റഫീക്ക് അഹമ്മദ്

Rafeeq Ahmed
Rafeeq Ahmed
Date of Birth: 
Sun, 17/12/1961
എഴുതിയ ഗാനങ്ങൾ: 556
ആലപിച്ച ഗാനങ്ങൾ: 1
കഥ: 1

പരമ്പരാഗതമായ കാവ്യരചനകൾക്കും പുത്തൻ തലമുറയിലെ ഗാനരചനകൾക്കും ഒരു പാലമുണ്ടെങ്കിൽ അത്തരമൊന്ന് എന്നാണ് പലരും റഫീക് അഹമ്മദിനെ വിശേഷിപ്പിക്കുക.പുതുതലമുറയിലേയും ടെക്നോളജിയിലേയും ഒരോ സ്പന്ദനവും നാട്ടുവിശേഷവും പഴമയുമൊക്കെ രചനകളിൽ ഭാവസാന്ദ്രതയോടെ വിളക്കിച്ചേർക്കാൻ കഴിയുന്ന വിദഗ്ദൻ.

ഗർഷോമെന്ന ചലച്ചിത്രത്തിൽ രമേഷ് നാരായൺ ഈണമിട്ട് ഹരിഹരൻ ആലപിച്ച ഗാനം " പറയാൻ മറന്ന പരിഭവങ്ങൾ " ഒരു പക്ഷേ മലയാളി സംഗീതപ്രേമികൾക്ക് മറക്കാൻ പറ്റുന്നതല്ല.ആ ഗാനത്തിന്റെ രചന നിർവ്വഹിച്ചു കൊണ്ടാണ് ശ്രീമാൻ റഫീക് അഹമ്മദ് മലയാള സിനിമാ സംഗീതലോകത്തേക്ക് കടന്നു വരുന്നത്.സാഹിത്യഗുണമുള്ള മലയാള സിനിമാഗാനങ്ങൾ മലയാളത്തിൽ നിന്ന് അകന്നു പോയിട്ടില്ല എന്നതിന്റെ തെളിവാണ് അത്തരം ഗാനങ്ങളുമായി പ്രകാശം പരത്തുന്ന റഫീക്ക്. കേരളസാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും റഫീക്കിനെ തേടിയെത്തി.

സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ പതിനേഴിനാണ് തൃശൂർ ജില്ലയിലെ അക്കിക്കാവിൽ റഫീക് ജനിക്കുന്നത്.ശ്രീകൃഷ്ണ കോളേജ് ഗുരുവായൂരിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം കരസ്ഥമാക്കി. സർക്കാർ ജോലി ചെയ്യുന്നു. ഭാര്യ ലൈല. രണ്ടുമക്കൾ. മനീഷ് അഹ്മദ്, ആസ്യ.