രാമു കാര്യാട്ട്
മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളാണ് രാമു കാര്യാട്ട്. 1927ഫെബ്രുവരി 1-ന് തൃശ്ശൂരിലെ ചേറ്റുവയിൽ കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി ജനിച്ച രാമു കാര്യാട്ടിന് ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമെ നേടാനായുള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. കെ പി എ സിയിലൂടെ നാടകപ്രവർത്തകനായാണ് തുടക്കം. 1953ൽ തിരമാല എന്ന സിനിമയുടെ സഹസംവിധായകനായാണ് മലയാള സിനിമയിൽ രാമു കാര്യാട്ട് തുടക്കമിടുന്നത്.
കവിയും ഗാനരചയിതാവും സംവിധായകനുമായ പി ഭാസ്കരനുമൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്, ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി.
1965-ൽ തകഴി ശിവശങ്കരപ്പിള്ളയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ചെമ്മീൻ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടുന്ന തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് സംഗീതസംവിധാനം, ചലച്ചിത്രസംയോജനം, എന്നിങ്ങനെയുള്ള പല ജോലികൾക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നതും മലയാള സിനിമയിൽ ആദ്യമായിട്ടായിരുന്നു. മുടിയനായ പുത്രൻ എന്ന ചിത്രത്തിന് മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്റിന്റെ വെള്ളിമെഡൽ ലഭിച്ചു. മോസ്‌കോ ചലച്ചിത്രമേളയിലെ ജൂറി അംഗമായിരുന്നിട്ടുണ്ട്.
ഇടതുപക്ഷ അനുഭാവിയായിരുന്ന കാര്യാട്ട് അസംബ്ലിയിലേക്കും ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചു, ഒരുപ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രമടക്കം പതിമൂന്ന് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 1979 ഫെബ്രുവരി 10-ന് രാമു കാര്യാട്ട് അന്തരിച്ചു.
ഭാര്യ പരേതയായ സതി കാര്യാട്ട് (2010-ൽ അന്തരിച്ചു). മക്കൾ: പരേതനായ സോമൻ, സുധീർ, പരേതയായ സുമ (2019-ൽ അന്തരിച്ചു). നടൻ ദേവനാണ് സുമയുടെ ഭർത്താവ്.