അൻവർ അലി

Anwar Ali
Date of Birth: 
Friday, 1 July, 1966
എഴുതിയ ഗാനങ്ങൾ: 70
ആലപിച്ച ഗാനങ്ങൾ: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

കവി,വിവർത്തകൻ,നിരൂപകൻ,എഡിറ്റർ,സിനിമാ-വീഡിയോ എഴുത്തുകാരൻ എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അൻവർ അലി 1966 ജൂലൈ 1ന് തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേ‌ഴ്സിൽ നിന്നും എം.ഫിൽ ബിരുദവും നേടി. 1984 മുതൽ മുൻനിര സാഹിത്യ മാസികകളിലും ആനുകാലികങ്ങളിലും കവിതയും കവിതാപഠനങ്ങും നിരൂപണങ്ങളും എഴുതി വരുന്ന അൻവറിന്റെ ആദ്യ കവിതാസമാഹാരം “മഴക്കാലം” എന്ന പേരിൽ 1999ൽ പുറത്തിറങ്ങി. കവിതകൾ നിരവധി വിദേശ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. പ്രധാനപ്പെട്ട കൃതികൾ “ആടിയാടി അലഞ്ഞ മരങ്ങളേ” - കവിതകളുടെ സമാഹാരം (2009), "എറ്റേണൽ സ്കൾപ്ചേഴ്സ് "– ഇംഗ്ലീഷ് കവിതാസമാഹാരം(2007),  "ഐ റാപ്പി" – നോവെല്ല (1995) എന്നിവയാണ്.. പ്രമുഖ ജാപ്പനീസ് കൃതിയായ “ടോട്ടോചാൻ- ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡോ” 1994ൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു.

അന്തർദേശീയ ശ്രദ്ധയും പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയ “മാർഗ്ഗം”(2003) എന്ന ചലച്ചിത്രത്തിന് സംവിധായകനുമൊത്ത് തിരക്കഥയൊരുക്കിയിരുന്നു. സ്വതന്ത്രമായി നിരവധി ഡോക്കുമെന്ററികൾ പുറത്തിറക്കിയിട്ടുണ്ട്. ദൂരദർശനു വേണ്ടീ "മലയാള സിനിമയുടെ ചരിത്രം" എന്ന ഡോക്കുമെന്ററി സീരീസ് നിർമ്മിച്ചു.മലയാള സിനിമയുടെ എഴുപത്തിയഞ്ചാം വാർഷികത്തിന് ചലച്ചിത്ര അക്കാഡമി പുറത്തിറക്കിയ സോഫ്റ്റെയർ സീഡിയുടെ ചീഫ് ഏഡിറ്ററായും പ്രവർത്തിച്ചിരുന്നു. കവിതകൾക്കും ഹ്രസ്വചിത്രങ്ങൾക്കും നിരവധി ദേശീയ-അന്തർദ്ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ അൻവറിന് "മാർഗ്ഗം" എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 2003ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭ്യമായിരുന്നു.

വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്.

ജീവിതപങ്കാളി - അമ്പിളി എന്ന നജ്മുൽ ഷാഹി 

പിതാവ്:എ. അബ്ദുൾ ജലീൽ. മാതാവ്:എം.അൻസാർബീഗം. ഇപ്പോൾ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ ജീവനക്കാരനാണ്‌.