എസ് പി ബാലസുബ്രമണ്യം

SP Balasubramaniam
Date of Birth: 
ചൊവ്വ, 4 June, 1946
Date of Death: 
Friday, 25 September, 2020
സംഗീതം നല്കിയ ഗാനങ്ങൾ: 6
ആലപിച്ച ഗാനങ്ങൾ: 101

ആന്ധ്രപ്രദേശ് നെല്ലൂരിലെ കൊനെട്ടമ്മപേട്ടയിൽ എസ്. പി. സാമ്പമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി 1946 ജൂലായ്  4 ആം തിയതി ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം ജനിച്ചു.

എസ്.പി.ബി എന്നും ബാലു എന്നും അറിയപ്പെടുന്ന ഇദ്ദേഹം കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അച്ഛൻ ആഗ്രഹിച്ചത് അദ്ദേഹത്തെ ഒരു എൻ‌ജിനീയർ ആക്കാനായിരുന്നു.

അങ്ങിനെ അനന്തപൂരിലെ എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും  ടൈഫോയിഡ് പിടിച്ചതിനാൽ തുടർ വിദ്യാഭ്യാസം സാധ്യമാകാത്ത അദ്ദേഹം ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി. 

ഇതിനിടയിൽ പല മത്സരങ്ങളിൽ നല്ല ഗായകനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പഠനത്തോടൊപ്പം ലളിത സംഗീതത്തിലും മുൻ‌നിരക്കാരനായ അദ്ദേഹം പഠനം ശേഷം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായി. 

1966 ഡിസംബർ 15 ആം തിയതി ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിൽ പാടി ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് ചുവടുവെച്ച അദ്ദേഹം 40000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി പാടിയിട്ടുണ്ട്. ഇതിൽ തെലുങ്ക്/തമിഴ്/കന്നഡ എന്നീ ഭാഷകളിലാണ് അദ്ദേഹം കൂടുതൽ പാടിയിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്. 

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകർക്കായി അദ്ദേഹം  ഗാനങ്ങൾ പാടിയീട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡ് എസ്.പി.ബി ക്ക് സ്വന്തമാണ്. 

ഗായകൻ/നടൻ/സംഗീത സംവിധായകൻ/ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ഇദ്ദേഹത്തിന് നല്ല ഗായകനുള്ള ദേശീയ അവാർഡ് ആറു തവണയും ഒപ്പം പത്മഭൂഷൻ അവാർഡുൾപ്പെടെ വിവിധ സംസ്ഥാന അവാർഡുകളും  മറ്റു ബഹുമതികളും അദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.

2020 സെപ്റ്റംബർ 25 ആം തിയതി അദ്ദേഹം തന്റെ 74 ആം  വയസ്സിൽ 
ചെന്നൈ അരുമ്പാക്കം നെൽസൺ മാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

സാവിത്രിയാണ് ഭാര്യ/ഗായകനും നടനുമായ എസ്.പി.ബി. ചരണും/പല്ലവിയുമാണ് മക്കൾ.