ജി ദേവരാജൻ

G Devarajan
Date of Birth: 
ചൊവ്വ, 27 September, 1927
Date of Death: 
ചൊവ്വ, 14 March, 2006
പരവൂർ ദേവരാജൻ
സംഗീതം നല്കിയ ഗാനങ്ങൾ: 1,939
ആലപിച്ച ഗാനങ്ങൾ: 9

'ജി ദേവരാജന്‍ - സംഗീതത്തിന്‍റെ രാജശില്‍പ്പി' - പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ജി ദേവരാജനെ പറ്റി രചിച്ച ഗ്രന്ഥത്തിന്റെ പേരാണ്. ഇതിലും മികച്ചൊരു വിശേഷണം ജി ദേവരാജന്‍ എന്ന സംഗീത സംവിധായകന് നല്‍കാനില്ല. ഏറെ സവിശേഷതയാര്‍ന്ന മലയാള ഗാനശാഖയെ അതിന്‍റെ ശൈശവകാലത്ത് രൂപപ്പെടുത്തിയെടുത്തത്തില്‍ ഏറ്റവും പ്രധാനപെട്ട പങ്ക് വഹിച്ച സംഗീത ശില്‍പ്പി ആണ് ജി ദേവരാജന്‍.

1927 സെപ്റ്റംബര്‍ 27 നു കൊല്ലം ജില്ലയിലെ പരവൂര്‍ കോട്ടപ്പുറത്ത് പന്നക്കാടില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദനാശാന്റെയും കൊച്ചു കുഞ്ഞിന്റെയും ആദ്യ മകനായിട്ടാണ് പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍  എന്ന ജി ദേവരാജന്‍ മാസ്റ്റര്‍ പിറന്നത്. വീട്ടില്‍ അധ്യാപകനെ വരുത്തിയും തെക്കുംഭാഗം ലോവര്‍ പ്രൈമറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. അതിനു ശേഷം കോട്ടപ്പുറം ഹൈസ്കൂളില്‍ പഠിച്ചു. തിരുവനന്തപുരം ശ്രീ മൂലവിലാസം ഹൈസ്കൂളില്‍ നിന്നും ആണ് ഇംഗ്ലീഷ് സ്കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയത്. തുടര്‍ന്ന് കോളെജ് വിദ്യാഭ്യാസവും തിരുവനന്തപുരത്തായിരുന്നു.

1946-48 കാലഘട്ടത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് ഒന്നാം ക്ലാസ്സില്‍ പാസ്സായി. എഞ്ചിനീയറിംഗിനു പ്രവേശനം ലഭിച്ചു എങ്കിലും അത് ഉപേക്ഷിച്ച് എം ജി കോളെജില്‍ സാമ്പത്തിക ശാസ്ത്രം ഐച്ഛിക വിഷയമായി  എടുത്ത് പഠിച്ചു.

മൃദംഗ വിദ്വാന്‍ ആയിരുന്ന അച്ഛന് ആണു സംഗീതത്തിലെ ആദ്യത്തെ ഗുരു. അതോടൊപ്പം നിരവധി ഗുരുക്കന്മാര്‍ വീണ, വായ്പ്പാട്ട് എന്നിവയും അഭ്യസിപ്പിച്ചു. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം വളരെച്ചെറുപ്പത്തില്‍ തന്നെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിട്ടപ്പെടുത്തി പാടി കൈയ്യടി നേടിയ അദ്ദേഹം പതിനേഴാം വയസ്സില്‍ വായ്പാട്ടില്‍ അരങ്ങേറി. അതേ തുടര്‍ന്നു തന്റെ സംഗീത സാമ്രാജ്യത്തിനു അടിത്തറ നല്‍കിയ കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി. സ്വരസ്ഥാനങ്ങളുടെ കണിശതയും സംഗീത ശാസ്ത്രത്തിലുള്ള വിജ്ഞാനവും പരവൂര്‍ ദേവരാജന്‍ എന്ന സംഗീതജ്ഞനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കി. പ്രശസ്തരായ  കവികളുടെ ഗാനങ്ങള്‍ വശ്യമായ ഈണത്തിലൂടെ ദേവരാജന്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന്‍റെ സ്വീകാര്യത കൂട്ടി.

കോളേജ് പഠന കാലഘട്ടത്തില്‍ ആണ് കവി ഓഎന്‍വി കുറുപ്പുമായുള്ള സൗഹൃദം തുടങ്ങുന്നത്. ഓഎന്‍വി എഴുതുന്ന വരികള്‍ ദേവരാജന്‍ ഈണമിട്ട് പാടി ആ സൗഹൃദം വളര്‍ന്നു. 1951-52 ല്‍ കൊല്ലം എസ് എന്‍ കോളെജിലെ യൂണിയന്‍ യോഗത്തില്‍ "പൊന്നരിവാള്‍ അമ്പിളിയിൽ " എന്ന ഒ എന്‍ വി ഗാനം ദേവരാജന്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് ശ്രദ്ധേയമായി. തുടര്‍ന്ന് മലയാള ലളിത ഗാന ശാഖയുടെ വളര്‍ച്ചയ്ക്ക് മുതല്‍കൂട്ടായ നിരവധി നാടകഗാനങ്ങള്‍ ഇവര്‍ രണ്ടു പേരും ചേര്‍ന്ന് സൃഷ്ക്കുകയും ഈ ഗാനങ്ങളൊക്കെയും  കെ പി എ സി യുടെ നിരവധി നാടകങ്ങളിലൂടെ മലയാളികളുടെ ചുണ്ടുകളില്‍ എത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ്‌ 1955 ല്‍ കാലം മാറുന്നു എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കാന്‍ ഇരുവര്‍ക്കും അവസരം ലഭിക്കുന്നത്. രണ്ട് പേരുടെയും സംഭവബഹുമായ സിനിമാ ജീവിതത്തിന് അങ്ങനെ കാലം മാറുന്നുവിലൂടെ തുടക്കമിട്ടു.

1959ല്‍ ചതുരംഗം എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ രാമവര്‍മ്മയുമായി ഒന്നിച്ച ദേവരാജന്‍ തുടര്‍ന്നു 130ല്‍ അധികം ചിത്രങ്ങള്‍ക്ക് വേണ്ടി വയലാറിന്റെ വരികള്‍ സ്വരപ്പെടുത്തി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്കും ഗാനങ്ങള്‍ക്കും ഒന്നിച്ച ഗാനരചയിതാവും സംഗീത സംവിധായകനും ആണ് ഈ ജോഡി.

സംഗീതത്തില്‍ ഉള്ള പാണ്ഡിത്യം കൂടാതെ മലയാള ഭാഷയില്‍ ഉള്ള പ്രവീണ്യവും കവിതകളോടുള്ള പ്രേമവും ആണ് ദേവരാജന്റെ സംഗീതത്തിന്‍റെ സവിശേഷത. ഗാനരചയിതാവില്‍ നിന്നും വരികള്‍ എഴുതിവാങ്ങി അതിന് അനുയോജ്യമായ ഈണം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി. സംഗീതം ഭാഷയോട് ചേര്‍ന്ന് നില്‍ക്കണം എന്നാ കാര്യത്തില്‍ വലിയ ഔചിത്യവും കാര്കശ്യവും അദ്ദേഹം പുലര്‍ത്തിയിരുന്നു. അത്തരത്തില്‍ സൃഷ്ടിച്ച ഗാനങ്ങളില്‍ പ്രണയം, ഭക്തി, ദുഃഖം, ശൃംഗാരം, തത്വചിന്തകള്‍, നൃത്തം, ഹാസ്യം, അര്‍ദ്ധശാസ്ത്രീയ സംഗീതം, മാപ്പിള ഗാനങ്ങള്‍ തുടങ്ങി എല്ലാ തരം വൈവിധ്യങ്ങളും ഉണ്ടായിരുന്നു. ഗാനങ്ങള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, നാടോടി സംഗീതം, മാപ്പിള സംഗീതം തുടങ്ങി എന്തും കൃത്യമായ അളവില്‍ വിളക്കി ചേര്‍ക്കാന്‍ അഗ്രഗണ്യന്‍ ആണ് അദ്ദേഹം. വരികളുടെ ഈണത്തില്‍ എന്നപോലെ വാദ്യവിന്യാസത്തിലും മിതത്വവും ഔചിത്യവും അദ്ദേഹം പുലര്‍ത്തിയിരുന്നു.

