ദിവ്യ എസ് മേനോൻ

Divya S Menon
Date of Birth: 
Saturday, 14 March, 1987
ദിവ്യ മേനോൻ
ആലപിച്ച ഗാനങ്ങൾ: 50

തൃശൂ­ർ സ്വ­ദേ­ശിനി. 
മെക്കാനിക്കൽ എഞ്ചിനീയർ ആയ സോമൻ കുറുപ്പിന്റെയും ഭാര്യ മീനയുടെയും മകളായി 1987 മാർച്ച് 14 ന് ജനിച്ചു. കുഞ്ഞു പ്രായത്തിലെ സംഗീതം അഭ്യസിച്ചു തുടങ്ങിയ ദിവ്യയുടെ പ്രാഥമിക വിദ്യാഭ്യാസം കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കേന്ദ്രിയ വിദ്യാലയയിലും ഭാവൻസ് വിദ്യമന്ദിറിലുമൊക്കെ ആയിരുന്നു. തൃശ്ശൂർ കേരള വർമ്മ കോളേജിൽ നിന്നും  ബികോം പാസായ ശേഷം സെയിന്റ് തെരെസാസ്സിൽ നിന്നും  ഫാഷൻ ഡിസൈ­നിംഗിൽ പി ജി ഡിപ്ലോമയും കരസ്ഥമാക്കി.  കർണ്ണാ­ടക­സംഗീ­തവും  ഹിന്ദു­സ്ഥാനിസംഗീ­തവും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള ദിവ്യയുടെ ഗുരുക്കന്മാർ ശകുന്തള ശേഷാദ്രി, സുനിൽ, മങ്ങാട് നടേശൻ, ഉസ്താദ് ഫിയാസ് ഖാൻ, ദിനേശ് ദേവദാസ് തുടങ്ങിയവർ ആയിരുന്നു.

തുടക്കത്തിൽ ഏഷ്യാനെറ്റ്‌, ഇന്ത്യവിഷൻ, കൈര­ളി, കൈരളി വി  തുടങ്ങിയ ചാനലുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന ദിവ്യ  സിനിമയിൽ ആദ്യമായി  പാടുന്നത്  പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിൽ ആയിരുന്നു. കൈരളി വി യിൽ പരിപാടി അവതരിപ്പിക്കുന്ന സമയത്താണ് ഷാൻ റഹ്മാൻ - വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നൊരുക്കിയ കോഫി @ എം ജി റോഡ് എന്ന ആൽബത്തിലേക്ക് പാടാൻ ക്ഷണം ലഭിക്കുന്നത്.   പിന്നീട് വിവിധ ആൽബങ്ങളിൽ ദിവ്യ പാടി.  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2012ൽ പുറത്തുവന്ന തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ‘അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ’ എന്ന ദിവ്യ ആലപിച്ച ഗാനം പ്രേക്ഷക ശ്രദ്ധ നേടി. തുടർന്ന് നിരവധി ഹിറ്റ് സിനിമകളിൽ പാടുവാൻ ദിവ്യക്ക് അവസരം ലഭിച്ചു.  ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ തുടക്കം മാഗല്യം  ചാർളിയിലെ പുതുമഴയായ് തുടങ്ങിയ പാട്ടുകൾ എല്ലാം ദിവ്യക്ക് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും പാടിക്കഴിഞ്ഞു ദിവ്യ.

സംഗീ­ത­ത്തിൽ മാത്ര­മല്ല പെയി­ന്റിം­ഗിലും ജ്വല്ലറി മേക്കിങ്ങിലും ഒരു പോലെ മികവ് തെളിയിച്ചിട്ടുണ്ട് ദിവ്യ. തന്റെ ജ്വല്ലറി മേക്കിങ് ബ്രാൻഡ് ആയ "ജിംഗിൾസ്" ന്റെ കീഴിൽ നിരവധി എക്സിബിഷൻസും ദിവ്യ നടത്തിയിട്ടുണ്ട്. ഭർത്താവ് രഘുവിനും മകൾക്കുമൊപ്പം തൃപ്പൂണിത്തുറയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്.

ഫേസ്ബുക്ക് പ്രൊഫൈൽ