വിജയൻ കാരോട്ട്

Vijayan Karottu

തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിയിലെ മണ്ണുംപേട്ടയിലാണ് വിജയൻ കാരോട്ട് ജനിച്ചത്. ജോസഫ് മുണ്ടശ്ശേരിയുടെ ശിഷ്യനായിരുന്ന വിജയൻ കുറച്ചുകാലം മുണ്ടശ്ശേരിയുടെ മകനും തൃശൂർ കറണ്ട് ബുക്ക്സ് സ്ഥാപകനുമായ തോമസിൻ്റെ ബുക്ക് സ്റ്റാൾ മാനേജരായി കൊഹ്ച്ചിയിൽ ജോലി ചെയ്തിരുന്നു. ചെറുകഥകളിലൂടെയും, പത്രപ്രവര്‍ത്തനത്തിലൂടെയും സുപരിചിതനായപ്പോൾ മുഴുവൻ സമയ എഴുത്തുകാരനാവാൻ വേണ്ടി ബുക്ക് സ്റ്റാളിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു. 

ചാരം, അഭയം തേടി എന്നീ നോവലുകളും ആയുധം അണിഞ്ഞവള്‍, കുരിശു മലയിലേക്ക് ഒരു യാത്ര, മൈഥിലി പോയ് വരൂ, കേസുകൾ, ആട്ടക്കളം എന്നീ കഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ച വിജയൻ കാരോട്ട്  രാമു കാര്യാട്ടുമായുള്ള സൗഹൃദത്തിൽ ദ്വീപ് എന്ന സിനിമയിൽ തിരക്കഥാ രചനയിൽ രാമു കാര്യാട്ടിന്റെ സഹായിയായി. തുടർന്ന് സിനിമാരംഗത്ത് സജീവമാവാൻ തുടങ്ങിയ വിജയൻ എ. പി. കുഞ്ഞിക്കണ്ണൻ, യു. പി. കരുണന്‍, രാമചന്ദ്രന്‍, സനല്‍കുമാര്‍ എന്നിവരെ പങ്കാളികളാക്കിക്കൊണ്ടു് എന്‍.എന്‍. ഫിലിംസ് എന്ന പേരിൽ ഒരു നിർമ്മാണക്കകമ്പനി സ്ഥാപിച്ചു. 1982 -ൽ ഭരതന്റെ സംവിധാനം ചെയ്ത മർമ്മരം എന്ന ചിത്രമായിരുന്നു ആദ്യമായി നിർമ്മിച്ചത്. തിരക്കഥ തയ്യാറാക്കിയത് ജോൺ പോൾ ആണെങ്കിലും ഇതിന്റെ കഥയും, സംഭാഷണവും രചിച്ചത് വിജ്യൻ കാരോട്ടായിരുന്നു. ഈ ചിത്രം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും ഈ ചിത്രത്തിന് ലഭിച്ചു. പക്ഷെ ചിത്രം സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല. അതോടെ എന്‍. എന്‍. ഫിലിംസ് എന്ന സിനിമാ നിർമ്മാണ കമ്പനി അടച്ചു.

1984 -ൽ ആശംസകളോടെ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്ത് തുടക്കം കുറിച്ച വിജയൻ തുടർന്ന് ആറ് ചിത്രങ്ങൾക്കൂടി സംവിധാനം ചെയ്തു. കൂടാതെ അഞ്ച് ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. ഇന്ദ്രജാലം എന്ന സിനിമയിലെ ഹോം മിനിസ്റ്റർ കെ ജി മേനോൻ എന്ന വില്ലൻ കഥാപാത്രമുൾപ്പെടെ ആറ് സിനിമകളിൽ വിജയൻ കാരോട്ട് അഭിനയിച്ചിട്ടുണ്ട്.

വിജയൻ കാരോട്ടിന്റെ ഭാര്യ സൗമിനി.   1992 മെയ് 4 -ന് വിജയൻ കാരോട്ട് അന്തരിച്ചു.

 

 

 

 

 .