പകൽകിനാവ്
സ്നേഹം ബലഹീനതയാണെന്നും സ്ത്രീ വെറുമൊരു ഉപകരണം മാത്രമാണെന്നും വിശ്വസിച്ച് ഉല്ലസിച്ചു നടന്നിരുന്ന യുവാവ് ഭാര്യ, കുടുംബം, കുഞ്ഞുങ്ങൾ എന്ന സങ്കല്പത്തിനെ തിരിച്ചറിയുന്നുവോ? സ്ത്രീയുടെ വില എന്താണെന്ന് തിരിച്ചറിയുന്നുവോ? അതിനുള്ള ഉത്തരം നൽകുന്നു "പകൽക്കിനാവ്".
Actors & Characters
Actors | Character |
---|---|
ബാബു | |
മാലതി | |
ചന്ദ്രൻ | |
ശാരദ | |
മാസ്റ്റർ | |
ബട്ളർ കൃഷ്ണങ്കുട്ടി | |
ലക്ഷ്മി | |
തങ്കമണി | |
കുറുപ്പേട്ടൻ | |
ചന്ദ്രിക | |
പട്ടാളക്കാരൻ ശങ്കരൻ | |
മൂപ്പിൽ നായർ | |
മൂപ്പിൽ നായരുടെ വേലക്കാരൻ | |
കുഞ്ഞൻ | |
കമ്പിശിപ്പായി |
കഥ സംഗ്രഹം
- വില്ലനും നായകനുമായി ഒരേസമയം സത്യൻ തിളങ്ങിയ സിനിമയാണിത്.
- “കേശാദിപാദം തൊഴുന്നേൻ’ എന്ന എക്കാലത്തേയും ഹിറ്റ് പാട്ട് സമ്മാനിച്ച് ചിദംബരനാഥ് മലയാളസിനിമയിൽ സ്വന്തം ഇടം നേടി.
നാട്ടിൽ പേരുകേട്ട ഒരു തറവാട്ടിലെ ഏക സന്തതിയാണ് ബാബു (സത്യൻ). നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് പാറി നടക്കുന്ന പ്ലേബോയ്. മദ്യവും, മദിരാക്ഷിയുമായി ധൂർത്തടിച്ചു നടക്കുന്നവൻ. പൂവിൽ നിന്നും പൂവിലേക്ക് പാറിപ്പറക്കുന്ന ചിത്രശലഭം പോലെ, സ്ത്രീയിൽ നിന്നും സ്ത്രീയിലേക്ക് പാറിപ്പറന്ന് ജീവിതം ആസ്വദിച്ചു നടക്കുന്നവൻ. വിവാഹം, കുടുംബം തുടങ്ങിയ ബന്ധനങ്ങളിൽ തെല്ലും വിശ്വാസമില്ലാത്തവൻ.
ഒരിക്കൽ ബാബു ബാംഗ്ലൂരിൽ ഹോട്ടലിൽ താമസിക്കവേ, ചന്ദ്രനെ (നെല്ലിക്കോട് ഭാസ്കരൻ) യാദൃശ്ചികമായി കണ്ടുമുട്ടുന്നു. ബിരുദധാരിയായ അവൻ അവിടെ ജോലി അന്വേഷിച്ചു വന്നതാണ്. കുറച്ചു ദിവസം അവിടുത്തെ വെയ്റ്ററായ കൃഷ്ണൻകുട്ടിയുടെ (അടൂർഭാസി) ഔദാര്യത്തിൽ കഴിയുന്നുവെങ്കിലും, തുടർന്ന് വാടക കൊടുക്കാൻ കഴിയാതിരുന്ന ചന്ദ്രനെ മാനേജർപുറത്താക്കുന്ന സമയത്താണ് ബാബു ചന്ദ്രനെ കണ്ടുമുട്ടുന്നത്. ചന്ദ്രന്റെ അവസ്ഥയിൽ ദയ തോന്നിയ ബാബു, ചന്ദ്രനെ തന്റെ മുറിയിൽ താമസിക്കാൻ അനുവദിക്കുന്നു - ഒരു നിർദ്ദേശത്തോടുകൂടി - "എന്റെ കാര്യങ്ങളിൽ ഒരിക്കലും ഇടപെടരുത്, എന്നെ ഒരിക്കലും ഗുണദോഷിക്കാൻ വന്നേക്കരുത്"
ഒരു ജോലിക്കുവേണ്ടി അലഞ്ഞു നടക്കുമ്പോൾ ചന്ദ്രൻ മാലതിയെ (ശാരദ) കണ്ടുമുട്ടുന്നു. മാലതിയും ചന്ദ്രനെപ്പോലെ മധ്യവർഗ്ഗ കുടുംബത്തിലെ അംഗ മാണ്. പരിചയപ്പെട്ടുവന്നപ്പോൾ അവർ ഒരേ നാട്ടുകാരാണെന്ന് മനസ്സിലാവുന്നു. മാലതിയും തത്സമയം ചെയ്തിരുന്ന ജോലി രാജിവെച്ചു മറ്റൊരു ജോലിക്കുവേണ്ടി അലയുകയാണ്. കുറെയേറെ പ്രയത്നിച്ചും ഒരു ജോലിയും തരപ്പെടുത്താനാവാതെ വിഷമിക്കുന്ന ചന്ദ്രന് ബാബുവിന്റെ ശുപാർശയിൽ ഒരു ജോലി തരപ്പെടുന്നു. ചന്ദ്രൻ അഭ്യർത്ഥിച്ചത് കൊണ്ട് ബാബു മാലതിക്കും ഒരു ജോലി തരപ്പെടുത്തിക്കൊടുക്കുന്നു.
