നിലമ്പൂർ ബാലൻ

Nilambur Balan
Nilambur Balan
Date of Death: 
Sunday, 4 February, 1990
സംവിധാനം: 1

മലയാളചലച്ചിത്ര,നാടക നടൻ. കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. വളരെ ചെറുപ്പത്തിലെ ബാലൻ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ബാലനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച നിലമ്പൂർ യുവജന കലാസമിതി സാമൂഹ്യ പരിഷ്ക്കരണത്തിനു വേണ്ടിയുള്ള നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടി. 1965-ൽ മുറപ്പെണ്ണ് എന്ന സിനിമയിലൂടെ നിലമ്പൂർ ബാലൻ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. തുടർന്ന് അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1979-ൽ അന്യരുടെ ഭൂമി എന്ന ചിത്രം നിലമ്പൂർ ബാലൻ സംവിധാനം ചെയ്തു. ഈ സിനിമയിലാണ് പ്രശസ്ത നടൻ മാമുക്കോയ ആദ്യമായി അഭിനയിക്കുന്നത്.

നാടകനടിയായിരുന്ന വിജയലക്ഷ്മിയെയാണ് നിലമ്പൂർ ബാലൻ വിവാഹം ചെയ്യുന്നത്. 1957-ലായിരുന്നു അവരുടെ വിവാഹം. ‘നിലമ്പൂർ യുവജന കലാസമിതിക്കുവേണ്ടി’ അവർ നാടകരംഗത്ത് ഒന്നിച്ചഭിനയിക്കുവാൻ തുടങ്ങി. പിന്നീടു് ഈ ദമ്പതികൾ ചേർന്നു് ‘കളിത്തറ’ എന്ന പേരിൽ ഒരു നാടകസമിതിയും തുടങ്ങി ശ്രദ്ധേയങ്ങളായ നാടകങ്ങൾക്കു് പിറവികൊടുത്തു. ബാലൻ-വിജയലക്ഷ്മി ദമ്പതികൾക്കു മൂന്നു മക്കൾ. വിജയകുമാർ, സന്തോഷ്, ആശ. വിജയലക്ഷ്മിയും, നിലമ്പൂർ ബാലനും, മൂന്നുമക്കളും ചേർന്നു് ഒരു നാടകത്തിൽ ഒന്നിച്ചഭിനയിച്ചു​ എന്ന ഒരപൂർവ്വഭാഗ്യവും ഇവർക്കു് ​ ​സിദ്ധിക്കയുണ്ടായി. ​​1990 ഫെബ്രുവരി 4 നു് നിലമ്പൂർ ബാലൻ അകാലത്തിൽ വിടപറഞ്ഞു. നിലമ്പൂർ ബാലന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര, നാടക രംഗത്ത് മികച്ച സംഭാവന നൽകിയവർക്കുള്ള അവാർഡ് നിലമ്പൂർ ബാലൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധം : ജനനം കൊണ്ട് വടകരക്കാരനെങ്കിലും, കർമ്മം കൊണ്ട് എല്ലാ അർത്ഥത്തിലും നിലമ്പൂർകാരനായിരുന്നു ബാലൻ. എം എസ് പി പോലീസുകാരനായിരുന്ന പൊക്കൻന്റെയും ചെറുപ്പളശ്ശേരി സ്വദേശിനി ലക്ഷ്മിയുടെയും ആറു മക്കളിൽ രണ്ടാമത്തെ സന്തതിയാണ് 1933 ൽ ഭൂജാതനായ ബാലൻ. എം എസ് പി നിലമ്പൂരിൽനിന്നും റിട്ടയർആയ അച്ഛൻ, പഴയകാല നിലമ്പൂർ ചെട്ടിയങ്ങാടിയിൽ ആദ്യകാല കച്ചവടക്കാരിൽ ഒരാളായി ചായക്കച്ചവടം തുടങ്ങി. ബാലന് പതിമൂന്നു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. അതോടെ കുടുംബഭാരം മുഴുവൻ ബാലന്റെ ചുമലിലായി. എട്ടാം ക്ളസ്സോടെ പഠനവും നിർത്തി. തുടർന്നു, നിലംബൂർ കോവിലകത്തെ തയ്യൽ വേലകൾ നിർവഹിച്ചിരുന്ന ഉള്ളാട്ടിൽ ബാലൻ എന്ന ടൈലറുടെ കൂടെ കൂടി തയ്യൽപണി പഠിക്കുവാൻ തുടങ്ങി. അവിടെനിന്നാണ് കമ്മ്യൂണിസത്തിൽ ആകൃഷ്ടനാകുന്നത്. യു ബാലനിലൂടെ മുതിർന്ന കമ്മ്യൂണിസ്റ്റ്‌ അനുഭാവികളുമായി സൗഹൃദത്തിലായി. പാർട്ടിയുടെ ഒളിപ്രവർത്തനങ്ങളിലും മറ്റും ബാലൻ പങ്കാളിയായി. 1948 കമ്മ്യൂണിസ്റ്കാരെ തിരഞ്ഞുപിടിച്ചു ജയിലിലടക്കുന്ന കാലം. സഖാവ് കുഞ്ഞാലിയുടെ പക്കൽനിന്നും കിട്ടിയ ഒരു ഡയറിയിൽനിന്നും ബാലന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച വിവരം ലഭിച്ച അടിസ്ഥാനത്തിൽ പതിനഞ്ചു വയസുകാരനായ ബാലൻ അറസ്റ്റ് ചെയ്യപ്പെട്ടു.

