുടർന്ന് കോടതിയുടെ അനുവാദത്തോടെ വിജയൻ ഗോമതിയെ വിസ്തരിക്കുന്നു. ഉള്ളിലെ ധർമ്മസങ്കടം അടക്കിപ്പിടിച്ച് അവർ വിജയന്റെ ചോദ്യങ്ങളെ നേരിടുകയും അയാളുടെ വാദങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. താൻ ഭാരതിയാണെന്നും വിജയൻ തന്റെ മകനല്ലെന്നും ഗോമതി തീർത്തു പറയുന്നു. മോഷണശ്രമത്തിന് വിജയനെ കോടതി മൂന്നു മാസത്തേക്ക് ശിക്ഷിക്കുന്നു.
രാധികയെ ഭാർഗ്ഗവന് കാഴ്ചവയ്ക്കാനുള്ള വിലാസിനിയമ്മയുടെ ശ്രമങ്ങളിൽ നിന്ന് രക്ഷപെടുന്നതിനായി അവൾ വിജയന്റെ വീട്ടിലെത്തുകയും അയാളുടെ സന്തതസഹചാരിയായ നാരായണൻകുട്ടി അവളെ സ്വന്തം സഹോദരിയെപ്പോലെ കരുതി സ്വീകരിക്കുകയും ചെയ്യുന്നു.
ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടുന്ന വിജയൻ ഗോമതിയമ്മയുടെ വീട്ടിലെത്തി അവരെ കാണുന്നു. കോടതിയിൽ പരസ്യമായി സത്യം നിഷേധിച്ചതിന്റെ കാരണം തനിക്ക് മനസ്സിലാവുമെന്നു വിജയൻ പറയുന്നു, എന്നാൽ ഇപ്പോൾ തങ്ങൾ രണ്ടുപേരും മാത്രമുള്ള ഈ സമയത്തെങ്കിലും താൻ അവരുടെ മകനാണെന്ന് സമ്മതിക്കണമെന്ന് വിജയൻ ഗോമതിയോട് യാചിക്കുന്നു. എന്നാൽ ആ മുറിക്കപ്പുറം നിന്ന് ആ സംഭാഷണം കാതോർക്കുന്ന മോഹനന്റെ സാന്നിധ്യം മനസ്സിലാക്കുന്ന ഗോമതി, കരച്ചിലടക്കിക്കൊണ്ട് വീണ്ടും തന്റെ മാതൃത്വം നിഷേധിക്കുകയും താൻ വിജയന്റെ അമ്മയല്ലെന്ന് തീർത്തു പറയുകയും ചെയ്യുന്നു. താൻ മരിക്കുന്നതിനു മുൻപ് അവരെക്കൊണ്ട് തന്നെ 'മകനേ' എന്ന് വിളിപ്പിക്കുമെന്ന് ശപഥം ചെയ്ത് അയാൾ തിരിച്ചുപോകുന്നു. അയാൾ പോയതിനു ശേഷം പൊട്ടിക്കരയുന്ന ഗോമതിയുടെ അടുത്തെത്തുന്ന മോഹനൻ, കോടതിയിൽ വിജയൻ അവർ തന്റെ അമ്മയാണെന്നു പറഞ്ഞത് കേസിൽ നിന്ന് രക്ഷപെടാനാണെന്ന് കരുതിയാൽപ്പോലും, ശിക്ഷ വിധിപ്പെട്ട ശേഷം വീണ്ടും തനിച്ച് ഇവിടെ വന്ന് വീണ്ടും അതു തന്നെ പറയുന്നതെന്തിനെന്നു സംശയം പ്രകടിപ്പിക്കുന്നു. അതിനു മറുപടിയായി, വിജയൻ ഒരു ഭ്രാന്തനാണെന്ന് ഗോമതി തറപ്പിച്ചു പറയുന്നു. മോഹനൻ അവരെ ആശ്വസിപ്പിക്കുന്നു.
നാരായണൻ കുട്ടിയെ ആക്രമിച്ച് വിജയന്റെ വീട്ടിൽ നിന്ന് രാധികയെ കടത്തിക്കൊണ്ടുപോകാൻ വിലാസിനിയമ്മയും കൂട്ടരും ശ്രമിക്കുന്നു. തക്കസമയത്ത് അവിടെയെത്തുന്ന വിജയൻ ആ ശ്രമം പരാജയപ്പെടുത്തുന്നു. താൻ പോലീസിന് കീഴടങ്ങാൻ പോകുന്നുവെന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്നതു വരെ തന്റെ വീട്ടിൽത്തന്നെ താമസിക്കാനും അയാൾ രാധികയോട് പറയുന്നു. എന്നാൽ അവിടെ താമസിക്കുന്നതിന് തനിക്ക് ഒരു താലിയുടെ സുരക്ഷിതത്വം വേണെമെന്നു രാധിക ആവശ്യപ്പെടുന്നതനുസരിച്ച് പോലീസിനു കീഴടങ്ങും മുൻപേതന്നെ അവർ തമ്മിലുള്ള വിവാഹം നടത്താൻ ഇരുവരും തീരുമാനിക്കുന്നു. തന്റെ വിവാഹത്തിന് ആശീർവാദം നൽകേണ്ട അമ്മ തന്നെ മകനായിപ്പോലും അംഗീകരിക്കുന്നില്ലല്ലോയെന്ന് അയാൾ പരിതപിക്കുന്നു. വിവാഹത്തിനായി നിശ്ചയിച്ച സ്ഥലത്ത് മുഹൂർത്തസമയത്ത് താൻ എത്തിക്കൊള്ളാമെന്ന് പറഞ്ഞ് അയാൾ അവിടം വിടുന്നു
ഗോമതിയമ്മയുടെ കാലുപിടിച്ചു യാചിച്ചിട്ടാണെങ്കിലും തങ്ങളുടെ വിവാഹം നടക്കുന്നിടത്ത് അവരെ എത്തിക്കണമെന്ന് നിശ്ചയിച്ചുറപ്പിക്കുന്ന രാധിക ഒരു ക്ഷേത്രനടയിൽ വച്ച് അവരെ കണ്ട് താൻ വിജയന്റെ ഭാര്യയാകാൻ പോവുന്നവളാണെന്ന് പറയുകയും വിവാഹത്തിന് ആശിർവാദം നേരാൻ അമ്മ എത്തണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. വിജയൻ തന്റെ മകനാണെന്നത് അവിടെ വച്ച് ഗോമതി രാധികയോട് തുറന്ന് സമ്മതിക്കുകയും, അവരുടെ വിവാഹസ്ഥലത്ത് താൻ എത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നു. എന്നാൽ ഭാർഗ്ഗവന്റെ സഹായി വാസു അവരുടെ സംസാരം ശ്രദ്ധിക്കാനിടയാവുകയും, അയാളത് ഭാർഗ്ഗവനെ അറിയിക്കുകയും, വിജയൻ വിവാഹത്തിനായി എത്തുന്ന സ്ഥലവും സമയവും ഭാർഗ്ഗവൻ പോലീസിന് ചോർത്തിക്കൊടുക്കുകയും ചെയ്യുന്നു.
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |