വിജി തമ്പി

Viji Thambi

മലയാള ചലച്ചിത്ര സംവിധായകൻ. ഏപ്രിൽ 18 എന്നസിനിമയിൽ ബാലചന്ദ്രമേനോന്റെ സംവിധാന സഹായിയായിട്ടായിരുന്നു വിജി തമ്പിയുടെ ചലച്ചിത്രജീവിതം തുടങ്ങുന്നത്. ബാലചന്ദ്രമേനോൻ,കമൽ തുടങ്ങിയ പ്രഗത്ഭ സംവിധായകരുടെ കീഴിൽ പ്രവർത്തിച്ചതിനുശേഷമാണ് വിജി തമ്പി സ്വതന്ത്രസംവിധായകനായത്. 1988 ൽ റിലീസ് ചെയ്ത ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ആയിരുന്നു വിജി തമ്പി സംവിധാനംചെയ്ത ആദ്യചിത്രം. തുടർന്ന് ഇരുപതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. അദ്ധേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ, സത്യമേവജയതേ, തുടങ്ങിയവ. വിജി തമ്പി 90- കളിൽ കുറേ കോമഡിചിത്രങ്ങൾ സംവിധാനംചെയ്യുകയും അവ ഭൂരിഭാഗവും ബോക്സോഫീസ് ഹിറ്റുകളാകുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നാലു സിനിമകൾക്ക് കഥ എഴുതുകയും പതിനഞ്ചിലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. വിജി തമ്പി, അദ്ദേഹം സംവിധാനംചെയ്ത ഭൂരിഭാഗം ചിത്രങ്ങളിലും കാമിയോറോളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ കൂടാതെ നാലു സീരിയലുകളും മൂന്നു ടെലിഫിലിമുകളൂം സംവിധാനം ചെയ്തിട്ടുണ്ട്.

പ്രശസ്തനടൻ ജഗന്നാഥവർമ്മയുടെ മകൾ പ്രിയവർമ്മയാണ് വിജി തമ്പിയുടെ ഭാര്യ. പാർവതി തമ്പി, അഭി തമ്പി എന്നിവർ മക്കളാണ്.