എം കുഞ്ചാക്കോ

M Kunchakko
Date of Birth: 
Saturday, 19 February, 1910
Date of Death: 
ചൊവ്വ, 15 June, 1976
സംവിധാനം: 46
കഥ: 2
തിരക്കഥ: 1

1910  -ൽ മാണി ചാക്കോ മണിയാംപുരയ്ക്കലിൻ്റെയും ഏലിയാമ്മയുടെയും മകനായി ആലപ്പുഴ പുളിങ്കുന്നിൽ ജനനം. 

പഠനസമയത്തു തന്നെ സിനിമാ ചിത്രീകരണത്തിൽ ആകൃഷ്ടനായ കുഞ്ചാക്കോ 1947ൽ ആലപ്പുഴ പാതിരാപ്പള്ളിയിൽ ഉദയ സ്റ്റുഡിയോ സ്ഥാപിച്ചു. അക്കാലം വരെ ചെന്നൈയിൽ നടന്നു വന്നിരുന്ന മലയാള ചലച്ചിത്രങ്ങളുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റാൻ ഉദയ സ്റ്റുഡിയോ വഹിച്ച പങ്ക് മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സിനിമാ നിർമ്മാണത്തിൻ്റെ ആദ്യവർഷങ്ങളിൽ കെ വി കോശിയുമായി ചേർന്ന് കെ & കെ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്ത കുഞ്ചാക്കോ തിക്കുറിശ്ശി സുകുമാരൻ നായരെ നായകനാക്കി നിർമ്മിച്ച ജീവിതനൗക മലയാളത്തിൽ 250 ദിവസത്തിനു മുകളിൽ തീയറ്റേറിൽ പ്രദർശിപ്പിച്ചു. 1952 ൽ കോശിയുമായി വേർപിരിഞ്ഞ കുഞ്ചാക്കോ ഉദയായുടെ ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചു തുടങ്ങി. കിടപ്പാടം എന്ന ചിത്രത്തിൻ്റെ സാമ്പത്തിക പരാജയം മൂലം ഉദയാ സ്റ്റുഡിയോ താൽക്കാലികമായി പൂട്ടിയെങ്കിലും പിന്നീട് തൻ്റെ സുഹൃത്തും മന്ത്രിയുമായ ടി വി തോമസുമായി ചേർന്ന് വീണ്ടും പ്രവർത്തനമാരംഭിച്ചു.

1960 ൽ ഉമ്മ എന്ന ചിത്രം സംവിധാനം ചെയ്തു സംവിധാനരംഗത്തേക്ക് പ്രവേശിച്ചു. അതിനു ശേഷം നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. പ്രധാനമായും പുരാണസിനിമകളും വടക്കൻ പാട്ടു ചിത്രങ്ങളുമാണു അദ്ദേഹം സംവിധാനം ചെയ്തത്. 

ഉദയായുടെ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമാരംഗത്തേക്ക് വന്ന മകൻ ബോബൻ കുഞ്ചാക്കോ പിന്നീട് മലയാളസിനിമാ സംവിധായകനായി. പൗത്രൻ കുഞ്ചാക്കോ ബോബൻ. സഹോദരൻ അപ്പച്ചൻ നവോദയ സ്റ്റുഡിയോ സ്ഥാപിച്ചു. ഭാര്യ അന്നമ്മ ചാക്കോ. 

1976 ജൂൺ 15 നു ചെന്നൈയിൽ മല്ലനും മാതേവനും എന്ന ചിത്രത്തിൻ്റെ ഗാനലേഖനവേളയിലാണ് അദ്ദേഹം അന്തരിച്ചത്.