കടുവാക്കുളം ആന്റണി
മലയാള ചലച്ചിത്ര നാടകനടൻ. 1936 നവമ്പർ 9-ന് തൊമ്മന്റെയും അന്നമ്മയുടെയും മകനായി ആലപ്പുഴയിലെ കുട്ടനാട് ജനിച്ചു. ആന്റണിയുടെ രണ്ടാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ കുടുംബം കോട്ടയം ജില്ലയിലെ കടുവാക്കുളത്തേയ്ക്ക് താമസം മാറ്റി. ആന്റ്ണിയുടെ മാതാപിതാക്കൾ കർഷകരായിരുന്നു. അവരുടെ എട്ടുമക്കളിൽ ഏറ്റവും ചെറുതായിരുന്നു ആന്റണി. കുട്ടിക്കാലത്തുതന്നെ അഭിനേതാവാകണം എന്നായിരുന്നു ആന്റണിയുടെ ആഗ്രഹം. ചെറുതിലേത്തന്നെ തമാശകൾ പറയുവാനും ആസ്വദിയ്ക്കുവാനുമുള്ള കഴിവുണ്ടായിരുന്നു ആന്റണിയ്ക്ക്.ആൻറ്റണി ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തിയിയിരുന്നു. അതിനോടൊപ്പം തന്നെ പല അമച്ച്വർ നാടക സമിതികളിലും അഭിനയിച്ചിരുന്നു. എൻ എൻ പിള്ളയോടൊപ്പം വിശ്വകേരളകലാ സമിതിയിൽ ആന്റണീ പ്രവർത്തിച്ചിരുന്നു. കൂടാതെ നാഷണൽ തിയ്യേറ്ററിന്റെയും ഭാഗമായിരുന്നു ആന്റണി.
പ്രശസ്ത നടൻ ജോസ്പ്രകാശാണ് ആന്റണിയെ സിനിമാലോകത്തെയ്ക്കെത്തിച്ചത്. 1961-ൽ മെറിലാന്റിനെ ഭക്തകുചേല ആയിരുന്നു കടുവാക്കുളം ആൻറ്റണിയുടെ ആദ്യ ചിത്രം. 1968-ൽ വിരുതൻ ശങ്കു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് ആന്റണിയ്ക്കു ലഭിച്ചു. തുടർന്ന് മുന്നൂറിലധികം സിനിമകളിൽ കടുവാക്കുളം ആന്റണി അഭിനയിച്ചു. 1960-70 കാലത്തെ പ്രധാന ഹാസ്യ താരങ്ങളിലൊരാളായിരുന്നു കടുവാക്കുളം ആന്റണി. 1997-ൽ അടിവാരം എന്ന സിനിമയിലാണ് ആന്റണി അവസാനമായി അഭിനയിക്കുന്നത്. 2001 ഫെബ്രുവരി 4-ന് ആന്റണി അന്തരിച്ചു.
ബിയാട്രീസ് ആണ് ആന്റണിയുടെ ഭാര്യ. രണ്ടുമക്കളാണ് അവർക്കുള്ളത്. പേര് ടോമിയാസ്,സോണിയ.