ചന്ദ്രൻ മാലതിയെ ഏകപക്ഷീയമായി പ്രേമിക്കാൻ തുടങ്ങുന്നു, അവളുമൊത്തൊരു ജീവിതം ചന്ദ്രൻ സ്വപ്നം കാണുന്നു. എന്നാൽ അവന്റെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് മാലതി ബാബുവുമായി അടുക്കുന്നുവെന്ന് മാത്രമല്ല, ബാബുവുമൊത്ത് ഊരുചുറ്റി നടക്കുന്നു. ചന്ദ്രൻ മാലതിയോട് ബാബുവിനെക്കുറിച്ച് വിശദമായി പറഞ്ഞ്, അവന്റെ വലയിൽ വീഴരുതെന്ന് ഗുണദോഷിക്കുന്നുണ്ടെങ്കിലും, അവൾ അവനെ വകവെക്കുന്നില്ലെന്നു മാത്രമല്ല, തന്റെ കാര്യത്തിൽ ഇടപെടേണ്ട എന്നും താക്കീതു ചെയ്യുന്നു.
മാലതിയെ പറഞ്ഞു മനസ്സിലാക്കാനുള്ള ശ്രമം പരാജയപ്പെട്ടത് കാരണം, ചന്ദ്രൻ ബാബുവിനോടും മാലതിയെ നശിപ്പിക്കരുതെന്ന് ഗുണദോഷിക്കുന്നുണ്ടെങ്കിലും, ബാബുവും അത് വക വയ്ക്കാതെ പോവുമ്പോൾ,, അയാൾ ബാബുവിന്റെ കൂടെയുള്ള താമസം മതിയാക്കി വേറൊരു താമസ സ്ഥലം കണ്ടെത്തി അവിടേക്ക് ചേക്കേറുന്നു. ബാബു ഒരു ദിവസം മദ്യപിച്ചു ലക്കില്ലാതെ ചന്ദ്രനെ കാണാനെത്തുന്നു. ആ നേരത്ത് അവനു പാൽ കൊണ്ടുകൊടുക്കുന്ന അയൽവാസിയായ പാവം പെൺകുട്ടി ലക്ഷ്മി (ലത) അവിടേക്ക് വരുന്നു. അവളെ കണ്ട ബാബു അവളെ കേറിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ചന്ദ്രൻ ബാബുവിന്റെ കരണത്തടിച്ച് അതിൽ നിന്നും പിന്തിരിപ്പിക്കുന്നു.
തന്റെ ജന്മദിനമാണെന്ന് പറഞ്ഞ് മാലതിയെ ഒരു ദിവസം തന്റെ മുറിയിലേക്ക് ക്ഷണിച്ചു വരുത്തുന്ന ബാബു, അവളെ തന്റെ കാമത്തിന് ഇരയാക്കുന്നു, അവളെ വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തിൽ. കാര്യം നേടിക്കഴിഞ്ഞ ബാബു മാലതിയെ പതുക്കെപ്പതുക്കെ തഴയാൻ തുടങ്ങുകയും, അവളെ കാണുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. എന്നാൽ, താൻ ഗർഭിണിയാണെന്ന് മനസ്സിലാക്കിയ മാലതി ബാബുവിനെ കണ്ടെത്തി പിറ്റേന്നു തന്നെ നാട്ടിൽ പോയി വിവാഹം നടത്തണം എന്ന് ഉറപ്പിച്ചു പറയുന്നു. ശരിയെന്ന് പൊള്ളയായ വാഗ്ദാനം നൽകി ബാബു അവിടുന്ന് സ്ഥലം വിടുന്നു.
