ചിത്രം
വിദേശത്തുള്ള അച്ഛൻ്റെ എതിർപ്പിനെ അവഗണിച്ച് കല്യാണി തൻ്റെ കാമുകനായ രവിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. എന്നാൽ, സ്വത്തുക്കൾ ഒന്നും കല്യാണിക്ക് ലഭിക്കില്ല എന്ന് മനസിലാക്കിയ രവി വിവാഹത്തിൽ നിന്ന് പിന്മാറുന്നു. അതിനിടെ, മനസു മാറിയ കല്യാണിയുടെ അച്ഛൻ രാമചന്ദ്രമേനോൻ രണ്ടാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലേക്ക് വരുന്നു. മകൾക്കും മരുമകനും ഒപ്പം അവധിക്കാലം ആഘോഷിക്കാനാണ് മേനോൻ്റെ വരവ്. തത്ക്കാലം അദ്ദേഹത്തെ വിവരങ്ങൾ അറിയിച്ച് വിഷമിപ്പിക്കേണ്ട എന്ന ഉദ്ദേശത്തിൽ, രണ്ടാഴ്ചയ്ക്ക് ഭർത്താവായി അഭിനയിക്കാൻ വിഷ്ണു എന്നയാളെ വാടകക്കെടുക്കുന്നു. കല്യാണയും വിഷ്ണുവും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലേക്ക് വളരുന്നു.
Actors & Characters
Actors | Character |
---|---|
കല്ല്യാണി | |
കൈമൾ | |
ഭാസ്ക്കരൻ നമ്പ്യാർ | |
വിഷ്ണു | |
മുരുകൻ | |
രവി | |
രേവതി | |
Main Crew
കഥ സംഗ്രഹം
രാമചന്ദ്രമേനോൻ എന്ന ധനികനായ വിദേശ മലയാളിയുടെ മകളാണ് കല്യാണി. അച്ഛൻ വിദേശത്താണെങ്കിലും കല്യാണി വളർന്നതെല്ലാം മേനോൻ്റെ സുഹൃത്ത് പുരുഷോത്തമ കൈമളിനൊപ്പം മദ്രാസിലാണ്. അച്ചൻ്റെ എതിർപ്പിനെ അവഗണിച്ച് കല്ല്യാണി തൻ്റെ കാമുകൻ രവിയെ വിവാഹം ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ, പിതാവിൻ്റെ സ്വത്തുക്കളൊന്നും കല്യാണിക്ക് ലഭിക്കില്ല എന്ന് മനസിലാക്കുന്ന രവി വിവാഹത്തിൽ നിന്ന് പിന്മാറുന്നു. അതിനിടെ, മനസു മാറുന്ന മേനോൻ വിവാഹത്തിന് സമ്മതിക്കുകയും തൻ്റെ രണ്ടാഴ്ചത്തെ അവധിക്കാലം മകൾക്കും മരുമകനുമൊപ്പം തന്റെ എസ്റ്റേറ്റിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. രവി വിവാഹത്തിൽ നിന്ന് പിന്മാറിയ കാര്യം അച്ഛനെ അറിയിച്ചാൽ അസുഖക്കാരനായ അദ്ദേഹത്തിനത് വിഷമമുണ്ടാക്കുമെന്ന് കല്യാണി കരുതുന്നു. അതിനാൽ അക്കാര്യം അറിയാതെ സന്തോഷവാനായി അദ്ദേഹം അവധിക്കാലം ചെലവഴിക്കട്ടെ എന്ന് കല്യാണി തീരുമാനിക്കുന്നു. കൂടാതെ, രവിയുമായുള്ള കല്യാണം മുടങ്ങി എന്നറിഞ്ഞാൽ അച്ചൻ തന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചേക്കുമെന്ന ഭയവും അവൾക്കുണ്ട്. ഇക്കാരണങ്ങളാൽ രണ്ടാഴ്ചക്കാലത്തേക്ക് ഭർത്താവായി അഭിനയിക്കാൻ തയ്യാറുള്ള ഒരാളെത്തപ്പി കൈമൾ ഇറങ്ങുന്നു .
വഴിയിൽ വെച്ച് ഒരു വിദേശിയെപ്പറ്റിച്ച് പണം കൈക്കലാക്കാൻ ശ്രമിക്കുന്ന വിഷ്ണുവിനെ കൈമൾ കാണുന്നു. 10,000 രൂപയ്ക്ക് വേണ്ടി എന്തും ചെയ്യാൻ നടക്കുന്ന ഒരാളാണ് വിഷ്ണു എന്ന് കൈമൾ മനസിലാക്കുന്നു. കല്യാണിയുടെ ഭർത്താവായി അഭിനയിച്ചാൽ ടി തുക തരാമെന്ന് അയാൾ വിഷ്ണുവിനോട് ഉറപ്പു പറയുന്നു. അങ്ങനെ വിഷ്ണു അതിന് തയ്യാറാകുന്നു.
