ജഗദീഷ്

Jagadeesh
ആലപിച്ച ഗാനങ്ങൾ: 2
കഥ: 11
സംഭാഷണം: 8
തിരക്കഥ: 8

മലയാളചലച്ചിത്രനടൻ. 1955 ജൂൺ 12 ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിങ്കര താലൂക്കിൽ ചെങ്കൽ എന്ന സ്ഥലത്ത്, സ്കൂൾ അദ്ധ്യാപകനായ കെ പരമേശ്വരൻ നായരുടെയും, പി ഭാസുരാംഗിയമ്മയുടെയും ആറുമക്കളിൽ അഞ്ചാമനായി പി വി ജഗദീഷ് കുമാർ എന്ന ജഗദീഷ് ജനിച്ചു. പ്രാഥമിക വിദ്യാഭാസം നേടിയത് തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിൽ നിന്നായിരുന്നു. അതിനുശേഷം തിരുവനന്തപുരം ഗവൺമെൻറ് ആർട്ട്സ് കോളേജിൽ നിന്ന് കോമേഴ്സിൽ ബിരുദവും,തുടർന്ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരളാ യൂണിവേഴ്‌സിറ്റിയിൽ തന്നെ ഒന്നാം റാങ്കോടെ കോമേഴ്സിൽ  മാസ്റ്റർ ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസത്തിനുശേഷം കാനറാബാങ്കിൽ ജോലിയ്ക്കു കയറിയ ജഗദീഷ്, പിന്നീട് അതിൽ നിന്നു മാറി തിരുവനന്തപുരം എം ജി കോളേജിൽ ലക്ചററായി ജോലിചെയ്തു. 

കോളേജ് അദ്ധ്യാപകനായി ജോലിചെയ്യുമ്പോളും ജഗദീഷിന്റെ ആഗ്രഹവും ലക്ഷ്യവും ഒരു സിനിമാനടനാവുക എന്നതായിരുന്നു. അദ്ധ്യാപനവൃത്തിയോടൊപ്പം തന്നെ അദ്ദേഹം സിനിമാഭിനയവും തുടങ്ങി. 1984ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്. ജഗദീഷ്  തന്നെ കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന് മലയാളസിനിമയിൽ ഒരു സ്ഥാനം നേടിക്കൊടുത്തു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. അദ്ധ്യാപന ജോലിയിൽ നിന്ന് അദ്ദേഹം ദീർഘകാല അവധിയെടുത്ത് സിനിമയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കോമഡി വേഷങ്ങളായിരുന്നു ജഗദീഷ് കൂടുതൽ ചെയ്തത്. നായകന്റെ കൂട്ടുകാരനായും, സഹനായകനായും, നായകനായും എല്ലാം ജഗദീഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. വന്ദനം, ഇൻ ഹരിഹർ നഗർ,ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലെഅഭിനയം ജഗദീഷിനെ ജനപ്രിയനാക്കി. തൊണ്ണൂറുകളിലെ ലോ ബജറ്റ് ചിത്രങ്ങളിലെ പതിവ് നായകനായിരുന്നു ജഗദീഷ്. ഏതാണ്ട് മുപ്പതോളം ചിലവുകുറഞ്ഞ സിനിമകളിൽ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. മുകേഷ്,സിദ്ദിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി,മോഹൻലാൽ എന്നിവരോടൊപ്പം സഹനായകനായും ജഗദീഷ് ധാരാളം വിജയചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിൽ മാത്രമല്ല കഥ,തിരക്കഥ,സംഭാഷണം എന്നീ മേഖലകളിലും കഴിവു തെളിയിച്ചയാളാണ് ജഗദീഷ്. 12 സിനിമകൾക്ക് കഥ എഴുതുകയും,8 സിനിമകൾക്ക് തിരക്കഥ,സംഭാഷണം എന്നിവ രചിയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമകൾ കുറഞ്ഞപ്പോൾ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും,സ്റ്റേജ് ഷോകളിൽ അവതാരകനായും ജഗദീഷ് ലൈംലൈറ്റിൽത്തന്നെ ഇപ്പോഴും നിൽക്കുന്നു.

ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് പ്രൊഫസ്സറാണ്. അവർക്ക് രണ്ടുപെൺകുട്ടികളാണ് ഉള്ളത്.