റെയിൽവേ സ്റ്റേഷനിൽ ബാബുവിനെ കാത്ത് വലയുന്ന മാലതി, നേരെ ചന്ദ്രന്റെ താമസസ്ഥലത്തേക്ക് ചെല്ലുന്നു - കാരണം നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത് കാരണം താമസിച്ചിരുന്ന ഹോസ്റ്റൽ മുറി അവൾ ഒഴിഞ്ഞിരുന്നു. അവളെ ആ അവസ്ഥയിൽ കാണുന്ന ചന്ദ്രൻ അവൾക്ക് സംരക്ഷണം നൽകുന്നു, ബാബുവിനെ എങ്ങനെയെങ്കിലും തേടിക്കണ്ടെത്തിക്കാം എന്നും ആശ്വസിപ്പിക്കുന്നു. ചന്ദ്രൻ പുറത്തു പോയിരിക്കുന്ന സമയത്ത്, അവൻ അവൾക്ക് വേണ്ടി എഴുതി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന കത്തെടുത്ത് വായിക്കുന്നു. ചന്ദ്രൻ തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന മനസ്സിലാക്കുന്ന അവൾ പശ്ചാത്താപം കാരണം തിരക്കേറിയ റോഡിലൂടെ നടന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നു. ഇത് കാണാനിടയാകുന്ന ചന്ദ്രൻ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. അവൾക്കുവേണ്ട എല്ലാ സംരക്ഷണവും നൽകാം എന്ന വാഗ്ദാനത്തോടുകൂടി.
മാസങ്ങൾ കടന്നു പോവുന്നു, പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്ന മാലതി, ഒരു പെൺകുട്ടിക്ക് ജന്മം നൽകി മരിച്ചു പോവുന്നു. ചന്ദ്രൻ നാട്ടിൽ നിന്നും മാലതിയുടെ അച്ഛനെയും (പ്രേംജി), അനുജത്തി ശാരി എന്ന ശാരദയെയും (വാസന്തി) വിളിച്ചു വരുത്തി കാര്യങ്ങൾ പറഞ്ഞു കുഞ്ഞിനെ അവരുടെ പക്കൽ ഏൽപ്പിക്കുന്നു.
ചന്ദ്രൻ പിന്നീട് ബാബുവിനെ അന്വേഷിക്കാൻ ആരംഭിക്കുന്നു. ബാബുവിൻറെ ഒരു സുഹൃത്തുവഴി ബാബു മദിരാശിയിൽ ഉണ്ടെന്ന് മനസ്സിലാക്കി അങ്ങോട്ട് തിരിക്കുന്നു. അവിടെ ബാബുവിനെ കണ്ട് മാലതിക്ക് സംഭവിച്ച കാര്യം പറയുന്നു. മാത്രമല്ല, സ്വർഗ്ഗതുല്യമായ ജീവിതം നയിക്കുന്നു എന്ന് എപ്പോഴും കൊട്ടിഘോഷിക്കുന്ന ബാബുവിനോട് ശാപവചനം പോലെ ഒരു താക്കീതും പറഞ്ഞിട്ടു പോവുന്നു "എനിക്ക് നിങ്ങളെ നശിപ്പിക്കണം എന്നാഗ്രഹമുണ്ട്, പക്ഷെ സാധിക്കില്ല. നിങ്ങളോട് ഇത് പറയാനാണ് ഞാൻ വന്നത് - നിങ്ങൾ മനുഷ്യനാണെങ്കിൽ, മരിച്ചുപോയ ആ പെൺകുട്ടിയുടെ ആത്മാവ് രാവും പകലും നിങ്ങളെ വേട്ടയാടും. ഭൂമിയിൽ നിങ്ങൾ സൃഷ്ടിക്കുന്ന സ്വർഗ്ഗത്തിലെല്ലാം ഇനി സൂക്ഷിച്ചു നോക്കു, ഒരു കറുത്ത നിഴൽ കാണും. ഒരു സ്ത്രീയുടെ നിഴൽ. കേൾക്കുമ്പോൾ പതിവുപോലെ പൊട്ടിച്ചിരിക്കാൻ മറന്നു പോയോ? എല്ലാം തകർത്തു കളയുന്ന ആ ചിരി. ഇന്ന് രാത്രി എനിക്ക് ആശ്വാസമായി ഉറങ്ങാം. ഉറങ്ങാത്ത രാത്രികളുടെ ഭീകരത നിങ്ങൾക്കറിയുമോ? ഇന്ന് മുതൽ നിങ്ങൾ അതറിയാൻ പോവുകയാണ്." മാലതിക്ക് ജനിച്ച ആ കുഞ്ഞിനെക്കുറിച്ച് ബാബു അന്വേഷിക്കുമ്പോൾ അതിനെക്കുറിച്ച് ഒന്നും പറയാതെ തന്നെ ചന്ദ്രൻ അവിടം വിടുന്നു.
