വീത്‌‌‌രാഗ്

Veetrag
Veetrag-MusicDirector
വീറ്റ് രാഗ്
സംഗീതം നല്കിയ ഗാനങ്ങൾ: 5
ആലപിച്ച ഗാനങ്ങൾ: 7

കോഴിക്കോട് സ്വദേശി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് മാസ്കമ്യൂണിക്കേഷൻ & ജേർണലിസം പഠിച്ച വീത്‌രാഗ് ഗോപി ബംഗലുരുവിൽ ടെക്നിക്കൽ റൈറ്ററായി ഐടി രംഗത്ത് ജോലി ചെയ്യുന്നു. കർണ്ണാടകസംഗീതത്തിൽ പരിജ്ഞാനം നേടുകയും പിന്നീട് ഹിന്ദുസ്ഥാനിയുൾപ്പടെ വിവിധ സംഗീതമേഖലകളിൽ പരീക്ഷണം നടത്തിയ വീത് രാഗ് സംഗീത സംവിധായകൻ ബെനറ്റുമൊത്ത് ബെന്നറ്റ് -വീത്‌രാഗ് എന്ന പേരിലാണ് പാട്ടുകൾ പുറത്തിറക്കിയത്. കോഴിക്കോട് സർവ്വകലാശാലാ യുവജനോത്സവവേദികളിൽ വച്ചാണ് ഇത്തരമൊരു സംഗീതകൂട്ടുകെട്ടുണ്ടാവുന്നത്.തന്ത്രിവാദ്യ ഇനത്തിൽ മാൻഡലിൻ വായനയുമായി വീത്‌രാഗ് സ്റ്റേജിലെത്തുന്നതിനു തൊട്ടുപിറകേ ഗിറ്റാറുമായി ബെന്നറ്റുമെത്തിയിരുന്നു.

വിശ്വനാഥൻ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് സിലബസ്” എന്ന ചിത്രത്തിനു വേണ്ടിയാണ് ഇവർ ആദ്യമായി സംഗീതമൊരുക്കുന്നത്. അക്കാലത്ത് ഹിറ്റ് ചാർട്ടുകളിൽ മേൽ‌സ്ഥാനം ഉറപ്പാക്കിയ മെലഡികളായിരുന്നു ഔട്ട് ഓഫ് സിലബസിലെ ഗാനങ്ങൾ. ലളിതമായ സംഗീതത്തിൽ രചനയൊരുക്കിയ “പോയ് വരുവാൻ” എന്ന ഗാനത്തിന് അക്കൊല്ലത്തെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കാൻ പ്രഭാവർമ്മയെ സഹായിച്ചിരുന്നു. പിന്നീട് ജോർജ്ജ് കിത്തുവിന്റെ സൂര്യകിരീടം,വിശ്വനാഥന്റെ തന്നെ “ഡോക്ടർ പേഷ്യന്റ്“ എന്നീച്ചിത്രങ്ങൾക്കും സംഗീതമൊരുക്കി. ചിത്രങ്ങളിൽ ഗാനരംഗങ്ങൾ പൂർണ്ണമായി ചിത്രീകരിച്ചില്ലെങ്കിലും റേഡിയോ സ്റ്റേഷനുകളിലും മറ്റ് സംഗീത പ്രോഗ്രാമുകളിലുമായി വീണ്ടും ഹിറ്റ് ചാർട്ടിലിടം പിടിക്കുകയായിരുന്നു “ഈറൻ നിലാവേ”, ഹരിഹരൻ പാടിയ “മഴഞാനറിഞ്ഞിരുന്നില്ല” എന്നീ ഗാനങ്ങൾ.

കമൽ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങുന്ന ഗദ്ദാമയാണ് ഇവരുടെ നാലാമത്തെ ചിത്രം. ഗദ്ദാമയ്ക്ക് വേണ്ടി തയ്യാറാക്കിയ ദക്ഷിണേന്ത്യൻ രീതിയിലുള്ള “നാട്ടുവഴിയോരത്തെ”, അറബിക് മൂഡുള്ള “വിധുരമീ യാത്ര” ചിത്രത്തിലുടനീളം ഒരു തീം മ്യൂസിക് പോലെ വരുന്ന “അറിയുമോ” എന്നീ പാട്ടുകൾ ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ മനസ്സിലിടം പിടിച്ചിട്ടുണ്ട്.

മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി നിലവിൽ സംഗീതപരിപാടികളും മ്യൂസിക് ബാൻഡുമായിക്കഴിയുകയാണ് ബെന്നറ്റ്. സിനിമകൾ ഒരുമിച്ച് ചെയ്യുന്നുവെങ്കിലും സ്വന്തമായി ആൽബങ്ങൾ തയ്യാറക്കുന്നു. വീത്‌രാഗ് - റഫീക് അഹമ്മദിന്റെ കൂട്ടുകെട്ടിൽ ബാക്‌ദെൻ എന്ന ആൽബം പുറത്തിറക്കി ശ്രദ്ധേയമായിരുന്നു.