കുഞ്ചാക്കോ ബോബൻ

Kunchacko Boban
Date of Birth: 
ചൊവ്വ, 2 November, 1976
ആലപിച്ച ഗാനങ്ങൾ: 2

മലയാള ചലച്ചിത്ര നടൻ. 1976 നവംബർ 2 ന് ആലപ്പുഴയിൽ ജനിച്ചു. നിരവധി മലയാള സിനിമകൾ നിർമ്മിച്ച കേരളത്തിലെ ആദ്യ സ്റ്റുഡിയോയായിരുന്ന ഉദയ സ്റ്റുഡിയോയുടെ ഉടമയും സംവിധായകനുമായിരുന്ന കുഞ്ചാക്കോയുടെ കൊച്ചുമകനായിരുന്നു കുഞ്ചാക്കോ ബോബൻ. പിതാവ് ബോബൻ കുഞ്ചാക്കോയും സിനിമാ സംവിധായകനും നിർമ്മാതാവുമായിരുന്നു. കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പേര് മോളി. 1981-ൽ അച്ഛൻ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിയ്ക്കുന്നത്. ബാല നടനായിട്ടായിരുന്നു അഭിനയിച്ചത്.

ബികോം ബിരുദധാരിയായ കുഞ്ചാക്കോ ബോബൻ തന്റെ വിദ്യാഭ്യാസത്തിനുശേഷം 1997-ലാണ് പിന്നീട് സിനിമാഭിനയം തുടങ്ങുന്നത്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് ആയിരുന്നു ആദ്യമായി നായകനായ സിനിമ. അനിയത്തിപ്രാവിന്റെ വൻ വിജയം കുഞ്ചാക്കോ ബോബനെ തിരക്കുള്ള നടനായി മാറ്റി. നക്ഷത്രത്താരാട്ട്, നിറം, കസ്തൂരിമാൻ.. എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2003- ന് ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും ശ്രദ്ധിയ്ക്കപ്പെടാതെ പോയി. പിന്നീട് 2011-ൽ ട്രാഫിക് എന്ന  ചിത്രത്തിലൂടെയാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയത്. റൊമാന്റിക് ഹീറോ എന്ന തന്റെ ഇമേജ് പൊളച്ചെഴുതിയ വേഷമായിരുന്നു കുഞ്ചാക്കോ ബോബൻ ട്രാഫിക്കിൽ ചെയ്തത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം വ്യത്യസ്തമായ വേഷങ്ങൾ ചെയ്തു. ഗോഡ് ഫോർ സെയിൽ, വിശുദ്ധൻ, പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും, വേട്ട, വർണ്ണ്യത്തിൽ ആശങ്ക, വൈറസ്, അള്ള് രാമേന്ദ്രൻ.. എന്നിവയുൾപ്പടെയുള്ള സിനിമകളിൽ ശ്രദ്ധേയവും വ്യത്യസ്തവുമായ വേഷങ്ങൾ ചെയ്തു.

വടക്കൻ കേരളത്തിലെ എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് ഡോക്ടർ ബിജു സംവിധാനം ചെയ്ത് കുഞ്ചാക്കോബോബൻ പ്രധാന വേഷത്തിലഭിനയിച്ച വലിയ ചിറകുള്ള പക്ഷികൾ ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ചു. കൂടാതെ ഇന്ത്യൻ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലെല്ലാം ആ സിനിമ പ്രദർശിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സിനിമയ്ക്കുള്ള ദേശിയ അവാർഡ് സിനിമയ്ക്ക് ലഭിച്ചു. 2016-ൽ തന്റെ അച്ഛന്റെ അച്ഛൻ  കുഞ്ചാക്കോ സ്ഥാപിച്ച ഉദയ സ്റ്റുഡിയോ കുഞ്ചാക്കോ ബോബൻ പുനരാരംഭിച്ചു. ഉദയായുടെ ബാനറിൽ 2016-ൽ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലൊ എന്ന സിനിമ നിർമ്മിച്ചു.

കുഞ്ചാക്കോ ബോബൻ 2005 ഏപ്രിലിലാണ് വിവാഹിതനായത്. പ്രിയ ആൻ സാമുവൽ ആയിരുന്നു വധു. അവർക്ക് ഒരു മകനാണുള്ളത്. പേര് ഇസ്ഹാഖ് കുഞ്ചാക്കോ.

ഫേസ്ബുക്ക് പേജ്