മനു മൻജിത്ത്

Manu Manjith
Date of Birth: 
Thursday, 23 January, 1986
ഡോ മനു മൻജിത്ത്. മനു മഞ്ജിത്ത്
മനു മഞ്ചിത്ത്
എഴുതിയ ഗാനങ്ങൾ: 183

ഗാന രചയിതാവ്. 1986 ജനുവരി 24 ന് ബാങ്ക് മാനേജരായിരുന്ന സുരേന്ദ്രന്റെയും ടീച്ചറായിരുന്ന ഉഷാദേവിയുടെയും മകനായി കോഴിക്കോട്  ജനിച്ചു.  പത്താംക്ലാസ് വരെ പഠിച്ചത് വയനാട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇംഗ്ലീഷ് സ്ക്കൂളിലാണ്. കോഴിക്കോട് ബോയ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്ലസ് ടുവും പൂർത്തിയാക്കി. അതിനു ശേഷം കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളേജിൽനിന്നും ഹോമിയോപ്പതിയിൽ ബിരുദം നേടി. തുടർന്ന് മാംഗ്ലൂർ ഫാദർമുള്ളർ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോപ്പതി സൈക്കിയാട്രിയിൽ എം ഡിയും കരസ്ഥമാക്കി.

മനു മഞ്ജിത്ത് പാട്ടെഴുത്ത് പ്രൊഫഷണലായി തുടങ്ങിയത് കോഴിക്കോടിനെക്കുറിച്ചുള്ള ഒരു വീഡിയോ ആൽബത്തിന് ഇമ്മിണി വല്യ കോഴിക്കോട്  എന്നൊരു പാട്ടെഴുതിക്കൊണ്ടായിരുന്നു. അതിനുശേഷം ഗിരീഷ് പുത്തഞ്ചേരിയ്ക്കുള്ള ഒരു ട്രിബ്യൂട്ട് വീഡിയോക്ക് വേണ്ടി ഒരു രുദ്ര വീണപോലെ നിൻ മൗനം എന്ന ഗാനമെഴുതി. പിന്നീട് "വെണ്ണ" എന്ന ഡിവോഷണൽ ആൽബത്തിനായും പാട്ടുകൾ എഴുതി.

കൂതറ എന്ന സിനിമയ്ക്ക് പാട്ടെഴുതിക്കൊണ്ടാണ് മനു മഞ്ജിത്ത് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നതെങ്കിലും ഓം ശാന്തി ഓശാന എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ "മന്ദാരമേ ചെല്ല ചെന്താമരേ.. എന്ന ഗാനമാണ് ആദ്യം റിലീസാകുന്നത്. തുടർന്ന് ഓർമ്മയുണ്ടോ ഈ മുഖം, വിക്രമാദിത്യൻ, ആട്, അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം, ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം, വെളിപാടിന്റെ പുസ്തകം, ഗോദ, ലൗ ആക്ഷൻ ഡ്രാമ.. എന്നിവയുൾപ്പെടെ അറുപതിലധികം സിനിമകൾക്ക് പാട്ടുകൾ എഴുതിയിട്ടുണ്ട്.

അവാർഡുകൾ:- 2016 -ൽ ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ തിരുവാവണി രാവ് എന്ന ഗാനത്തിന്റെ രചനയ്ക്ക് മനു മഞ്ജിത്തിന് മികച്ച ഗാന രചയിതാവിനുള്ള റേഡിയോ മിർച്ചി അവാർഡ് ലഭിച്ചു. 2018 ൽ ഗോദയിലെ ആരോ നെഞ്ചിൽ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സൈമ അവാർഡും മനു മഞ്ജിത്ത് നേടി.

മനു മഞ്ജിത്തിന്റെ ഭാര്യ ഹിമ ആയുർ വേദ ഡോക്ടറാണ്. ഒരു മകൾ പേര് പ്രണതി.

ഫേസ്ബുക്ക് പ്രൊഫൈൽ

വിലാസം : മനു മഞ്ജിത്ത്‌ എസ് , 'അനുഗ്രഹ' , മൊടക്കല്ലൂർ (പി.ഒ), ഉള്ളിയേരി വഴി, കോഴിക്കോട്, പിൻ : 673323