പ്രൊഫഷണലിസം ആണ് ദേവരാജന്‍ എന്ന സംഗീത സംവിധായകനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. ഈണം ഒരുക്കുന്നത് മുതല്‍ റികോര്‍ഡിംഗ് തീരുന്നത് വരെ ഓരോ കാര്യവും സൂക്ഷമതയോടെയും ചിട്ടയോടെയും നിര്‍വഹിച്ചിരുന്ന കാര്കശ്യക്കാരന്‍ ആയിരുന്നു അദ്ദേഹം. ഇതുമൂലം സമയനഷ്ടമോ ധനനഷ്ടമോ ഇല്ലാതെ ഗാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിനാല്‍ അദ്ദേഹം അന്നത്തെ നിര്‍മ്മാതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ആക്കി. ഗായകര്‍ പാടുന്നതായാലും ഉപകരണ വാദകര്‍ വായിക്കുന്നതായാലും ഓരോ സ്വരങ്ങളും ഭാവവും താന്‍ നിശ്ചയിച്ചത് തന്നെ ആവണം എന്നും അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു.  

യേശുദാസ്, പി മാധുരി, പി സുശീല, പി ജയചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ബഹുഭൂരിപക്ഷവും ആലപിച്ചത്. 130ല്‍ അധികം പാട്ടുകാരെക്കൊണ്ട് അദ്ദേഹം പാടിച്ചിട്ടുണ്ട്. പില്‍ക്കാലത്ത്‌ സംഗീത സംവിധായകര്‍ എന്നാ നിലയില്‍ പേരെടുത്ത എം കെ അര്‍ജുനന്‍, ജോണ്‍സണ്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പേര്‍ അദ്ദേഹത്തിന്‍റെ സഹായികള്‍ ആയും കണ്ടക്ടര്മാരായും ഉപകരണ വാദകര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതാനും ചില ഗാനങ്ങള്‍ക്ക് ശബ്ദം ആവാനും ദേവരാജനിലെ ഗായകന് കഴിഞ്ഞിട്ടുണ്ട്.

മറ്റ് ചില സുപ്രധാന വിവരങ്ങള്‍:

  • മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി  പ്രവര്‍ത്തിച്ച സംഗീത സംവിധായകന്‍ -340ല്‍ അധികം
  • മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ - 1700ല്‍ അധികം
  • മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക്‌ വേണ്ടിയും ഗാനങ്ങള്‍ക്ക് വേണ്ടിയും ഒരു ഗാനരച്ചയിതാവുമായി ഒന്നിച്ച സംഗീത സംവിധായകന്‍ - വയലാറുമൊത്ത് 130ല്‍ അധികം ചിത്രങ്ങള്‍ക്ക് വേണ്ടി
  • മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യമായി ലഭിച്ച ആള്‍ - 1969ല്‍ കുമാരസംഭവത്തിലെ ഗാനങ്ങള്‍ക്ക്.
  • മലയാളത്തില്‍ ഒരു ഗായകനെ കൊണ്ട് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിച്ച സംഗീത സംവിധായകന്‍ - യേശുദാസ്, 650ല്‍ അധികം ഗാനങ്ങള്‍.
  • മലയാളത്തില്‍ ഒരു വര്ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി  പ്രവര്‍ത്തിച്ച സംഗീത സംവിധായകന്‍ - 1977ല്‍ 31 ചിത്രങ്ങള്‍

