വിനീത് ശ്രീനിവാസൻ

Vineeth Sreenivasan
എഴുതിയ ഗാനങ്ങൾ: 22
ആലപിച്ച ഗാനങ്ങൾ: 228
സംവിധാനം: 6
കഥ: 5
സംഭാഷണം: 7
തിരക്കഥ: 6

ഗായകൻ-രചയിതാവ്-നടൻ-സംവിധായകൻ. വേറിട്ട ശബ്ദവും ആലാപന ശൈലിയും കൊണ്ട് പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനായി മാറിയ ഗായകൻ. ഗായകൻ എന്നതിനു പുറമേ ഗാനരചന, സംഗീതസംവിധാനം, സിനിമാഭിനയം, തിരക്കഥാ രചന,സംവിധാനം തുടങ്ങി സിനിമയുടെ വൈവിധ്യമാർന്ന മേഖലകളിൽ ധൈര്യപൂർവ്വം പരീക്ഷണങ്ങൾ നടത്താനിറങ്ങിയ ചെറുപ്പക്കാരൻ എന്നൊക്കെയുള്ള വിശേഷണങ്ങൾക്ക് യോജ്യനാണ്. മലയാളിക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നടനും-തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെയും അധ്യാപികയായ ശ്രീമതി വിമലയുടെയും മൂത്ത പുത്രനായി കണ്ണൂരിൽ ജനനം.

കൂത്തുപറമ്പിലും കണ്ണൂരിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിനീത് ചെന്നൈ കെ.ജി.ജി കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് പഠിച്ചു കൊണ്ടിരിക്കെ 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത  "കിളിച്ചുണ്ടൻ മാമ്പഴ"ത്തിൽ വിദ്യാസാഗർ സംഗീതം ചെയ്ത "കസവിന്റെ തട്ടമിട്ട" എന്ന ഗാനം പാടിയാണു മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 1998ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനാർഹമായതാണ് സിനിമയിലും തന്റെ ശബ്ദം പരീക്ഷിക്കാൻ വിനീതിനു ധൈര്യമായത്. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതോടെ സിനിമ മുഖ്യവഴിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് നിരവധി സിനിമകളിലും സംഗീതഷോകളിലും പാടി. 2005-ൽ പുറത്തിറങ്ങിയ "ഉദയനാണു താരം" എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ "കരളേ കരളിന്റെ കരളേ" എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങളും പിന്നീട് വന്ന നിരവധി സിനിമകളിലെയും ആൽബങ്ങളിലെയും ഗാനങ്ങൾ വിനീതിനെ മലയാളത്തിലെ പുതുഗായകരിൽ ഏറ്റവും ശ്രദ്ധേയനും ജനപ്രിയനുമാക്കി മാറ്റി.

അർജുൻ ശശി, ജേക്ക്സ് ബിജോയ് എന്നിവരൊത്ത് "മലയാളി" എന്ന മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച് നിരവധി സംഗീതപരിപാടികൾ അവതരിപ്പിച്ചിരുന്നു. 2008ൽ പുറത്തിറങ്ങിയ "സൈക്കിൾ" എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് "മകന്റെ അച്ഛൻ" എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. വിനീതും സംഗീത സംവിധായകൻ ഷാൻ റഹ്മാനുമൊത്ത് പുറത്തിറക്കിയ "കോഫി@എംജി റോഡ്" എന്ന ആൽബം ക്യാമ്പസുകളിൽ ഏറെ ഹിറ്റായി മാറിയിരുന്നു. സിനിമയുടെ വ്യത്യസ്ത മേഖലകളിലേക്ക് തുടർന്ന് ശ്രദ്ധ പതിപ്പിച്ച വിനീതിന്റെ ആദ്യ സംവിധാന സംരംഭമാണ്  "മലർവാടി അർട്സ് & സ്പോർട്സ് ക്ലബ്ബ് ". മലർവാടി എന്ന ചിത്രത്തിലൂടെ വിനീത് ഉണ്ടാക്കിയെടുത്ത മലർവാടി ഓർക്കസ്ട്ര എന്ന സംഗീതസംഘം വിദേശങ്ങളിലും ഇന്ത്യയിലും നിരവധി ഷോകൾ അവതരിപ്പിച്ചിരുന്നു. തുടർന്ന് വീണ്ടൂം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച വിനീതിന് "ചാപ്പാ കുരിശ്" എന്ന ചിത്രത്തിലെ "അൻസാരി" എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. വിനീത് സ്വന്തമായി കഥയും തിരക്കഥയും പൂർത്തിയാക്കി സംവിധാനം ചെയ്ത സിനിമയാണ് "തട്ടത്തിൻ മറയത്ത്".