ലാൽ ജോസ്

Lal Jose-Director

സംവിധായകൻ

മലയാള സിനിമയിൽ,ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലെ ജനപ്രിയ സംവിധായകരിൽ അഗ്രഗണ്യൻ.

കുഞ്ഞുണ്ണിമാഷിന്റെ സ്വദേശമായ വലപ്പാടാണ്(തൃശൂർ ജില്ല) ലാൽ ജോസ് ജനിച്ചത്. ഒറ്റപ്പാലം NSS കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ശേഷം സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറുകയായിരുന്നു.

കമലിന്റെ പ്രാദേശിക വാർത്തകളിലൂടെ സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് പിന്നീട് അദ്ദേഹത്തിന്റെ 16 സിനിമകളിൽ അസിസ്റ്റന്റായിരുന്നു. കൂടാതെ തമ്പി കണ്ണന്താനം (മാന്ത്രികം), ലോഹിതദാസ് (ഭൂതക്കണ്ണാടി), ഹരികുമാർ, കെ കെ ഹരിദാസ്, വിനയൻ, നിസ്സാർ തുടങ്ങിയവരുടെ കീഴിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലെ പേരെടുത്ത സഹ സംവിധായകരിൽ ഒരാളാണ്.

1998ൽ സ്വതന്ത്ര സംവിധായകനായ ലാൽ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂർ കനവ് ആണ്. കേരള കഫേ എന്ന ആന്തോളജി സിനിമയിലെ പുറംകാഴ്ചകൾ എന്ന ലഘുചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. 2012ൽ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ നിർമ്മാണത്തിലേക്കും കൈവെച്ചു.

തന്റെ ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ലോകത്തെ സജീവ സാന്നിദ്ധ്യമാണ് ലാൽ ജോസ്.

വെബ്സൈറ്റ്: http://www.laljosedirector.com/

കൗതുകങ്ങൾ

  • ലാൽ ജോസായി തന്നെ അഭിനയിച്ച ചിത്രമാണ് റോക്ക് ആന്റ് റോൾ
  • അഴകിയ രാവണൻ, ബെസ്റ്റ് ആക്ടർ തുടങ്ങിയ സിനിമകളിൽ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
  • സംവിധായകൻ എന്നതിനോടൊപ്പം അമൃതാ ടിവിയുടേ, സിനിമക്കകത്തും പുറത്തുമുള്ള കാര്യങ്ങളെ/ആളുകളെ പരിചയപ്പെടുത്തുന്ന ‘സിനിമാ കാഴ്ചകൾ’ എന്ന പ്രോഗ്രാമിന്റെ അവതാരകൻ കൂടിയാണ്.
  • ലാൽ ജോസും നടൻ ദിലീപും ആത്മസുഹൃത്തുക്കളാണ്. ഇരുവരും ഒരേസമയത്ത് കമലിന്റെ ശിഷ്യരായിരുന്നു. ദിലീപിനെ ജനപ്രിയ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ലാൽജോസിന്റെ മീശമാധവനുൾപ്പെടെയുള്ള ചിത്രങ്ങളിലൂടെയായിരുന്നു.
  • മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിന്റെ കഥ രചിച്ചു
  • കാവ്യാ മാധവൻ (ചന്ദ്രനുദിക്കുന്ന ദിക്കിൽ), ടെസ്സ (പട്ടാളം), സംവൃതാ സുനിൽ (രസികൻ), മുക്ത (അച്ഛനുറങ്ങാത്ത വീട്), മീരാ നന്ദൻ (മുല്ല), അർച്ചനാ കവി (നീലത്താമര), ആൻ അഗസ്റ്റിൻ(എത്സമ്മ എന്ന ആൺകുട്ടി),  എന്നീ നായികമാരെ മലയാള സിനിമക്ക് നൽകിയത് ലാൽ ജോസിന്റെ സിനിമകളാണ്. കൂടാതെ  ‘അറബിക്കഥ‘ എന്ന സിനിമയിലൂടെ ഴാങ്ങ് ച്യു മിൻ (Zhang Chu Min) എന്ന ചൈനീസ് നടിയേയും, ‘സ്പാനിഷ് മസാല‘ എന്ന ചിത്രത്തിലൂടേ ഡാനിയേല സാക്കേരി (Daniela Zacherl) എന്ന സ്പാനിഷ് നടിയേയും മലയാള സിനിമയിൽ അവതരിപ്പിച്ചു. യുവ നടൻ കൈലാഷിനെ നായകനാക്കിയതും ലാൽജോസിന്റെ ‘നീലത്താമര’ എന്ന ചിത്രമാണ്.

ചിത്രം: രാകേഷ് കോന്നി