അന്‍പതുകളില്‍ തുടങ്ങി അറുപതുകളിലും എഴുത്പതുകളിലും എണ്പതുകളുടെ മദ്ധ്യം വരെയും ദേവരാജന്റെ ജൈത്രയാത്ര ആയിരുന്നു മലയാള സംഗീതത്തില്‍. പിന്നീട് സിനിമകളില്‍ നിന്നും പതിയെ പിന്മാറിയ അദ്ദേഹം തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ പാശ്ചാത്യ കൊയര്‍ സംഗീതം മലയാളത്തില്‍ അവതരിപ്പിക്കുന്ന ശക്തിഗാഥ കൊയര്‍ സംഘം സ്ഥാപിക്കുകയും വിവിധ ചാപ്റ്ററുകള്‍ തുറന്നു വളരെ സജീവമാക്കുകയും ചെയ്തു. സിനിമയും നാടകവും കൂടാതെ ആകാശവാണി, ദൂരദര്‍ശന്‍, ടെലിവിഷന്‍ പരമ്പരകള്‍, സ്വതന്ത്ര ലളിതഗാന - ഭക്തിഗാന സംഗീത സമാഹാരങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയും ധാരാളം ഗാനങ്ങള്‍ക്ക് വേണ്ടി ഈണം ഒരുക്കിയിട്ടുണ്ട്. ശബരിമല അയ്യപ്പന്‍റെ ഉറക്കുപാട്ടായ 'ഹരിവരാസനം വിശ്വമോഹനം', ഏറ്റവും പ്രസിദ്ധമായ വിപ്ലവഗാനമായ 'ബലികുടീരങ്ങളെ', സ്വരലയയുടെ ശീര്‍ഷകഗാനം ആയ ' സ്വരം സ്വരലയം ' എന്നിവ സിനിമയ്ക്ക് പുറത്തും അദ്ദേഹത്തിനു ഏറെ ഖ്യാദി നേടിക്കൊടുത്ത സൃഷ്ടികള്‍ ആണ്.

1969 (കുമാര സംഭവം) ,1970 (ത്രിവേണി) ,1972,1985 (ചിദംബരം) എന്നീ  വര്‍ഷങ്ങളിലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.1991 ല്‍
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു.1999 ല്‍ സമഗ്ര സംഭാവനക്കുള്ള ജെ സി ഡാനിയേല്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ് , പ്രേം നസീര്‍ അവാര്‍ഡ്, നവചേതനയുടെ ആര്‍ ജി മംഗലത്ത് അവാര്‍ഡ്, വര്‍ക്കല ടി എ മജീദ് അവാര്‍ഡ്, പട്ടത്തുവിള കരുണാകരന്‍ സ്മാരക അവാര്‍ഡ്, പേശും പടം അവാര്‍ഡ് എന്നിവയാണു നീണ്ട നാളിലെ സംഗീത തപസ്സിന്നിടയില്‍ ലഭിച്ച മറ്റു പുരസ്കാരങ്ങള്‍.

ദേവഗീതികള്‍, സംഗീത ശാസ്ത്ര നവസുധ, ഷഡ്കാല പല്ലവി എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

2006 മാര്‍ച്ച് 14 ആം തീയതി തന്റെ ലളിത രാഗ വൈവിദ്ധ്യ തീക്ഷ്ണത ഒരോ മലയാളിയുടെയും മനസ്സില്‍ അവശേഷിപ്പിച്ച് കൊണ്ട് ദേവരാജന്‍ മാസ്റ്റര്‍ യാത്ര പറഞ്ഞു. ജന്മദേശമായ പരവൂര്‍ തന്നെ അദ്ദേഹത്തെ ഏറ്റുവാങ്ങി. പരവൂര്‍ മുതല്‍ പരവൂര്‍ വരെ സഞ്ചരിക്കുന്നതിനിടയില്‍ ദേവരാജന്‍ മാസ്റ്റര്‍ കാട്ടിത്തന്ന സംഗീത വിസ്മയം എന്നും കേരളത്തിനു മുതൽക്കൂട്ടാണ്.

ഭാര്യ : ലീലാമണി ദേവരാജന്‍
മക്കള്‍ : ശര്‍മിള, രാജനന്ദ
മരുമക്കള്‍: അശോക് ബാലന്‍, നിഷ