ബെന്നി പി നായരമ്പലം

Benny P Nayarambalam

തിരക്കഥാ കൃത്ത്. 1963-ൽ എറണാംകുളം ജില്ലയിലെ നായരമ്പലത്ത് ജനിച്ചു. ട്രീസയും പത്രോസുമായിരുന്നു മാതാപിതാക്കൾ. നായരമ്പലം ഭഗവതിവിലാസം ഹൈസ്ക്കൂളിലും വടക്കന്‍ പരവൂരിലെ കേസരി മെമ്മോറിയല്‍ കോളേജിലുമായിരുന്നു ബെന്നിയുടെ വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ പി ജി കഴിഞ്ഞിട്ടുള്ളയാളാണ് ബെന്നി പി നായരമ്പലം. രാജന്‍ പി ദേവിന്റെ ജൂബിലി തിയേറ്റേര്‍സിന് നാടകമെഴുതിക്കൊണ്ടാണ് ബെന്നി നാടകരചനാരംഗത്തേയ്ക്ക് വന്നത്. തന്റെ പത്തൊൻപതാം വയസ്സിൽ "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി" എന്ന നാടകമെഴുതിക്കൊണ്ടാണ് തുടക്കം. നിരവധി നാടകങ്ങൾ രചിച്ചിട്ടുള്ള ബെന്നി പി നായരമ്പലത്തിന് 1994 ല്‍ നല്ല രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, 1996 ല്‍ ഏറ്റവും നല്ല നാടകത്തിനും ഉള്ള അവാര്‍ഡും ലഭിച്ചു.

1992-ൽ ഫസ്റ്റ്ബെൽ എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ബെന്നി പി നായരമ്പലം സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1993-ൽ കൗശലം എന്ന സിനിമയ്ക്ക് കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ചു. തുടർന്ന് മുപ്പതിലധികം സിനിമകൾ അദ്ദേഹത്തിന്റെ രചനയിൽ പിറന്നു.

ബെന്നി പി നായരമ്പലത്തിന്റെ ഭാര്യയുടെ പേര് ഫുൽജ, രണ്ടു മക്കളാനുള്ളത്, അന്ന ബെൻ, സൂസന്ന ബെൻ. അന്ന ബെൻ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ നായികയായിക്കൊണ്ട് അഭിനയരംഗത്തേയ്ക്കെത്തി.