എം ജി സോമൻ

M G Soman
Date of Birth: 
Sunday, 28 September, 1941
Date of Death: 
Friday, 12 December, 1997
സോമശേഖരൻ നായർ
Somasekharan Nair

കെ എൻ ഗോവിന്ദപ്പണിക്കരുടേയും,  പി കെ ഭവാനിയമ്മയുടേയും മകനായി 1941 സെപ്റ്റംബർ 28ന് തിരുവല്ലയിൽ ജനനം.

തിരുവല്ലയിലെ ബാലിക മഠം ഹയർ സെക്കണ്ടറി സ്‌കൂളിലും, തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലും, ചങ്ങനാശ്ശേരി എസ് ബി കോളേജിലുമായിരുന്നു വിദ്യാഭ്യാസം.

സ്കൂൾ പഠന കാലത്തു  നാടകങ്ങളിൽ അഭിനയിച്ചിരുന്ന സോമൻ പഠനത്തിന് ശേഷം എയർ ഫോയ്‌സിൽ ജോയിൻ ചെയ്തു . 1970 ൽ എയർ ഫോയ്‌സിൽ നിന്നും വിരമിച്ചു നാടകരംഗത്തേക്ക് എത്തിയ സോമശേഖരൻ നായർ അക്കാലത്തെ നാടക പ്രമുഖരായ കൊട്ടാരക്കര ശ്രീധരൻ നായരുടെ ജയശ്രീ നാടക സംഘത്തിലും , കായംകുളം കേരള ആർട്സ് തീയ്യറിലുമായി  നാടക രംഗത്ത് സജീവമായി നിന്നു.
അങ്ങനെ 1973-ൽ മലയാറ്റൂർ രാമകൃഷ്ണന്റെ  രചനയിൽ  'ഗായത്രി'  എന്ന സിനിമയിലേക്ക്  കഥാപാത്രങ്ങളെ തേടുന്നതിനിടയിൽ കേരള ആർട്സ് തീയ്യറ്ററിന്റെ രാമരാജ്യം എന്ന നാടകം വീക്ഷിച്ച മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ കൃഷ്ണ വേണി 'ഗായത്രി' യിലെ ദിനേശ് എന്ന കഥാപാത്രമായി സോമശേഖരൻ നായരെ നിർദ്ദേശിച്ചു.

1973 ൽ  'ഗായത്രി' യിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന സോമൻ 1975-ൽ മികച്ച സഹ നടനുള്ള അവാർഡും (ചുവന്ന സന്ധ്യകൾ & സ്വപ്നാടനം ), തുടർന്ന് 1976 ൽ മികച്ച നടനുള്ള അവാർഡും (തണൽ & പല്ലവി ) കരസ്ഥമാക്കി. ഒരു വർഷത്തിൽ (1977-ൽ) ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച (47 ചിത്രങ്ങൾ) നടൻ എന്ന നേട്ടവും സോമൻ സ്വന്തമാക്കി.

1980 ൽ പുറത്തിറങ്ങിയ ഐ വി ശശിയുടെ 'അങ്ങാടി'  എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രമായി സോമനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഐ വി ശശിയും സോമനുമായി അഭിപ്രായ വ്യതാസം വന്നതിനാൽ  ജയനെ ആ കഥാപാത്രം ചെയ്യാനായി നിർദ്ദേശിക്കുകയായിരുന്നു..

തുടർന്ന് ഏഴു വർഷകാലം ഐ വി ശശി ചിത്രങ്ങളിൽ നിന്നും വിട്ടു നിന്ന സോമൻ 1987 ൽ കമൽഹാസൻ  നായകനായ  വൃതം എന്ന ചിത്രത്തിലെ ചാർളി എന്ന കഥാപാത്രമായി വീണ്ടും  ഐ വി ശശി ചിത്രങ്ങളിൽ ഒരുമിച്ചു .

എം ജി ആറിനൊപ്പം 'നാളൈ നമതെ' എന്ന തമിഴ്‌ ചിത്രത്തിലും വേഷമിട്ട സോമൻ ഏതാനും സീരിയലുകളിലും അഭിനയം കാഴ്ച വെച്ചിരുന്നു .

1991 ൽ ഐ വി ശശി സംവിധാനം ചെയ്ത ജയറാം ഉർവ്വശ്ശി ചിത്രം ' ഭൂമിക 'എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവുമായി.

താര സംഘടനയായ അമ്മയുടെ ആദ്യ കാല പ്രസിഡണ്ടായും,കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും സേവനമനുഷ്ഠിച്ച സോമൻ 1997-ൽ തൻറെ  371-മത്  ചിത്രമായ 'ലേലം'  എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന അവസാന കഥാപാത്രവും അനശ്വരമാക്കി ഡിസംബർ 12 നു മഞ്ഞപ്പിത്തത്തെ തുടർന്ന് എറണാകുളം പി വി എസ് ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു .

ഭാര്യ : സുജാത, മക്കൾ : സജി സോമൻ & സിന്ധു സോമൻ. മകൻ സജി സോമൻ സിനിമകളിൽ സാന്നിദ്ധ്യമറിയിച്ചു വരുന്നു  

ചിത്രത്തിനു കടപ്പാട്:-ഓൾഡ്മലയാളംസിനിമ.