നാട്ടിലെത്തുന്ന മേനോനൊപ്പം കല്യാണിയും മരുമകനായി അഭിനയിക്കുന്ന വിഷ്ണുവും എസ്റ്റേറ്റിലേക്ക് പോകുന്നു. എസ്റ്റേറ്റിൻ്റെ ചുറ്റുമുള്ള ഗോത്ര വിഭാഗക്കാർ തങ്ങളുടെ തലവനായാണ് മേനോ മേനോനെ കാണുന്നത്. ഇതിനിടെ എസ്റ്റേറ്റിൻ്റെ നടത്തിപ്പുകാരനും, മേനോൻ്റെ സഹോദരി പുത്രനുമായ ഭാസ്ക്കരൻ, അമ്മാവൻ്റെ സ്വത്തുക്കളെല്ലാം ഇനി തനിക്കാണെന്നും അടുത്ത തലവൻ താനാണെന്നും അവിടെ പ്രചരിപ്പിച്ചിരുന്നു. കല്യാണിയുടെ വിവാഹം അമ്മാവൻ്റെ അംഗീകാരത്തോടെ നടന്നു എന്ന വാർത്ത അയാളുടെ സ്വപ്നങ്ങളെ തകിടം മറിയ്ക്കുന്നു. അതിനാൽ ഈ കല്യാണം തട്ടിപ്പാണെന്ന് തെളിയിക്കാൻ അയാൾ പരമാവധി പരിശ്രമിക്കുന്നു.
ആദ്യം പരസ്പരം വഴക്കടിച്ചിരുന്ന വിഷ്ണുവും കല്യാണിയും പതിയെ പരസ്പരം അടുക്കുന്നു. മേനോനും തൻ്റെ മരുമകനെ വല്ലാതെ ഇഷ്ടമാകുന്നു. അങ്ങനെ സന്തോഷകരമായി ആ അവധിക്കാലം മുന്നോട്ട് പോകുമ്പോഴാണ് വിഷ്ണുവിൻ്റെ ബന്ധുവെന്നവകാശപ്പെട്ടൊരാൾ അവിടെ എത്തുന്നത്. യഥാർത്ഥത്തിൽ അദ്ദേഹം ഒരു ജയിൽ വാർഡനായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട പ്രതിയാണ് വിഷ്ണുവെന്നും , അയാൾ ജയിൽ ചാടിയാണിവിടെ എത്തിയിരിക്കുന്നതെന്നും നമുക്ക് മനസിലാകുന്നു. വിഷ്ണുവിൻ്റെ ഭൂതകാലം അവിടെ അനാവരണം ചെയ്യപ്പെടുകയാണ്.
വിഷ്ണു ഒരു ഫോട്ടോഗ്രാഫറായിരുന്നു. രേവതി എന്ന മൂകയായ പെൺകുട്ടിയെ അയാൾ ഇഷ്ടപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. അവർക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. അതിനിടെ, ഇടയ്ക്കിടയ്ക്ക് ഒരു ചെറുപ്പക്കാരൻ രേവതിയെ കാണാൻ വരുന്നതായി വിഷ്ണു മനസിലാക്കുന്നു. ഇതയാളിൽ സംശയം ജനിപ്പിക്കുന്നു. ഒരു ദിവസം വീട്ടിൽ വരുന്ന വിഷ്ണു ഇയാളെ കാണുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആ സംഘട്ടനത്തിനിടയിൽ രേവതി മരിക്കുന്നു. രേവതിയുടെ നക്സലൈറ്റായ സഹോദരനായിരുന്നു ആ സന്ദർശകൻ എന്ന് വിഷ്ണു പിന്നീടാണ് മനസ്സിലാക്കുന്നത്.
ജയിലിൽ നിന്നും വിഷ്ണു രക്ഷപ്പെടുന്നത് തൻ്റെ കുഞ്ഞിൻ്റെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ്. വിവരങ്ങൾ എല്ലാം മനസിലാക്കുന്ന ജയിൽ സൂപ്രണ്ടിനോട് തന്റെ ജീവനു വേണ്ടി വിഷ്ണു യാചിക്കുന്നു. പക്ഷേ , അദ്ദേഹം നിസ്സഹായനായിരുന്നു. അവധിക്കാലം കഴിഞ്ഞ് തിരിച്ചു പോകാനൊരുങ്ങുന്ന മേനോനെ ഇതൊന്നും അവർ അറിയിക്കുന്നില്ല. അദ്ദേഹം സന്തോഷത്തോടെ തിരിച്ചു പോകട്ടെ എന്നെല്ലാവരും കരുതുന്നു
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|