ജയിൽമോചിതനായ ശേഷം പാർട്ടി പ്രവർത്തനത്തിൽ സജീവമായി. ജയിൽ വാസവും പരന്ന വായനയും ബാലനെ നല്ലൊരു പ്രാസംഗികനാക്കി മാറ്റിയിരുന്നു. പ്രാദേശികമായ ചെറുനാടകകളരികളിൽ അന്ന് ബാലൻ (കൂടെ സഹോദരി ഒരു ബേബിയും )പ്രവർത്തിച്ചുപോന്നു. തുടർന്നാണ് കുഞ്ഞിക്കുട്ടൻ തമ്പാൻ വഴി നിലംബൂർ യുവജന കലാസമിതിയുമായി ബന്ധപ്പെടുന്നത്. തെക്കൻ കേരളത്തിൽ പാർട്ടിയുടെ പിന്തുണയോടെ സാമൂഹിക നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച കെ പി എസ് യുടെ പ്രവർത്തനങ്ങൾക്ക് സമാന്തരമായി, മലബാറിൽ ഇ കെ അയമു, ഡോക്ടർ ഉസ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ, നാടുവാഴിത്വത്തിനെതിരെയും അനാചാരങ്ങൾക്കെതിന്റെയും കലയിലൂടെ മാറ്റത്തിന്റെ പുതിയ കാറ്റു ചിക്കുന്ന കാലമായിരുന്നു അത്. പതിനൊന്നാമത്തെ സ്റ്റേജിൽ ഫറൂക്കിൽ കളിക്കുമ്പോഴാണ് ബാലനും നിലമ്പുർ അയിഷയും രംഗത്തെത്തുന്നത്.(യാഥാസ്ഥികമായ സാഹചര്യങ്ങളിൽ ഏറെ നൈര്യന്തങ്ങൾ നീന്തിക്കയറിയ ആയിഷക്ക് ഒറ്റപ്പെട്ട അവസ്ഥയിൽ അഭയം നൽകിയത് ബാലനും കുടുംബവുമായിരുന്നു.നാടക അരങ്ങുകൾക്കു പിറകിൽ ഒരു സാധാരണ പ്രവർത്തകനായിരുന്ന പപ്പുവിനെ വേദിയിലേക്ക് ആദ്യമായി ആനയിച്ചതും ബാലനത്രെ. ) സമിതിയെ പാർട്ടി ഏറ്റെടുക്കുകയും അതിന്റെ ചുമതല ബാലനെ ഏൽപ്പിക്കുകയും ചെയ്തു. അന്നൊക്കെ നാടകത്തിനു പറയത്തക്ക പ്രതിഫലമൊന്നും ഇല്ലായിരുന്നു. പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഒരു തരത്തിൽ നാടകം. നാടകം ആരംഭിക്കുന്നതിനു അരമണിക്കൂർ മുമ്പ് ബാലന്റെ സൈദ്ധാന്തിക പ്രസംഗം പതിവായിരുന്നുവത്രെ. 1958 ൽ, സമിതിയുടെ നെടുംതൂണായ ഡോക്ടർ ഉസ്മാൻ കമ്മ്യൂണിസം വിട്ടതും മറ്റും സമിതിയെ തളർത്തി. പിന്നീട് ബാലനും വിജയലക്ഷ്മിയും അയിഷയും ചേർന്നു നിലമ്പുർ ആർട്സ് ക്ലബ്‌ എന്ന നാടക സമിതി രൂപീകരിച്ചു. പക്ഷേ പാർട്ടിയിലെ ചേരിതിരിവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പലരെയും പല വഴി തേടാൻ നിർബന്ധിതരാക്കി. ബാലൻ, നിലമ്പുർ ഫണ്ട്‌സ്‌ എന്ന പേരിൽ ഒരു ചിട്ടി ബിസിനെസ്സ് ആരംഭിച്ചു. ഇ കെ അയമുവിന്റെ വിയോഗത്തോടെ അതും നിലച്ചു. പിന്നീട് ബാലൻ തന്റെ മണ്ഡലം കോഴിക്കോടേക്ക് മാറ്റി. അവിടെ 'കളിത്തറ' എന്ന സ്വന്തം നാടകഗ്രുപ്പിൽ പ്രവർത്തിക്കുമ്പോഴാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. 1960 ൽ 'കണ്ടം ബെച്ച കോട്ട്' എന്ന ഈ ചിത്രത്തിൽ നിലംബൂർ അയിഷയും വേഷമിട്ടിട്ടുണ്ട്. അനുബന്ധ വിവരങ്ങൾ അബ്ദുൾ കലാമിൻ്റെ FB Post https://m.facebook.com/groups/176498502408742?view=permalink&id=31079571...