യു എ ഖാദർ
കേരളത്തിലെ കൊയിലാണ്ടിയിൽ നിന്ന് ബർമയിലേക്ക് കുടിയേറിയ മൊയ്തീൻ കുട്ടി ഹാജിയുടേയും മ്യാൻമാർ സ്വദേശിനിയായ മാമൈദിയുടേയും മകനായി കിഴക്കൻ മ്യാൻമാറിലെ റംഗൂണിലെ ബില്ലിൻ എന്ന ഗ്രാമത്തിലാണ് യു എ ഖാദർ ജനിച്ചത്. ഖാദർ ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം മാതാവായ മാമൈദി വസൂരി കാരണം മരണപ്പെട്ടു. തുടർന്ന് ഖാദറിന് ഏഴുവയസ്സുവരെ അവിടെ തുടർന്നതിനുശേഷം രണ്ടാം ലോക മഹായുദ്ധകാലത്ത് ബർമയിൽ നിന്നും ബാലനായിരുന്ന ഖാദറിനേയും കൂട്ടി പിതാവ് കേരളത്തിലേക്ക് മടങ്ങിപ്പോന്നു.
കേരളത്തിലെത്തിയതിനുശേഷം പിതാവിന്റെ ജന്മനാടായ കൊയിലാണ്ടിയിലെ ഗവണ്മെന്റ് ഹൈസ്ക്കൂളിൽ പഠനം പൂർത്തിയാക്കിയ ഖാദർ തുടർന്ന് മദ്രാസ് കോളേജ് ഓഫ് ആർട്ട്‌സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. ചെന്നൈയിൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ കെ. എ. കൊടുങ്ങല്ലൂർ, സി. എച്ച്. മുഹമ്മദ് കോയ എന്നിങ്ങനെയുള്ള സാമൂഹ്യ പ്രവർത്തകരുമായുമായുള്ള ബന്ധം അദ്ദേഹത്തെ സാഹിത്യമേഖലയിലേക്ക് എത്തിക്കുകയായിരുന്നു. 1953 -മുതൽ ആനുകാലികങ്ങളിൽ കഥയെഴുതിത്തുടങ്ങിയ യു എ ഖാദർ 1956 -ൽ നിലമ്പൂരിലെ ഒരു മരക്കമ്പനിയിൽ ഗുമസ്തനായി ജോലി ആരംഭിച്ചു. 1957 -മുതൽ ദേശാഭിമാനി ദിനപത്രത്തിന്റെ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായ അദ്ധേഹം പിന്നീട് ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആന്റ് ചൈൽഡ് ഹെൽത്തിലും ഗവണ്മെന്റ് ആശുപത്രിയിലും ജോലിചെയ്തു.
കഥാസമാഹാരങ്ങൾ/ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ 'തൃക്കോട്ടൂർ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്ത രചനകളിൽ പ്രധാനപ്പെട്ടതാണ്. ഈ രചനയോടെ തൃക്കോട്ടൂർ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാന രചനകൾ. 1979 -ൽ യു എ ഖാദറിന്റെ കഥ അന്യരുടെ ഭൂമി നിലമ്പൂർ ബാലന്റെ സംവിധാനത്തിൽ സിനിമയായി. ഖാദർ തന്നെയായിരുന്നു തിരക്കഥയും സംഭാഷണവും നിർവഹിച്ചത്. അതിനുശേഷം 1987 -ൽ വിജയൻ കാരോട്ടിന്റെ സംവിധാനത്തിൽ ഖാദറിന്റെ ചന്തയിൽ ചൂടി വിൽക്കുന്ന പെണ്ണ് എന്ന കഥയും സിനിമയായി ഇറങ്ങി. സിനിമയുടെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് ഖാദർ ആയിരുന്നു.
കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പല കൃതികളും ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
ശ്വാസകോശ അർബുദത്തെത്തുടർന്ന് 2020 ഡിസംബറിൽ തന്റെ എൺപത്തിയഞ്ചാം വയസ്സിൽ യു എ ഖാദർ അന്തരിച്ചു.