ദീദി ദാമോദരൻ
തിരക്കഥാകൃത്ത്. 1969 ഓഗസ്റ്റിൽ പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്റെയും പുഷ്പയുടെയും മകളായി കോഴീക്കോട് ജനിച്ചു. എൺപതുകളുടെ മധ്യത്തിൽ കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണ വേള മുതൽ അതിന്റെ ഭാഗമാണ് ദീദി ദാമോദരൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റിലെ എം.ഫിൽ പഠനത്തിന് ശേഷം ഫിലീം സ്റ്റഡീസിൽ പി.എച്ച്.ഡി.പഠനം നടത്തി വരവെയാണ് സ്വതന്ത്ര തിരക്കഥാ രചനയിലേക്ക് വരുന്നത്. സ്കൂൾ പഠനകാലം മുതൽ അച്ഛൻ തിരക്കഥാകൃത്ത് ടി ദാമോദരൻ മാഷിന്റെ തിരക്കഥകളുടെ പകർത്തെഴുത്തുകാരിയെന്ന നിലക്കാണ് തിരക്കഥാരചനയിൽ പ്രാഥമിക പരിശീലനം നേടുന്നത്. ടി ദാമോദരന്റെ വിശ്രുത സിനിമകളായ ഈ നാട്, ഇന്നല്ലെങ്കിൽ നാളെ,1921, കാലാപാനി എന്നിവ ഇതിൽ ഉൾപ്പെടും.
ജയരാജ് സംവിധാനം ചെയ്ത ഗുൽമോഹർ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവുമെഴുതിക്കൊണ്ടാണ് ദീദി ദാമോദരൻ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തിരക്കഥയുടെ ശക്തി തെളിയിച്ച ചിത്രമെന്ന ജൂറിയുടെ പ്രത്യേക പരാമർശത്തോടെ 'ഗുൽമോഹർ ' 2008 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ 10 സംവിധായകർ ഒരുമിപ്പിച്ച ഒരുക്കിയ 'കേരള കഫേ' യിൽ രേവതി സംവിധാനം ചെയ്ത മകൾ 2011 ൽ ജയരാജ് സംവിധാനം ചെയ്ത നായിക എന്നീ സിനിമകൾക്ക് തിരക്കഥകളൊരുക്കി. ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജോൺ- എന്ന സിനിമയ്ക്കുവേണ്ടി ദീദി തിരക്കഥ രചിച്ചു.
ചലച്ചിത്രനടി സീമയുമായി ദീദി നടത്തിയ സംഭാഷണങ്ങൾ "വിശുദ്ധ ശാന്തി - സീമയുടെ ജീവിതവും സിനിമയും" എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി. ദീദി ദാമോദരൻ കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലറും, ചലച്ചിത്ര പ്രവർത്തകരുടെ സാംസ്കാരിക സംഘടനയായ മാക്ടയുടെ മുൻ എക്സിക്യൂട്ടീവ് അംഗവുമാണ്. മലയാള സിനിമയിൽ ആദ്യമായി രൂപം കൊണ്ട സ്തീകൾക്കായുള്ള കൂട്ടായ്മ ( വുമൺ ഇൻ സിനിമാ കലക്ടീവ് ) യുടെ സ്ഥാപകാംഗവും സജീവ പ്രവർത്തകയുമാണ് ദീദി. കോഴിക്കോട് ഐ.എച്ച്.ആർ.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലീഷ് /ചലച്ചിത്ര പഠനവിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ് ദീദി ദാമോദരൻ.