പി എ ബക്കർ
തൃശൂരെ കാണിപ്പയ്യൂരിൽ ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ബക്കർ ജനിച്ചത്. വളരെ ചെറുപ്പത്തിൽതന്നെ പിതാവ് അഹമ്മദ് മുസലിയാർ മരിച്ചു. ബക്കറിന്റെ രണ്ടു സഹോദരന്മാർ സിങ്കപ്പൂരിലായിരുന്നു. ബാക്കിയുള്ളവർ തൃശൂരിൽ ബിസിനസ് നടത്തുന്നു. പിതാവിന്റെ മരണശേഷം അധികം വൈകാതെ കാണിപ്പയ്യൂരിൽനിന്നും തൃശൂർ നഗരത്തിലേക്ക് ബക്കറിന്റെ കുടുംബം താമസം മാറ്റി. സ്കൂൾപഠനകാലത്ത് കുട്ടികൾ നടത്തുന്ന 'കുട്ടികൾ ' എന്ന പേരിലുള്ള മാസികയുടെ പത്രാധിപരായിരുന്നു ബക്കർ, അങ്ങനെയങ്ങനെ തൃശൂരിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വഴികളിലൂടെ ബക്കറിന്റെ ജീവിതം വളർന്നു.
രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ്, മുടിയനായ പുത്രൻ എന്നീ സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു.പി കൃഷ്ണപ്പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള 'സഖാവ് ' എന്ന ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പലരും നോക്കാൻ മടിച്ച ജീവിതങ്ങൾക്കുനേരെയാണ് ബക്കർ കാമറ തിരിച്ചത്. ജീവിതത്തിന്റെ ഓരങ്ങളിലേക്ക് ഞെരുക്കപ്പെട്ടവരുടെ, ഒട്ടുമേ ചമയങ്ങളില്ലാത്ത മുഖങ്ങളായിരുന്നു ആ ചലച്ചിത്രകാരന്റെ കാഴ്ചകളെ പോറുതിമുട്ടിച്ചത്. അപരന്റെ ശബ്ദം സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കാലത്തിനായുള്ള സമരവും ജീവിതവുമായിരുന്നു ബക്കറിന്റെ സിനിമകളോരോന്നും.
കലഹങ്ങളും കലാപങ്ങളുംകൊണ്ട് മുഖരിതമായിരുന്നു ബക്കറിന്റെ ജീവിതം, ഒരു സിനിമയിലെന്നപോലെ സംഭവബഹുലമായി അദ്ദേഹം ജീവിച്ചു. 1993 നവംബർ 22-ന് ബക്കർ യാത്രയായി.
അവലംബം : ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് (ലെനിൻ രാജേന്ദ്രൻ)