ചന്ദ്രന്റെ കുത്തുന്ന വാക്കുകൾ ബാബുവിനെ വല്ലാതെ അലോസരപ്പെടുത്തുന്നു, കൂടാതെ മാലതിയോട് ചെയ്ത തെറ്റിന് അയാൾ പശ്ചാത്തപിക്കാനും തുടങ്ങുന്നു. അത് കാരണം അയാൾ മദിരാശിയിലെ ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് തിരിക്കുന്നു. അവിടെ ചന്ദ്രൻ പറഞ്ഞ പോലെ ഉറങ്ങാൻ കഴിയാതെ വിഷമിക്കുന്ന അയാൾക്ക് സാന്ത്വനമായി ഒഴുകിയെത്തുന്നത് തൊട്ടപ്പുറത്തെ വീട്ടിൽ താമസിക്കുന്ന ശാരിയുടെ താരാട്ടു ഗാനമാണ് - അവൾ മറ്റാരുമല്ല, മരിച്ചു പോയ മാലതിയുടെ അനുജത്തിയാണ്. മാലതിയുടെ മകൾ തങ്കമണിയെ (ബേബി ശ്രീലത) ഉറക്കാൻ വേണ്ടിയാണവൾ താരാട്ടു ഗാനം പാടുന്നത്. ബാബു പതുക്കെ തങ്കമണിമായി അടുപ്പത്തിലാവുന്നു. കൂടാതെ, ശാരിയോടും അയാൾക്ക് ഇഷ്ടം തോന്നിത്തുടങ്ങുന്നു.
ഇതുവരെ വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു നടന്നിരുന്ന ബാബു തന്റെ വീട്ടുകാര്യങ്ങളൊക്കെ നോക്കി നടത്തുന്ന പ്രായംചെന്ന കുറുപ്പേട്ടനോട് (എം.എസ്. നമ്പൂതിരി) താനിപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ച കാര്യം അറിയിക്കുന്നു. അദ്ദേഹം ചില നല്ല ആലോചനകൾ കൊണ്ടുവരുന്നു. അതിൽ നിന്നും ആ പ്രദേശത്തെ മറ്റൊരു പ്രൗഢിയുള്ള കുടുംബത്തിലെ പെൺകുട്ടിയെ പോയി കാണാൻ അദ്ദേഹം പറഞ്ഞതനുസരിച്ച് ബാബു ചന്ദ്രികയെ (രാജകോകില) കാണാൻ പോകുന്നു. വളരെ പരിഷ്കാരിയായ ആ പെൺകുട്ടിയുടെ പെരുമാറ്റം ബാബുവിന് ഇഷ്ടപ്പെടുന്നില്ല. ഇംഗ്ലീഷ് ഗാനത്തിന്റെ റെക്കോർഡ് പ്ളേ ചെയ്ത് അതിനൊപ്പം ചുവടുവെക്കാൻ അവൾ ബാബുവിനെ ക്ഷണിക്കുന്നു. എന്നാൽ ഒരു കാലത്ത് ആ ഗാനങ്ങൾ വളരെ ഇഷ്ടപ്പെട്ടിരുന്ന അയാൾക്ക് ഇപ്പോൾ അത് വല്ലാതെ അലോസരപ്പെടുത്തുന്നതിനാൽ അവിടുന്നയാൾ പുറത്തു ചാടി നാട്ടുവഴിയിലൂടെ പ്രക്ഷുബ്ധ മനസ്സുമായി നടന്നു നീങ്ങുന്നു. ആ സമയത്ത്, ശാരി വീട്ടിൽ വിളക്ക് കൊളുത്തി, ഭഗവാന്റെ മുന്നിൽ തൊഴുകൈയ്യോടെ ഒരു കൃഷ്ണഭക്തി ഗാനം ആലപിക്കുന്നു. ഭക്തി സാന്ദ്രമായ ആ ഗാനം അയാളുടെ മനസ്സിനെ ശാന്തമാക്കുന്നു. അപ്പോൾ അയാൾ ഒരു തീരുമാനമെടുക്കുന്നു - ഇവളാണ് എനിക്ക് യോജിക്കുന്ന പെൺകുട്ടി.
വീട്ടുജോലിക്കാരനായ കുറുപ്പേട്ടൻ വഴി ശാരിയുടെ അച്ഛനോട് ആലോചിച്ച് ആ വിവാഹം നടക്കുന്നു. ഈ വിവരം അറിഞ്ഞ് ചന്ദ്രൻ ആ വിവാഹം തടഞ്ഞു നിർത്താൻവേണ്ടി പാഞ്ഞു വരുന്നുണ്ടെങ്കിലും, അയാൾ എത്തുമ്പോഴേക്കും താലികെട്ട് നടന്നത് കാരണം വന്നവേഗത്തിൽ തന്നെ തിരിച്ചു പോവുന്നു.