ആൻഡ്രിയ ജെറമിയ

Andrea Jeremiah
Date of Birth: 
Saturday, 21 December, 1985
ആലപിച്ച ഗാനങ്ങൾ: 2

1985 ഡിസംബർ 21 -ന് ചെന്നൈയിലെ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ ജനിച്ചു. ആൻഡ്രിയയുടെ അച്ഛൻ ചെന്നൈ ഹൈക്കോടതിയിൽ വക്കീലായിരുന്നു. നാഷണൽ പബ്ലിക്ക് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുശേഷം ആൻഡ്രിയ വുമൺസ് കൃസ്ത്യൻ കോളേജിൽ നിന്നും ബിരുദം നേടി. പത്താംവയസ്സുമുതൽ ആൻഡ്രിയ പിയാനോ പഠനം തുടങ്ങിയിരുന്നു. യങ്ങ് സ്റ്റാർസ് എന്ന Jackson Five-style ട്രൂപ്പിൽ അംഗമായത് ആൻഡ്രിയയുടെ സംഗീത മേഖലയിലെ ഉയർച്ചയ്ക്ക് വലിയ സഹായകമായിത്തീർന്നു. കോളേജ് പഠനകാലത്ത് നാടകാഭിനയ രംഗത്ത് ആൻഡ്രിയ സജീവമായിരുന്നു. The Madras Players, EVAM എന്നിവർ സംഘടിപ്പിച്ചിരുന്ന നിരവധി നാടകങ്ങളിൽ അവർ അഭിനേത്രിയായിരുന്നു. കലകളേയും കലാകാരരേയും പ്രോത്സാഹിപ്പിയ്ക്കുന്നതിനുള്ള The Show Must Go On (TSMGO Productions) എന്ന കമ്പനി ആൻഡ്രിയ രൂപീകരിച്ചു. ഗിരീഷ് കർണ്ണാടിന്റെ Nagamandala യിലൂടെയാണ് ആൻഡ്രിയ നാടക രംഗത്ത് പ്രൊഫഷണലായി തുടക്കം കുറിയ്ക്കുന്നത്.

അഭിനേത്രിയായും ഗായികയായും ആൻഡ്രിയ രാജ്യത്തെ നിരവധി വേദികളിൽ തിളങ്ങി. ഗൗതം മേനോൻ സംവിധാനം ചെയ്ത വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് ആൻഡ്രിയ ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന്  2007 -ൽ ഗൗതം മേനോന്റെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ നായികയായി. 2012 -ൽ ഫഹ്ദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് ആൻഡ്രിയ മലയാളത്തിലെത്തുന്നത്. തുടർന്ന് ലണ്ടൻ ബ്രിഡ്ജ്,  ലോഹം, തോപ്പിൽ ജോപ്പൻ, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിശ്വരൂപം 2 ഉൾപ്പെടെ മുപ്പതോളം തമിഴ് സിനിമകളിലും മൂന്ന് തെലുങ്കു, രണ്ട് ഹിന്ദി സിനിമകളിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലെ നായികമാർക്ക് ശബ്ദം കൊടുത്ത് ഡബ്ബിംഗ് മേഖലയിലും, പ്രശസ്തരായ സംഗീത സംവിധായകരുടെ നിരവധി ഹിറ്റ് ഗാനങ്ങൾ പാടി പിന്നണിഗായിക എന്ന നിലയിലും  ആൻഡ്രിയ ജെർമിയ തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.