ജോണി ആന്റണി

Johny Antony

മലയാള ചലച്ചിത്ര സംവിധായകൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ആന്റണിയുടെയും ലിഡിയയുടെയും മകനായി ജനിച്ചു.  1991-ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. പതിനൊന്ന് സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു.  ജോസ് തോമസ്, താഹ, കെ കെ ഹരിദാസ്, അശ്വതി ഗോപിനാഥ് എന്നിവരുടെയെല്ലാം കൂടെ പ്രവർത്തിച്ചു. 

ദിലീപ് നായകനായ സി ഐ ഡി മൂസ- യിലൂടെ 2003-ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. മൂസ വൻ സാമ്പത്തികവിജയം നേടി. തുടർന്ന് ജോണി ആന്റണി - ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്പെക്ടർ ഗരുഡ് എന്നീ സിനിമകളും സാമ്പത്തിക വിജയം നേടി. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണീ സംവിധാനം ചെയ്ത തുറുപ്പുഗുലാൻ - വിജയ ചിത്രമായിരുന്നു. പത്ത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ശിക്കാരി ശംഭു എന്ന സിനിമയിലൂടെ ജോണി ആന്റണി അഭിനയരംഗത്തേയ്ക്കും പ്രവേശിച്ചു.  പന്ത്രണ്ടോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജോണി ആന്റണിയുടെ ഭാര്യ ഷൈനി. മക്കൾ അശ്വതി, ലക്ഷ്മി.