എം പത്മകുമാർ

M Padmakumar

മലയാള ചലച്ചിത്ര സംവിധായകൻ. 1986-ൽ ജെ ശശികുമാർ സംവിധാനം ചെയ്ത എന്റെ എന്റേതു മാത്രം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് എം പത്മകുമാറിന്റെ തുടക്കം. തുടർന്ന് ഹരിഹരന്റെ ആരണ്യകം, ഒരു വടക്കൻ വീരഗാഥ, ഐ വി ശശിയുടെ നീലഗിരി, ദേവാസുരം എന്നിവയുൾപ്പെടെ പന്ത്രണ്ട് സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു. 1995-ൽ ജോമോൻ സംവിധാനം ചെയ്ത കർമ്മ എന്ന ചിത്രത്തിലൂടെ പത്മകുമാർ അസോസിയേറ്റ് സംവിധായകനായി. ആറാം തമ്പുരാൻ, വല്യേട്ടൻ, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം.. എന്നിവയുൾപ്പെടെ പതിനഞ്ച് സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു.

1994- ൽ മൂന്നാം ലോക പട്ടാളം എന്ന സിനിമയിലൂടെയാണ് എം പത്മകുമാർ സ്വതന്ത്ര സംവിധായകനാകുന്നത്. 2003-ൽ അമ്മക്കിളിക്കൂട്` എന്ന സിനിമ സംവിധാനം ചെയ്തതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ഇരുപതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന സിനിമയിലൂടെ 2006-ലെ മികച്ച നടനുള്ള സംസ്ഥന ചലച്ചിത്ര പുരസ്ക്കാരം പൃഥിരാജിനു ലഭിച്ചു. 2018-ൽ പത്മകുമാറിന്റെ ജോസഫ് എന്ന സിനിമയിലൂടെ ജോജുജോർജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹനായി. 2019-ൽ മമ്മൂട്ടിയെ നായകനാക്കി ബിഗ്ബജറ്റ് ചിത്രമായ മാമാങ്കം സംവിധാനം ചെയ്തു.